കൊളംബോയിലെ മിയാൻ മാജിക്; ലങ്കയെ വിറപ്പിച്ച ഇന്ത്യയുടെ തീയുണ്ട

കൊളംബോയിലെ മിയാൻ മാജിക്; ലങ്കയെ വിറപ്പിച്ച ഇന്ത്യയുടെ തീയുണ്ട

ഇന്ത്യന്‍ പേസ് നിരയുടെ കരുത്തിനെക്കുറിച്ച് ആവര്‍ത്തിച്ച് പറയുമ്പോഴും ബുംറയുടെ നിഴലിൻ കീഴില്‍ മങ്ങിനിന്ന പേരാണ് സിറാജിന്റേത്
Updated on
2 min read

പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ന് മഴപെയ്തില്ല, പകരം ശ്രീലങ്കയെ മുഹമ്മദ് സിറാജ് എന്ന ഇന്ത്യന്‍ കൊടുങ്കാറ്റ് അപ്പാടെ വിഴുങ്ങിക്കളഞ്ഞു. ഏഷ്യാകപ്പില്‍ ഇന്ത്യ കിരീടമുയര്‍ത്തുമ്പോള്‍ ആരാധകര്‍ ഏറ്റവുമധികം വാഴ്ത്തിപ്പാടുന്ന പേര് മുഹമ്മദ് സിറാജിന്റെയായിരിക്കും. ഏഷ്യാകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്‌പെല്ലുകളിലൊന്നായിരുന്നു ഇന്ന് സിറാജ് ശ്രീലങ്കയ്‌ക്കെതിരെ എറിഞ്ഞത്. ഏഴ് ഓവറില്‍ 21 റണ്‍സ് വിട്ടു കൊടുത്ത ആറ് വിക്കറ്റ് നേടി ലങ്കയുടെ നട്ടെല്ലൊടിക്കുകയായിരുന്നു അദ്ദേഹം. വെറും 50 റണ്‍സില്‍ ലങ്കയെ തളച്ചിടാന്‍ പന്തെറിഞ്ഞപ്പോള്‍ നിരവധി റെക്കോര്‍ഡുകളും താരത്തിന്റെ കൂടെപ്പോന്നു. ചെണ്ടയെന്നു വിളിച്ചു പരിഹസിച്ചവരെ മിയാന്‍ മാജിക് വീണ്ടും കണ്ണുതള്ളിച്ചു.

കൊളംബോയിലെ മിയാൻ മാജിക്; ലങ്കയെ വിറപ്പിച്ച ഇന്ത്യയുടെ തീയുണ്ട
ഏഷ്യാകപ്പ്: ലങ്കയെ എറിഞ്ഞുവീഴ്ത്തി; എട്ടാം കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ

ലങ്കന്‍ ടോപ് ഓര്‍ഡറിന്റെ അടിത്തറയിളക്കാന്‍ സിറാജിന് വേണ്ടിവന്നത് ഏതാനും പന്തുകള്‍ മാത്രമാണ്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ താരമെന്ന റെക്കോര്‍ഡ് ഇനി സിറാജിന്റെ പേരിലാണ്. 16 പന്തുകള്‍ക്കുള്ളിലാണ് താരം അഞ്ചുവിക്കറ്റ് വീഴ്ത്തിയത്. 16 പന്തില്‍ വെറും നാല് റണ്‍സ് മാത്രം വഴങ്ങിയായിരുന്നു അദ്ദേഹത്തിന്റെ ഫൈഫര്‍ നേട്ടം. 2003 ല്‍ ലങ്കന്‍ ബൗളര്‍ ചാമിന്ദ വാസും 16 പന്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ആദ്യ ഓവറില്‍ കുശാല്‍ പെരേരയെ പുറത്താക്കി ജസ്പ്രീത് ബുംറ തുടങ്ങിവച്ച വിക്കറ്റ് വേട്ട പിന്നീട് സിറാജ് ഏറ്റെടുക്കുകയായിരുന്നു.

രണ്ടാം ഓവര്‍ മെയ്ഡനാക്കിയാണ് സിറാജ് ആരംഭിച്ചത്. എന്നാല്‍ അതൊരു മുന്നറിയിപ്പു മാത്രമായിരുന്നെന്ന് സിറാജ് നാലാം ഓവറില്‍ തെളിയിച്ചുകൊടുത്തു. ആ ഓവറില്‍ പാതും നിസങ്ക, സധീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ എന്നീ വിലപ്പെട്ട വിക്കറ്റുകള്‍ കവര്‍ന്ന് സിറാജ് ലങ്കയെ വിറപ്പിച്ചു. ഏകദിന ക്രിക്കറ്റില്‍ ഒരോവറില്‍ നാല് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സിറാജ് സ്വന്തം പേരിലാക്കി. ആറാം ഓവറില്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനകയായിരുന്നു സിറാജിന്റെ അഞ്ചാമത്തെ ഇര. 12-ാം ഓവറില്‍ കുശാല്‍ മെന്‍ഡിസിന്റെ കുറ്റി തെറുപ്പിച്ചതോടെ സിറാജ് ലങ്കയുടെ അന്തകനായി.

കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് 50 വിക്കറ്റ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സിറാജ് സ്വന്തമാക്കി കഴിഞ്ഞു. 29 മത്സരങ്ങളില്‍ നിന്നാണ് സിറാജിന്റെ നേട്ടം. അതോടൊപ്പം ഏറ്റവും കുറഞ്ഞ പന്തുകള്‍ക്കുള്ളില്‍ 50 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും സിറാജ് കൊളംബോയില്‍ കുറിച്ചു. 1002 പന്തുകളിലാണ് സിറാജ് 50 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്.

കുറച്ചുനാള്‍ മുന്‍പുവരെ തല്ലുകൊള്ളിയെന്ന പേരുകേട്ടിരുന്ന താരമായിരുന്നു സിറാജ്

ഇന്ത്യന്‍ പേസ് നിരയുടെ കരുത്തിനെക്കുറിച്ച് ആവര്‍ത്തിച്ച് പറയുമ്പോഴും ബുംറയുടെ നിഴലിനുള്ളില്‍ മങ്ങിനിന്ന പേരാണ് സിറാജിന്റേത്. ഇന്ന് ഇന്ത്യ ഫൈനലില്‍ കളിക്കാനിറങ്ങുന്നത് വരെ എല്ലാ കണ്ണുകളും ഉറ്റുനോക്കിയത് ബുംറയിലേക്കാണ്. എന്നാല്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ എതിരാളികളെ നിഷ്പ്രഭരാക്കുന്ന പ്രകടനം നടത്തിയ സിറാജ് തന്നെയായിരുന്നു ഇന്ത്യയുടെ ഇന്നത്തെ തുറുപ്പുചീട്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് സിറാജ് കാഴ്ചവയ്ക്കുന്നത്. കുറച്ചുനാള്‍ മുന്‍പുവരെ തല്ലുകൊള്ളിയെന്ന പേരുകേട്ടിരുന്ന താരമായിരുന്നു സിറാജ്. ന്യൂബോളിലും ഡെത്ത് ഓവറിലും വലിയ മികവ് പുലര്‍ത്താതിരുന്ന താരത്തിന് തുടക്കത്തില്‍ ഒരുപാട് പരിഹാസങ്ങളും ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് ഏത് ലോകോത്തര ബാറ്റര്‍മാരെയും എറിഞ്ഞിടാനുള്ള തന്ത്രം സിറാജിന്റെ കൈവശമുണ്ട്.

ലങ്കയ്‌ക്കെതിരെ കൊളംബോയില്‍ സിറാജിന്റെ പ്രഹരം ഓരോ തവണ വീഴുമ്പോഴും അതിന്റെ ക്രെഡിറ്റ് വിരാട് കോഹ്‌ലിയിലേക്കു കൂടിയാണ് പോകുന്നത്. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സാണ് സിറാജിന്റെ ബൗളിങ് മികവിനെ പുറത്തെടുത്തതെന്ന് വേണമെങ്കില്‍ പറയാം. നിര്‍ണായക ഓവറുകളില്‍ പോലും റണ്‍സ് വിട്ടുകൊടുത്തിരുന്ന സിറാജിനെ ചെണ്ടയായാണ് ക്രിക്കറ്റ് ലോകം വിലയിരുത്തിയത്. ക്രിക്കറ്റ് മതിയാക്കി അച്ഛനെപ്പോലെ ഓട്ടോ ഓടിക്കാന്‍ പോകൂ എന്നായിരുന്നു ചിലരുടെ പരിഹാസം. അത്തരമൊരു ബൗളറെ കളിപ്പിച്ചതിന് കോഹ്‌ലിയും ഒരുപാട് തവണ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. ആ വിമര്‍ശനങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ സിറാജിന് വലിയ പിന്തുണകൊടുക്കാന്‍ കോഹ്‌ലിക്കും ആര്‍സിബിക്കും കഴിഞ്ഞു. ഒരു നനഞ്ഞ പടക്കത്തെ ഇത്രയും അപകടകരമായ ആറ്റംബോംബാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചു.

ഇന്ന് ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് നേടിക്കൊടുക്കാന്‍ പോലും കഴിവുള്ള താരമായി സിറാജ് ഉയര്‍ന്നിരിക്കുന്നു

തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തന്റെയുള്ളിലെ ബൗളറെ വളര്‍ത്തിയെടുക്കുകയായിരുന്നു സിറാജ്. സമീപകാല പ്രകടനങ്ങളില്‍ സിറാജിന്റെ ഉയര്‍ച്ച പ്രകടമാണ്. പരിചയസമ്പന്നനായ മുഹമ്മദ് ഷമിയെ പോലും കരയ്ക്കിരുത്തി ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാനും പേസ് കുന്തമുന ബുംറയെ മറികടന്ന് ബൗളിങ്ങിന് ചുക്കാന്‍ പിടിക്കാനും സിറാജിന് സാധിച്ചു. ഇന്ന് ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് നേടിക്കൊടുക്കാന്‍ പോലും കഴിവുള്ള താരമായി സിറാജ് ഉയര്‍ന്നിരിക്കുന്നു. വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും ഇന്ത്യയുടെ പേസ് നിരയെ നയിക്കാന്‍ സിറാജുണ്ടാകും. ഇതേ ഫോം നിലനിര്‍ത്താനായാല്‍ ഏത് വമ്പന്മാരെയും വിറപ്പിക്കാന്‍ സിറാജിന് ആകുമെന്ന കാര്യത്തില്‍ സംശയമില്ല.

logo
The Fourth
www.thefourthnews.in