നജ്‌ല
നജ്‌ല

അഭിമാനം നജ്‌ല; അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ടീമില്‍ ഇടംനേടി മലയാളി താരം

ജനുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഷെഫാലി വര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക
Updated on
1 min read

പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ മലയാളിത്തിളക്കം. മലപ്പുറം സ്വദേശിനിയും ഓള്‍റൗണ്ടറുമായ നജ്‌ല സിഎംഎസ്‌ ആണ് സ്റ്റാന്‍ഡ് ബൈ താരമായി ടീമില്‍ ഇടം പിടിച്ചത്. വലം കൈ ബാറ്ററും, ഓഫ് സ്പിന്നറുമായ നജ്‌ല വയനാട് കെസിഎ വിമണ്‍സ് അക്കാദമിയിലാണ് പരിശീലനം നേടിയത്. ജനുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഷെഫാലി വര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. സീനിയര്‍ താരം റിച്ചാ ഘോഷും ടീമില്‍ ഇടം നേടിയിട്ടുണ്ട്. നജ്‌ലയ്ക്കൊപ്പം യഷശ്രീയും സ്റ്റാന്‍ഡ് ബൈ താരമായി ടീമിലിടം നേടിയിട്ടുണ്ട്.

ലോകകപ്പിന് മുന്നോടിയായി, ഡിസംബര്‍ 27 മുതല്‍ ജനുവരി 4 വരെ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് ടി20 മത്സരങ്ങള്‍ കളിക്കും. ജനുവരി 14നാണ് ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഉദ്ഘാടന മത്സരത്തില്‍, ഗ്രൂപ്പ് ഡിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. സ്‌കോട്‌ലന്‍ഡ്, യുഎഇ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുന്നത്. ആദ്യ റൗണ്ട് മത്സരങ്ങള്‍ക്കുശേഷം ഒരു ഗ്രൂപ്പില്‍നിന്ന് മൂന്ന് ടീമുകളാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറുക. അവരെ ആറ് ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും തുടര്‍ന്നുള്ള മത്സരങ്ങള്‍. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ട് ടീമുകള്‍ സെമിയില്‍ പ്രവേശിക്കും.

ഇന്ത്യന്‍ ടീം: ഷെഫാലി വര്‍മ, ശ്വേത സെഹ്രാവത്, റിച്ചാ ഘോഷ്, ജി തൃഷ്, സൗമ്യ തിവാരി, സോണിയ മെന്ദിയ, ഹേര്‍ലി ഗല, ഹ്രിഷിത ബസു, സോനം യാദവ്, മന്നത് കശ്യപ്, അര്‍ച്ചന ദേവി, പര്‍ഷവി ചോപ്ര, തിദാസ് സദു, ഫലക് നാസ്, ഷബ്‌നം എം ഡി. സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: ശിഖ, നജ്‌ല സിഎംസി, യഷശ്രീ.

logo
The Fourth
www.thefourthnews.in