പേര് സച്ചിന്‍, ശൈലി  ഗില്ലിന്റെത്; പ്രോട്ടിയാസ് തന്ത്രത്തെ പുള്‍ഷോട്ടടിച്ച കൗമാരക്കാരന്‍

പേര് സച്ചിന്‍, ശൈലി ഗില്ലിന്റെത്; പ്രോട്ടിയാസ് തന്ത്രത്തെ പുള്‍ഷോട്ടടിച്ച കൗമാരക്കാരന്‍

മുന്‍നിരയുടെ വീഴ്ച മുന്നില്‍ക്കണ്ടതുകൊണ്ടാകണം വിക്കറ്റിന്റെ സ്വഭാവം മനസിലാക്കാന്‍ സച്ചിന്‍ ധാസ് അല്‍പം സമയമെടുത്തു
Updated on
2 min read

അണ്ടർ 19 ലോകകപ്പ് സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വില്ലോമൂർ പാർക്കിലെ വിക്കറ്റില്‍ നിന്നുള്ള അപ്രതീക്ഷിത ബൗണ്‍സില്‍ ഇന്ത്യന്‍ മുന്‍നിര തകർന്ന് നില്‍ക്കുന്ന സമയം. സ്കോർ ബോർഡില്‍ 32 റണ്‍സ് മാത്രം, നഷ്ടമായത് നാല് വിക്കറ്റ്. ടൂർണമെന്റിലാദ്യമായി ഇന്ത്യന്‍ ബാറ്റിങ് നിര വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു. രക്ഷകന്റെ റോള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു സച്ചിനിലേക്ക്, സച്ചിന്‍ ധാസ്, വലം കൈയന്‍ ബാറ്റർ. ഒപ്പം നായകന്‍ ഉദയ് സഹാറനും.

മുന്‍നിരയുടെ വീഴ്ച മുന്നില്‍ക്കണ്ടതുകൊണ്ടാകണം വിക്കറ്റിന്റെ സ്വഭാവം മനസിലാക്കാന്‍ സച്ചിന്‍ ധാസ് അല്‍പം സമയമെടുത്തു. നാലില്‍ മൂന്ന് വിക്കറ്റും നേടിത്തന്ന ഷോർട്ട് ബോള്‍ തന്ത്രം തന്നെ തുടരുക എന്നതായിരുന്നു പ്രോട്ടിയാസിന്റെ പദ്ധതി. ഉദയും സച്ചിനും കരുതലോടെ തുടങ്ങി, റണ്‍സ് പിറക്കാത്ത നിരവധി ഓവറുകള്‍ക്ക് പിന്നീട് കാണികള്‍ സാക്ഷ്യം വഹിച്ചു. 15 പന്തിനപ്പുറം സച്ചിന്‍ ധാസിന്റെ ബാറ്റുകള്‍ക്ക് ക്ഷമയുണ്ടായിരുന്നില്ല.

പേര് സച്ചിന്‍, ശൈലി  ഗില്ലിന്റെത്; പ്രോട്ടിയാസ് തന്ത്രത്തെ പുള്‍ഷോട്ടടിച്ച കൗമാരക്കാരന്‍
'അത്ഭുത പന്ത്' എറിഞ്ഞു, ചരിത്രം തിരുത്തിയ പ്രകടനങ്ങളും! ബിസിസിഐ 'നോ ബോള്‍' വിളിച്ച കരിയർ

പേരിനൊപ്പം സച്ചിനെന്നുണ്ടെങ്കിലും ശുഭ്മാന്‍ ഗില്ലിന്റെ ശൈലിയാണ് മൈതാനത്ത് പ്രകടമായത്. ദക്ഷിണാഫ്രിക്കന്‍ പേസർമാരുടെ ഷോർട്ട് ബോള്‍ തന്ത്രത്തെ മറികടന്നതും ഗില്ലിന്റെ ട്രേഡ്‌മാർക്ക് ഷോർട്ട് ആം പുള്‍ ഉപയോഗിച്ചായിരുന്നു. ഷോട്ട് കണ്ട് കമന്ററി ബോക്സിലുണ്ടായിരുന്ന ഇയാന്‍ ബിഷപ്പ് സച്ചിനെ ഗില്ലിനോട് ഉപമിക്കുകയും ചെയ്തിരുന്നു.  “No one plays this shot better than Shubman Gill but Sachin Dhas has been imperious as well,” എന്നായിരുന്നു ബിഷപ്പിന്റെ വാക്കുകള്‍.

എന്നാല്‍ ഷോർട്ട് ആം പുള്ളിന് വിലങ്ങിടാന്‍ ഫീല്‍ഡർമാരെ പ്രോട്ടിയാസ് നായകന്‍ യുവാന്‍ ജെയിംസ് വിന്യസിച്ചു. അപ്പോഴാണ് കവർ ഡ്രൈവിലൂട സച്ചിന്‍ ധാസ് റണ്‍സ് കണ്ടെത്താന്‍ തുടങ്ങിയത്. താരത്തിന് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിക്കൊടുത്തതും കവർ ഡ്രൈവായിരുന്നു. രണ്ട് ഫോറുള്‍പ്പടെ 20 റണ്‍സ് കവർ ഡ്രൈവിലൂടെ മാത്രം സച്ചിന്‍ ധാസ് നേടി.

പേര് സച്ചിന്‍, ശൈലി  ഗില്ലിന്റെത്; പ്രോട്ടിയാസ് തന്ത്രത്തെ പുള്‍ഷോട്ടടിച്ച കൗമാരക്കാരന്‍
ലോകനെറുകയില്‍ ബുംറ, ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പേസർ

ഷോർട്ട് ആം പുള്ളിലൂടെയും കവർ ഡ്രൈവിലൂടെയുമാണ് റണ്‍‍സ് പിറന്നതെങ്കിലും സച്ചിന്‍ ധാസിന്റെ ക്ലാസ് മുഴുവന്‍ ആവാഹിച്ചത് റിലെ നോർട്ടണെതിരെ നേടിയ സ്ട്രെയിറ്റ് ഡ്രൈവായിരുന്നു. അത്ര മനോഹരമായിരുന്നു, സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ സ്ട്രെയിറ്റ് ഡ്രൈവിനെ ഓർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു സച്ചിന്റെ സാങ്കേതികമികവ്.

245 റണ്‍സ് വിജയലക്ഷ്യം വെല്ലുവിളിയല്ലെന്ന് തോന്നുമെങ്കിലും റണ്‍മലയ്ക്ക് തുല്യമായിരുന്നു. നായകന്‍ ഉദയ് സഹാറനെയും കൂട്ടപിടിച്ച് അത് മറികടക്കുക എന്ന ശ്രമകരമായ ദൗത്യത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുമ്പോള്‍ ഒരു 19കാരനേക്കാള്‍ പക്വതയുണ്ടായിരുന്നു സച്ചിന്‍ ധാസിന്റെ ഇന്നിങ്സിന്. ഒടുവില്‍ 95 പന്തില്‍ 11 ഫോറും ഒരു സിക്സും ഉള്‍പ്പെടെ സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ സച്ചിന് മടങ്ങേണ്ടി വന്നു.

സൂപ്പർ സിക്സില്‍ നേപ്പാളിനെതിരെ നേടിയ സെഞ്ചുറിയേക്കാള്‍ മൂല്യമുള്ള ഇന്നിങ്സ്. നായകനുമൊത്ത് നേടിയ 171 റണ്‍സ് കൂട്ടുകെട്ട് ഏറെക്കുറെ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു. പക്ഷേ, അവസാന ഓവറുകളില്‍ മത്സരം ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് വരെ എത്തിച്ചെങ്കിലും അപകടങ്ങളില്ലാതെ കലാശപ്പോരിലേക്ക് ചുവടുവെക്കാന്‍ കൗമാരപ്പടയ്ക്ക് കഴിഞ്ഞു.

logo
The Fourth
www.thefourthnews.in