CWC 2023| വീണ്ടും അട്ടിമറി; വീണത് ദക്ഷിണാഫ്രിക്ക, വീഴ്ത്തിയത് നെതര്‍ലന്‍ഡ്‌സ്

CWC 2023| വീണ്ടും അട്ടിമറി; വീണത് ദക്ഷിണാഫ്രിക്ക, വീഴ്ത്തിയത് നെതര്‍ലന്‍ഡ്‌സ്

ബാറ്റിങ്ങില്‍ നിര്‍ണായക 29 റണ്‍സ് നേടുകയും ബൗളിങ്ങില്‍ രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്ത മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം കൂടിയായ റൂലോഫ് വാന്‍ ഡെര്‍ മെര്‍വ് ആണ് നെതര്‍ലന്‍ഡ്‌സിന്റെ ഹീറോ.
Updated on
2 min read

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വീണ്ടും അട്ടിമറി. ഇന്ന് ധരംശാലയില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ 38 റണ്‍സിന് ഞെട്ടിച്ച് നെതര്‍ലന്‍ഡ്‌സ് ആണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. മഴയെത്തുടര്‍ന്ന് 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡച്ചുകാര്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് ആണ് നേടിയത്. 246 എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 207 റണ്‍സിന് പുറത്തായി.

ബാറ്റിങ്ങില്‍ അവസാന ഓവറുകളില്‍ നിര്‍ണായക 29 റണ്‍സ് നേടുകയും ബൗളിങ്ങില്‍ ഒമ്പതോവറില്‍ വെറും 34 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്ത മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം കൂടിയായ റൂലോഫ് വാന്‍ ഡെര്‍ മെര്‍വ് ആണ് നെതര്‍ലന്‍ഡ്‌സിന്റെ ഹീറോ. വാന്‍ഡെര്‍മെര്‍വിനു പുറമേ രണ്ടു വിക്കറ്റ് വീതം ബാസ് ഡി ലീഡ്, പോള്‍ വാന്‍ മീക്രന്‍, ലോഗന്‍ വാന്‍ ബീക്ക് എന്നിവരും നെതര്‍ലന്‍ഡ്‌സ് നിരയില്‍ തിളങ്ങി. കോളിന്‍ അക്കര്‍മാനാണ് ഒരു വിക്കറ്റ്.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 52 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 43 റണ്‍സ് നേടിയ ഡേവിഡ് മില്ലറിനും 37 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 41 റണ്‍സ് നേടിയ വാലറ്റക്കാരന്‍ കേശവ് മഹാരാജിനും മാത്രമേ പൊരുതാനായുള്ളു. ഇവര്‍ക്കു പുറമേ 28 റണ്‍സ് നേടിയ ഹെന്റ്‌റിച്ച് ക്ലാസന്‍,22 റണ്‍സ് നേടിയ ജെറാള്‍ഡ് കോട്‌സെ, 20 റണ്‍സ് നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്, 16 റണ്‍സ് നേടിയ തെംബ ബാവ്മ(16) എന്നിവര്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. റാസി വാന്‍ ഡര്‍ ഡസന്‍(4), എയ്ഡന്‍ മര്‍ക്രം(1) എന്നിവര്‍ നിരാശപ്പെടുത്തി.

CWC 2023| വീണ്ടും അട്ടിമറി; വീണത് ദക്ഷിണാഫ്രിക്ക, വീഴ്ത്തിയത് നെതര്‍ലന്‍ഡ്‌സ്
CWC2023 | വീരചരിതമെഴുതി അഫ്ഗാനിസ്താന്‍; ഇംഗ്ലണ്ട് അടപടലം

ടൂര്‍ണമെന്റില്‍ പരാജയമറിയാതെ മുന്നേറിയ ദക്ഷിണാഫ്രിക്കയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് നെതര്‍ലന്‍ഡ്‌സ് നല്‍കിയത്. ഈ ലോകകപ്പിലെ രണ്ടാം അട്ടിമറിയാണ് ഇത്. നേരത്തെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്താന്‍ അട്ടിമറിച്ചിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ തന്നെ തങ്ങളുടെ മൂന്നാം ജയമാണ് ഇന്ന് ഡച്ച് പട സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

CWC 2023| വീണ്ടും അട്ടിമറി; വീണത് ദക്ഷിണാഫ്രിക്ക, വീഴ്ത്തിയത് നെതര്‍ലന്‍ഡ്‌സ്
CWC2023 | അഫ്ഗാന്‍ അട്ടിമറിയില്‍ വീണ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍

തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം വാലറ്റത്തിന്റെ മികവിലാണ് നെതര്‍ലന്‍ഡ്‌സ് മികച്ച സ്‌കോറിലേക്ക് എത്തിയത്. ഏഴാമനായി ഇറങ്ങിയ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ സ്‌കോട്ട് എഡ്വേര്‍ഡ്‌സിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് അവര്‍ക്ക് കരുത്തായത്. 62 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 78 റണ്‍സ് നേടിയ എഡ്വേര്‍ഡ്‌സ് പുറത്താകാതെ നിന്നു.

മികച്ച ലൈനും ലെങ്തും പാലിക്കാതെ പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരും നെതര്‍ലന്‍ഡ്‌സിനെ സഹായിച്ചു. എഡ്വേര്‍ഡ്‌സിനു പിന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ വഴങ്ങിയ 32 എക്‌സ്ട്രാ റണ്ണുകളാണ് നെതര്‍ലന്‍ഡ്‌സ് ഇന്നിങ്‌സിലെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍. 29 റണ്‍സ് ന്‍േടിയ റൂലോഫ് വാന്‍ഡെര്‍ മെര്‍വ്, 23 റണ്‍സ് നേടിയ ആര്യന്‍ ദത്ത്, 20 റണ്‍സ് നേടിയ തേജ നിദമനരു എന്നിവരാണ് അവരുടെ മറ്റുപ്രധാന സ്‌കോറര്‍മാര്‍.

logo
The Fourth
www.thefourthnews.in