യുഎസിൽ മുൻ പ്രസിഡന്റ് ട്രംപിനൊപ്പം ഗോൾഫ് കളിച്ച് ധോണി; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ അമേരിക്കൻ സന്ദർശനം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാവുകയാണ്. യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍കാരസും ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവും തമ്മിലുള്ള മത്സരം വീക്ഷിക്കാന്‍ ധോണിയെത്തിതായിരുന്നു ആദ്യ സോഷ്യല്‍ മീഡിയയില്‍ വൈറലായതെങ്കില്‍ ഇപ്പോള്‍ യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ധോണി ഗോൾഫ് കളിച്ച വാർത്തയാണ് തരംഗമാകുന്നത്.
ബെഡ്മിൻസ്റ്റര്‍ ട്രംപ് നാഷനൽ ഗോൾഫ് ക്ലബ്ബിൽ നടന്ന ഒരു കൂടിക്കാഴ്ചയിലാണ് ഇരുവർക്കും ഒരുമിച്ച് കളിക്കാനുളള അവസരം വന്നുചേർന്നത്. ധോണിയെ ഗോൾഫ് കളിക്കുന്നതിനായി ട്രംപ് ക്ഷണിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ക്രിക്കറ്റിൽ മികച്ച താരമാകുന്നതിന് മുൻപ് ഫുട്ബോൾ ഗോൾകീപ്പറായിരുന്ന ധോണിഇതാദ്യമായാണ് ഗോള്‍ഫില്‍ ഒരു കൈ നോക്കുന്നത്.
ദുബായില്‍ ബിസിനസുകാരനായ ഹിതേഷ് സിങ്‍വിയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ധോണിയുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. യുഎസ് യാത്രയിൽ ധോണിക്കൊപ്പം ഹിതേഷ് സിങ്‍വിയുമുണ്ടായിരുന്നു. നേരത്തെ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ അല്‍കാരസ്-സ്വെരേവ് മത്സരം ധോണി കാണുന്ന വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായിരുന്നു.
ഈ വർഷമാദ്യം മുംബൈ ഹോസ്പിറ്റലിൽ നടന്ന ഇടത് കാൽമുട്ടിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം റാഞ്ചിയിലെ ഫാം ഹൗസിൽ ധോണി വിശ്രമത്തിലായിരുന്നു. ഇതിനുപിന്നാലെയാണ് ധോണിയുടെ യുഎസ് യാത്ര. ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണമായ ആരോഗ്യത്തിലേക്ക് മടങ്ങി വരുന്ന താരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 17-ാം സീസണിലും ചെന്നെയുടെ തലപ്പത്ത് ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസൺ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ചാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ചതും ധോണിയായിരുന്നു.
പ്രശസ്ത സ്‌പോർട്‌സ് ഓർത്തോപീഡിക് സർജനും ബിസിസിഐ മെഡിക്കൽ പാനലിന്റെ ഭാഗവും ഋഷഭ് പന്ത് ഉൾപ്പെടെ നിരവധി മുൻനിര ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം കൊടുത്തതുമായ ഡോ ഡിൻഷോ പർദിവാലയാണ് ധോണിയുടെ ഇടതു കാൽമുട്ടിൽ വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ ഐപിഎൽ സീസണിലുടനീളം പരിക്കുമായാണ് ധോണി കളിച്ചിരുന്നത്.