വനിതാ പ്രീമിയര്‍ ലീഗ് ഇന്നു മുതല്‍; ഉദ്ഘാടനപ്പോരില്‍ മുംബൈ ഗുജറാത്തിനെതിരേ

വനിതാ പ്രീമിയര്‍ ലീഗ് ഇന്നു മുതല്‍; ഉദ്ഘാടനപ്പോരില്‍ മുംബൈ ഗുജറാത്തിനെതിരേ

ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗറാണ് മുംബൈയെ നയിക്കുന്നതെങ്കില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ബെത് മൂണിയുടെ നേതൃത്വത്തിലാണ് ഗുജറാത്ത് ഇറങ്ങുന്നത്.
Updated on
1 min read

വനിതാ ക്രിക്കറ്റില്‍ വന്‍ മാറ്റങ്ങള്‍ക്കു വഴിതുറന്നേക്കാവുന്ന പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന് ഇന്നു തുടക്കം. ഇന്നു രാത്രി 7:30-ന് നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഉദ്ഘാടന മത്സരം.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു, ഡല്‍ഹി ക്യാപിറ്റല്‍സ്, യുപി വാരിയേഴ്‌സ് എന്നിവരാണ് ലീഗില്‍ മാറ്റുരയ്ക്കുന്ന മറ്റു ടീമുകള്‍. ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തിനു പുറമേ ബ്രാബോണ്‍ സ്‌റ്റേഡിയത്തിലും മത്സരങ്ങള്‍ അരങ്ങേറും. മൊത്തം 23 മത്സരങ്ങളാണ് ലീഗ് റൗണ്ടില്‍.

പുരുഷ ഐ.പി.എല്ലിനെ അപേക്ഷിച്ചു ഡബ്ല്യു.പി.എല്ലില്‍ പ്ലേ ഓഫിലേക്ക് മൂന്നു ടീമുകള്‍ക്കു മാത്രമാണ് അവസരം ലഭിക്കുക. പുരുഷ ഐ.പി.എല്ലില്‍ പോയിന്റ് ടേബിളിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് അവസരം ലഭിക്കും.

ആദ്യ രണ്ടു സ്ഥാനക്കാര്‍ ആദ്യ പ്ലേ ഓഫില്‍ ഏറ്റുമുട്ടും.ജയിക്കുന്നവര്‍ ഫൈനലില്‍ കടക്കും. മൂന്നും നാലും സ്ഥാനക്കാര്‍ എലിമിനേറ്ററിലാണ് കൊമ്പുകോര്‍ക്കുന്നത്. അതില്‍ ജയിക്കുന്നവര്‍ രണ്ടാം പ്ലേ ഓഫിലേക്കു മുന്നേറും. അവിടെ ആദ്യ പ്ലേ ഓഫില്‍ തോറ്റവരും എലിമിനേറ്റര്‍ ജയിച്ചവരും തമ്മില്‍ ഏറ്റുമുട്ടും. വിജയികള്‍ കലാശപ്പോരിന് അര്‍ഹത നേടും.

അതേസമയം വനിതാ പ്രീമിയര്‍ ലീഗില്‍ രണ്ട് ലീഗ് മത്സരങ്ങളും ഒരു എലിമിനേറ്ററും ഫൈനലുമാണ് ഉള്ളത്. ടേബിള്‍ ടോപ്പറാകുന്ന ടീം നേരിട്ട് ഫൈനല്‍ കളിക്കുമ്പോള്‍ രണ്ടാം ഫൈനലിസ്റ്റിനെ കണ്ടെത്താന്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മില്‍ എലിമിനേറ്റര്‍ കളിക്കും. ജയിക്കുന്നവര്‍ ഫൈനലില്‍ കടക്കും. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണമാണ് ഈ പ്രത്യേക ഫോര്‍മാറ്റിനു കാരണം.

മുംബൈ ഇന്ത്യന്‍സ് - ഗുജറാത്ത് ജയന്റ്‌സ്

ഇന്നു നടക്കുന്ന ഉദ്ഘാടന മത്സരം ഒരു ഇന്ത്യ-ഓസീസ് പോരാട്ടമാണ്. ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗറാണ് മുംബൈയെ നയിക്കുന്നതെങ്കില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ബെത് മൂണിയുടെ നേതൃത്വത്തിലാണ് ഗുജറാത്ത് ഇറങ്ങുന്നത്.

ഹര്‍മന്‍പ്രീതിനു പുറമേ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ നഥാലി സ്‌കീവര്‍, വെസ്റ്റിന്‍ഡീസ് താരം ഹെയ്‌ലി മാത്യൂസ് എന്നിവരുടെ കരുത്തിലാണ് മുംബൈ പ്രതീക്ഷ വയ്ക്കുന്നത്. അതേസമയം മൂണിക്കൊപ്പം ഇന്ത്യന്‍ ഓള്‍റൗണ്ര്‍ ഹര്‍ലീന്‍ ഡിയോള്‍, ഓസ്‌രേടലിയന്‍ ഓള്‍റൗണ്ടര്‍മാരായ ആഷ്‌ലി ഗാര്‍ഡ്‌നര്‍, അന്നബെല്‍ സതര്‍ലന്‍ഡ് എന്നിവരാണ് ഗുജറാത്തിന്റെ പ്രതീക്ഷകള്‍.

ബാറ്റിങ്ങിനെ തുണയ്ക്കുന്ന ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ ടോസ് കിട്ടുന്നവര്‍ ആദ്യം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. ഇവിടെ നടന്ന ഭൂരിഭാഗം മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചിട്ടുള്ളത്. 160 ആണ് ആദ്യ ഇന്നിങ്‌സിലെ ശരാശരി സ്‌കോര്‍.

logo
The Fourth
www.thefourthnews.in