മിച്ചലിന് അര്‍ധസെഞ്ചുറി; റാഞ്ചിയില്‍ ഇന്ത്യക്ക് ലക്ഷ്യം 177

മിച്ചലിന് അര്‍ധസെഞ്ചുറി; റാഞ്ചിയില്‍ ഇന്ത്യക്ക് ലക്ഷ്യം 177

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ്‌ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.
Updated on
1 min read

ഇന്ത്യക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ മധ്യനിര താരം ഡാരില്‍ മിച്ചലിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ മികവില്‍ ന്യൂസിലന്‍ഡ് മികച്ച സ്‌കോറിലെത്തി. റാഞ്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അവര്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.

30 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 59 റണ്‍സ് നേടി പുറത്താകാതെ നിന്ന മിച്ചലാണ് കിവീസിന് തകര്‍പ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. മിച്ചലിനു പുറമേ ഓപ്പണര്‍ ഡെവണ്‍ കോണ്‍വെയും അര്‍ധസെഞ്ചുറി നേടി. 35 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 52 റണ്‍സാണ് കോണ്‍വെ അടിച്ചുകൂട്ടിയത്. മറ്റൊരു ഓപ്പണര്‍ ഫിന്‍ അലന്‍ 23 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 35 റണ്‍സ് നേടി മികച്ച സംഭാവന നല്‍കി.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഒന്നാം വിക്കറ്റില്‍ തകര്‍പ്പന്‍ കൂട്ടുകെട്ടുമായാണ് കിവീസ് ഈ തീരുമാനത്തെ വെല്ലുവിളിച്ചത്. ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ചപ്പോള്‍ കിവീസ് സ്‌കോര്‍ കുതിച്ചുകയറി.

ഒന്നാം വിക്കറ്റില്‍ 4.2 ഓവറില്‍ 43 റണ്‍സാണ് അലനും കോണ്‍വെയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ അഞ്ചാം ഓവറിന്റെ രണ്ടാം പന്തില്‍ അലനെ വീഴ്ത്തി വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. അതേ സ്‌കോറില്‍ നാലു പന്തുകള്‍ക്കു ശേഷം മാര്‍ക് ചാപ്മാനെയും(0) വീഴ്ത്തിയ സുന്ദര്‍ കിവീസിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു.

എന്നാല്‍ പിന്നീട് മൂന്നാം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ കൂട്ടുപിടിച്ചു കോണ്‍വെ അവരെ 100 കടത്തി. 60 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച് നല്‍കി ഫിലിപ്‌സ് മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് അവസാനിച്ചത്. പിന്നീട് കോണ്‍വെയ്ക്കു കൂട്ടായി മിച്ചല്‍ എത്തി.

തുടക്കത്തില്‍ കോണ്‍വെയ്ക്കു പിന്തുണ നല്‍കി കളിക്കാനാണ് മിച്ചല്‍ ശ്രമിച്ചത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 36 റണ്‍സ് നേടി. 18-ാം ഓവറില്‍ കോണ്‍വെയെ അര്‍ഷ്ദീപ് സിങ് മടക്കിയതോടെ ആ കൂട്ടുകെട്ടും പൊളിഞ്ഞു. പിന്നാലെ എത്തിയ മൈക്കല്‍ ബ്രേസ്‌വെല്‍(1), നായകന്‍ മിച്ചല്‍ സാന്റ്‌നര്‍(7) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയെങ്കിലും മിച്ചല്‍ പോരാട്ടം നിര്‍ത്തിയില്ല.

അര്‍ഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറില്‍ മൂന്നു സിക്‌സറുകളും ഒരു ഫോറും സഹിതം 27 റണ്‍സ് അടിച്ചുകൂട്ടിയ മിച്ചില്‍ ടീമിനെ 175 കടത്തുകയായിരുന്നു. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ഒരു പന്തുപോലും നേരിടാതെ ഇഷ് സോധിയായിരുന്നു മിച്ചലിന് കൂട്ടായി ക്രീസില്‍.

ഇന്ത്യക്കു വേണ്ടി നാലോവറില്‍ 22 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദറാണ് ബൗളിങ്ങില്‍ തിളങ്ങിയത്. അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ശിവം മാവി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

logo
The Fourth
www.thefourthnews.in