ഇന്ത്യന്‍ താരങ്ങളില്‍ അന്ധവിശ്വാസം നിലനിന്നിരുന്നു, ധോണി കഴിച്ചിരുന്നത് 'ഖിച്ച്ടി' മാത്രം; വെളിപ്പെടുത്തലുമായി സെവാഗ്
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അന്ധവിശ്വാസങ്ങളെ പിൻതുടരുന്നവരുണ്ടെന്ന വെളിപ്പെടുത്തലുമായി വിരേന്ദ്ര സെവാഗ്. 2011 ലോകകപ്പ് മത്സരത്തിൽ ക്യാപ്റ്റൻ എം എസ് ധോണിയുൾപ്പെടെ ടീമിലെ ഒട്ടുമിക്ക അംഗങ്ങൾക്കും പല തരം അന്ധവിശ്വാസങ്ങളുണ്ടായിരുന്നുവെന്നാണ് സെവാഗ് വ്യക്തമാക്കിയിരിക്കുന്നത്. ലോകകപ്പ് സമയത്ത് ധോണിയും ഇത്തരം അന്ധവിശ്വാസങ്ങൾ പിന്തുടർന്നതായാണ് സെവാഗ് പറയുന്നത്.
ലോകകപ്പ് സമയത്ത് ടീമിന്റെ വിജയത്തിന് വേണ്ടി ധോണി പ്രത്യേക ഭക്ഷണക്രമം പിന്തുടർന്നിരുന്നുവെന്നും അരിയും പയറും കൊണ്ടുണ്ടാക്കിയ 'ഖിച്ച്ടി' എന്ന വിഭവം മാത്രമേ ധോണി കഴിക്കാറുണ്ടായിരുന്നു എന്നുമാണ് സെവാഗ് വെളിപ്പെടുത്തിയിരിക്കുന്നത്.
"ലോകകപ്പ് സമയത്ത് പലര്‍ക്കും പല തരത്തിലുള്ള വിശ്വാസങ്ങൾ ഉണ്ടായിരുന്നു. ധോണി ഒരു ഭക്ഷണം മാത്രമായിരുന്നു കഴിച്ചിരുന്നത്. അരിയും പയറും കൊണ്ടുണ്ടാക്കിയ ഖിച്ച്ടിയാണ് ആ ഭക്ഷണം", സെവാഗ് പറഞ്ഞു.
എന്നാൽ മത്സരത്തിൽ റണ്ണുകൾ നേടാൻ കഴിയാത്തതിൽ ധോണിയ്ക്ക് ബുദ്ധിമുട്ടില്ലായിരുന്നുവെന്നും പകരം ഓരോ കളികളിലും ടീം നേട്ടം കൈവരിക്കുന്നത് ഈ വിശ്വാസം തുടരുന്നത് കൊണ്ടാണെന്ന് അദ്ദേഹം വിശ്വസിച്ചുവെന്നും സെവാഗ് പറഞ്ഞു. ലോകകപ്പ് ടീമിലെ പ്രധാന താരമായിരുന്നു സെവാഗ്. ഒരു സെഞ്ചുറി ഉൾപ്പെടെ 380 റൺസാണ് ലോകകപ്പിൽ സെവാഗ് നേടിയത്. പക്ഷെ ഫൈനലിൽ 275 റൺസ് എന്ന വിജയലക്ഷ്യം പിന്തുടരുമ്പോൾ സെവാഗ് പുറത്തായി.