മലയാളി താരം മിന്നു മണി ഇന്ത്യന്‍ ടീമില്‍
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടി മലയാളി താരം മിന്നു മണി. ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ടീമിലാണ് മിന്നുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് താരം ദേശീയ ടീമില്‍ എത്തുന്നത്. ഇടം കൈ ബാറ്ററും, ഓഫ്സ്പിന്നറുമായ ഈ വയനാടുകാരി ഓൾറൗണ്ടറായാണ് ടീമില്‍ ഇടംപിടിച്ചത്. വിക്കറ്റ് കീപ്പർ ഉമാ ചേത്രി, ഇടം കൈ സ്പിന്നർ റാഷി കനോജിയ, ഓൾറൗണ്ടർമാരായ അനുഷ ബാറെഡ്ഡി, മിന്നു മണി തുടങ്ങിയവരാണ് ടീമിലേയ്ക്കുള്ള പുതുമുഖ താരങ്ങൾ. അതേസമയം ശിഖ പാണ്ഡെ, രാധാ യാദവ്, രാജേശ്വരി ഗെയ്ക്ക്‌വാദ് എന്നിവരെ ഒഴിവാക്കി.
ബംഗ്ലാദേശിനെതിരെ ജൂലൈ 9 മുതൽ ആരംഭിക്കുന്ന ടി20, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ ഇന്നാണ് പ്രഖ്യാപിച്ചത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആറ് മത്സരങ്ങളും മിർപൂരിലെ ഷേർ ഇ ബംഗ്ല നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്ന് ടി20 മത്സരങ്ങൾ ജൂലൈ 9, 11, 13 തീയതികളിലും ഏകദിനങ്ങൾ ജൂലൈ 16, 19, 22 തീയതികളിലും നടക്കും. ഇന്ത്യയിൽ വച്ച് നടക്കാൻ പോകുന്ന 2025 വനിതാ ക്രിക്കറ്റ് ലോകകപ്പിനുള്ള യോഗ്യത നിർണയിക്കുന്നത് ഈ മത്സരങ്ങളിലൂടെയാകും.
ഇന്ത്യയുടെ ട്വന്റി20 ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന (വൈസ് ക്യാപ്റ്റൻ), ദീപ്തി ശർമ, ഷഫാലി വർമ, ജമീമ റോഡ്രിഗ്സ്, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), ഹർലീൻ ഡിയോൾ, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, എസ്. മേഘന, പൂജ വസ്ത്രകാർ, മേഘന സിങ്, അഞ്ജലി സർവാനി, മോണിക്ക പട്ടേൽ, റാഷി കനോജി, അനുഷ ബാറെഡ്ഡി, മിന്നു മണി.
ഇന്ത്യയുടെ ഏകദിന ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന (വൈസ് ക്യാപ്റ്റൻ), ദീപ്തി ശർമ, ഷഫാലി വർമ, ജമീമ റോഡ്രിഗ്സ്, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), ഹർലീൻ ഡിയോൾ, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, പ്രിയ പൂനിയ, പൂജ വസ്ത്രകാർ, മേഘന സിങ്, അഞ്ജലി സർവാനി, മോണിക്ക പട്ടേൽ, റാഷി കനോജിയ, അനുഷ ബാറെഡ്ഡി, സ്നേഹ് റാണ.