'ലോകകപ്പില്‍ ഷമി മിന്നിയത് പരുക്കിന്റെ വേദന കടിച്ചമര്‍ത്തി!' ആരാധകരെ അമ്പരപ്പിച്ച് പുതിയ വെളിപ്പെടുത്തല്‍
2023 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്‌ക്കായി അത്യുഗ്രൻ പ്രകടനം കാഴ്ചവെച്ച വലംകൈയ്യൻ പേസ് ബൗളർ മുഹമ്മദ് ഷമി, ടൂർണമെന്റിൽ പരുക്കിന്റെ പിടിയിലായിരുന്നു എന്ന് റിപ്പോർട്ടുകൾ. ഏഴ് മത്സരങ്ങളിൽ നിന്നായി 24 വിക്കറ്റുകൾ നേടി ഷമി ടീമിന്റെ ഫൈനൽ പ്രവേശത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. കണങ്കാലിനേറ്റ പരുക്കും വച്ചുകൊണ്ടാണ് ഷമി, തന്റെ മികച്ച ഫോം പുറത്തെടുത്തത് എന്നാണ് നിലവിൽ പുറത്തുവരുന്ന വാർത്തകൾ.
ബൗളിങ് റണ്ണപ്പിനിടെയുള്ള ലാൻഡിങ്ങിൽ താരത്തിന് വേദന അനുഭവപ്പെട്ടിരുന്നതായാണ് പുതിയ വെളിപ്പെടുത്തൽ. ക്രിക്ബസ് പറയുന്നതനുസരിച്ച്, ടൂർണമെന്റിലെ ഒരു കളിക്കിടെ കണങ്കാലിനുണ്ടായ പരുക്ക് ലോകകപ്പിൽ ഉടനീളം താരത്തിന് അനുഭവപ്പെട്ടിരുന്നു. ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയക്കെതിരെ നടന്ന ടി 20 സീരിസിൽ ഷമിക്ക് വിശ്രമവും അനുവദിച്ചിരുന്നു. ലോകകപ്പിൽ ആദ്യ നാല് കളികൾ പുറത്തിരുന്ന ശേഷമായിരുന്നു ഷമി ടൂർണമെന്റിലേക്ക് മടങ്ങിവന്നത്.
കഴിഞ്ഞ വർഷത്തെ ലോകകപ്പിന് ശേഷം ഷമി രാജ്യാന്തര ടി20 ടീമിന്റെ ഭാഗമായിട്ടില്ല. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 എഡിഷൻ 28 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു
മൂന്ന് വീതം ഏകദിന- ടി20-കളും രണ്ട് ടെസ്റ്റുകളും ഉൾപ്പെടുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനെ അടുത്തിടെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. പരമ്പരയിൽ ഷമി ഇടംപിടിച്ചിട്ടുണ്ടെങ്കിലും നിലവിൽ ചികിത്സയിലായതിനാൽ പൂർണ ഫിറ്റ്നസ് ഉണ്ടെങ്കിൽ മാത്രമേ ആദ്യ ഇലവനിൽ ഉണ്ടാകുകയുള്ളൂ എന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷത്തെ ലോകകപ്പിന് ശേഷം ഷമി രാജ്യാന്തര ടി20 ടീമിന്റെ ഭാഗമായിട്ടില്ല. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 എഡിഷൻ 28 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ടി20 ഫോർമാറ്റിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാകും ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ഇറങ്ങുക. അടുത്തിടെ സമാപിച്ച രാജ്യാന്തര ടി20 പരമ്പരയിൽ സൂര്യകുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഓസ്‌ട്രേലിയയ്‌ക്കെതിരെ 4-1 ന് ജയിച്ചിരുന്നു. രണ്ടാമതൊരു അവസരം കൂടി ലഭിച്ച രാഹുൽ ദ്രാവിഡാകും ടീമിന്റെ തന്ത്രം മെനയുക, ഡിസംബർ പത്തിന് ഡർബനിലെ കിങ്‌സ്‌മെഡിലാണ് ആദ്യ പോരാട്ടം.