ഈ 'നൈറ്റ്' റൈഡേഴ്‌സിന് സ്വന്തം; ചിന്നസ്വാമിയില്‍ റോയല്‍ ജയം, രണ്ടാമത്

ഈ 'നൈറ്റ്' റൈഡേഴ്‌സിന് സ്വന്തം; ചിന്നസ്വാമിയില്‍ റോയല്‍ ജയം, രണ്ടാമത്

ബെംഗളുരു ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നൈറ്റ് റൈഡേഴ്‌സ് 19 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു
Updated on
1 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് സീസണ്‍ 17-ല്‍ തുടര്‍ച്ചയായ രണ്ടാം യവുമായി മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാമത്തെി. ബെംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്നു നടന്ന മത്സരത്തില്‍ ആതിഥേയരായ ബെംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ഏഴു വിക്കറ്റിന്റെ ആധികാരിക ജയമാണ് അവര്‍ നേടിയത്.

ബെംഗളുരു ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നൈറ്റ് റൈഡേഴ്‌സ് 19 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മുന്‍നിര ബാറ്റര്‍മാരുടെ മിന്നും പ്രകടനമാണ് അവര്‍ക്ക് തുണയായത്. ഓപ്പണര്‍മാരായ ഫില്‍ സോള്‍ട്ടും(20 പന്തില്‍ 30, രണ്ടു വീതം ഫോറും സിക്‌സും) സുനില്‍ നരെയ്‌നും(22 പന്തില്‍ 47, രണ്ട് ഫോര്‍, നാല് സിക്‌സ്) മികച്ച തുടക്കമാണ് സമ്മാനിച്ചത്. 6.3 ഓവറില്‍ 83 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.

നരെയ്‌നും പിന്നാലെ സോള്‍ട്ടും മടങ്ങിയെങ്കിലും പിന്നീട് ഒത്തുചേര്‍ന്ന നായകന്‍ ശ്രേയസ് അയ്യരും ഓള്‍റൗണ്ടര്‍ വെങ്കിടേഷ് അയ്യരും ചേര്‍ന്ന് ടീമിനെ ജയത്തിലേക്ക് നയിച്ചു. സ്‌കോര്‍ 167-ല്‍ നില്‍ക്കെ 30 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 50 റണ്‍സ് നേടി വെങ്കിടേ ് മടങ്ങിയെങ്കിലും പിന്നീട് എത്തിയ റിങ്കു സിങ്ങിനെ കൂട്ടുനിര്‍ത്തി ശ്രേയസ് ടീമിനെ വിജയവര കടത്തി. മത്സരം അവസാനിക്കുമ്പോള്‍ 24 പന്തുകളില്‍ നിന്ന് രണ്ടു വീത ഫോറും സിക്‌സും സഹിതം 39 റണ്‍സുമായാണ് ശ്രേയസ് പുറത്താകാതെ നിന്നത്.

നേരത്തെ സ്വന്തം തട്ടകത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയ മുന്‍ നായകന്‍ വിരാട് കോഹ്ലിയായിരുന്നു അവരുടെ ടോപ്‌സ്‌കോറര്‍. 59 പന്തുകളില്‍ നിന്ന് നാലു വീതം ഫോറും സിക്‌സറുകളും സഹിതം 83 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത്. 21 പന്തില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 33 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ മികച്ച പിന്തുണ നല്‍കി.

ഇവര്‍ക്കു പുറമേ 19 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 28 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിനും എട്ടു പന്തില്‍ നിന്ന് മൂന്നു സിക്‌സറുകളോടെ 20 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്കിനും മാത്രമാണ് ബെംഗളുരു നിരയില്‍ രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. നായകന്‍ ഫാഫ് ഡുപ്ലീസിസ്(8), മധ്യനിര താരങ്ങളായ രജത് പാട്ടീദാര്‍(3), അനുജ് റാവത്ത്(3) എന്നിവര്‍ നിരാശപ്പെടുത്തി. നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി ഹര്‍ഷിത് റാണ, ആന്ദ്രെ റസല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടിയപ്പോള്‍ സുനില്‍ നരെയ്‌നാണ് ശേഷിച്ച ഒരു വിക്കറ്റ്.

logo
The Fourth
www.thefourthnews.in