ആഷസ് മൂന്നാം ടെസ്റ്റ്;  മാര്‍ഷ് രക്ഷകനായി, ഓസീസ് 263-ന് പുറത്ത്

ആഷസ് മൂന്നാം ടെസ്റ്റ്; മാര്‍ഷ് രക്ഷകനായി, ഓസീസ് 263-ന് പുറത്ത്

11.4 ഓവര്‍ മാത്രമെറിഞ്ഞ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ മാര്‍ക്ക് വുഡാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്.
Updated on
1 min read

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്കു ബാറ്റിങ് തകര്‍ച്ച. ഇന്നു ലീഡ്‌സില്‍ ആരംഭിച്ച മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അവര്‍ 60.4 ഓവറില്‍ വെറും 263 റണ്‍സിന് പുറത്താകുകയായിരുന്നു. സെഞ്ചുറി നേടിയ മധ്യനിര താരം മിച്ചല്‍ മാര്‍ഷിന്റെ പ്രകടനമാണ് അവരെ വന്‍ തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്.

ഒരു ഘട്ടത്തില്‍ നാലിന്‌ 85 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ചയെ അഭിമുഖീകരിച്ച ഓസീസിനെ മൂന്നാം വിക്കറ്റില്‍ ട്രാവിസ് ഹെഡിനൊപ്പം മാര്‍ഷ് കൂട്ടിച്ചേര്‍ത്ത 155 റണ്‍സാണ് രക്ഷിച്ചത്. എന്നാല്‍ ടീം സ്‌കോര്‍ 240-ല്‍ നില്‍ക്കെ ഈ കൂട്ടുകെട്ട് പൊളിഞ്ഞതോടെ വീണ്ടും ഓസ്‌ട്രേലിയുടെ തകര്‍ച്ച ആരംഭിച്ചു. വെറും 23 റണ്‍സ് എടുക്കുന്നതിനിടെയാണ് അവരുടെ അവസാന ആറു വിക്കറ്റുകള്‍ വീണത്.

ഏകദിന ശൈലിയില്‍ ബാറ്റു വീശിയ മാഷ് 118 പന്തുകളില്‍ നിന്ന് 17 ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 118 റണ്‍സ് നേടി ടോപ്‌സ്‌കോററായി. 74 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 39 റണ്‍സ് നേടിയ ഹെഡാണ് മികച്ച രണ്ടാമത്തെ സ്‌കോര്‍. ഇവര്‍ക്കു പിന്നില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ വഴങ്ങി 23 എക്‌സ്ട്രാ റണ്ണുകളാണ് ഓസ്‌ട്രേലിയന്‍ നിരയിലെ മികച്ച മൂന്നാമത്തെ 'സ്‌കോറര്‍'.

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(4), ഉസ്മാന്‍ ക്വാജ(13), മാര്‍നസ് ലബുഷെയ്ന്‍(21), സ്റ്റീവന്‍ സ്മിത്ത്(22), അലക്‌സ് ക്യാരി(8), മിച്ചല്‍ സ്റ്റാര്‍ക്ക്(2), നായകന്‍ പാറ്റ് കമ്മിന്‍സ്(0) തുടങ്ങിയവര്‍ നിരാശപ്പെടുത്തി. 11.4 ഓവര്‍ മാത്രമെറിഞ്ഞ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ മാര്‍ക്ക് വുഡാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. മൂന്നു വിക്കറ്റുകളുമായി ക്രിസ് വോക്‌സും രണ്ടു വിക്കറ്റുകളുമായി സ്റ്റിയുവര്‍ട്ട് ബ്രോഡും വുഡിന് മികച്ച പിന്തുണ നല്‍കി.

logo
The Fourth
www.thefourthnews.in