യുഎഇ വഴിമുടക്കി; നമീബിയ ലോകകപ്പില്‍ നിന്ന് പുറത്ത്

യുഎഇ വഴിമുടക്കി; നമീബിയ ലോകകപ്പില്‍ നിന്ന് പുറത്ത്

നിർണായക മത്സരത്തില്‍ യുഎഇയോട് ഏഴ് റണ്‍സിനാണ് നമീബിയ തോറ്റത്
Updated on
2 min read

നിർണായക മത്സരത്തിൽ കാലിടറിയ നമീബിയ ടി20 ലോകകപ്പില്‍ നിന്ന് പുറത്തായി. ശ്രീലങ്കയെ അട്ടിമറിച്ചുകൊണ്ട് ലോകകപ്പ് തുടങ്ങിയ നമീബിയ ജയം അനിവാര്യമായ മത്സരത്തില്‍ യുഎഇയോട് ഏഴ് റണ്‍സിന് തോറ്റു. ആദ്യം ബാറ്റ് ചെയ്ത യുഎഇ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയയ്ക്ക് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 141 എടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ടി20 ലോകകപ്പില്‍ ചരിത്രജയം സ്വന്തമാക്കിയെങ്കിലും യുഎഇയും ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി.

ബേസിൽ ഹമീദും സിപി റിസ്വാനും
ബേസിൽ ഹമീദും സിപി റിസ്വാനും

ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത യുഎഇ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 148 റൺസ് എടുത്തത്. ഓപ്പണർ മുഹമ്മദ് വസീം അർദ്ധ സെഞ്ചുറി നേടി. 41 പന്തിൽ മൂന്ന് സിക്‌സും ഒരു ബൗണ്ടറിയും അടക്കമാണ് വസീം 50 റൺസ് എടുത്തത്. യുഎഇ നായകനും മലയാളിയുമായ സി പി റിസ്വാൻ 29 പന്തിൽ 43 റൺസെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു റിസ്വാന്റെ ഇന്നിങ്‌സ്. രണ്ട് വീതം സിക്‌സും ഫോറും നേടിയ മറ്റൊരു മലയാളി ബേസിൽ ഹമീദായിരുന്നു ക്രീസിൽ റിസ്വാന്റെ കൂട്ട്. പിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും 18 പന്തിൽ 35 റൺസ് ചേർത്തു. ബേസിൽ 14 പന്തിൽ 25 റൺസ് നേടി. ബൗളിങ്ങിലും തിളങ്ങിയ ബേസിൽ മൂന്നോവറില്‍ 17 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും വീഴ്ത്തി.

മുഹമ്മദ് വസീം
മുഹമ്മദ് വസീം

നമീബിയയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. 46 റൺസിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായ അവർ എട്ടാം വിക്കറ്റിൽ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏഴാമതായി ഇറങ്ങി 36 പന്തിൽ 55 റൺസ് നേടിയ മുൻ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് വീസാണ് ടോപ് സ്‌കോറർ. 69ന് 7 എന്ന നിലയിൽ തകർന്ന നമീബിയയെ എട്ടാം വിക്കറ്റിൽ റൂബൻ ട്രംപൽമാനുമായി (25) ചേർന്ന് 70 റൺസ് ചേർത്ത സഖ്യം വിജയ പ്രതീക്ഷ നൽകി. എന്നാൽ രണ്ട് പന്ത് ബാക്കി നിൽക്കെ ഡേവിഡ് വീസിനെ പുറത്താക്കി മുഹമ്മദ് വസീമാണ് യുഎഇ ജയം ഉറപ്പിച്ചത്. നിർണായക വിക്കറ്റ് സ്വന്തമാക്കുകയും അർദ്ധ സെഞ്ചുറി നേടുകയും ചെയ്ത വസീമാണ് കളിയിലെ താരം.

യുഎഇ വഴിമുടക്കി; നമീബിയ ലോകകപ്പില്‍ നിന്ന് പുറത്ത്
ടി20 ലോകകപ്പ്: തുടര്‍ച്ചയായ രണ്ടാം ജയം; ശ്രീലങ്ക സൂപ്പര്‍ 12ല്‍

ഇന്നത്തെ മത്സരം ജയിച്ചിരുന്നെങ്കില്‍ നമീബിയയ്ക്ക് മൂന്ന് കളിയില്‍ നിന്ന് നാല് പോയിന്റ് ആകുമായിരുന്നു. ഇതോടെ പോയിന്റ് നിലയില്‍ നെതര്‍ലന്‍ഡ്‌സിന് ഒപ്പം എത്തുമായിരുന്ന അവര്‍ക്ക് മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സൂപ്പര്‍ 12 ഉറപ്പിക്കാമായിരുന്നു.

അതേസമയം, ടി20 ക്രിക്കറ്റ് ലോകകപ്പിലെ യുഎഇയുടെ ആദ്യ ജയമായിരുന്നു ഇത്. ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് മൂന്ന് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ശ്രീലങ്കയോട് 79 റണ്‍സിനും യുഎഇ പരാജയപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in