'അന്നംമുടക്കാന്‍' ഇല്ല; ഡച്ച് പടയോട് കീഴടങ്ങി സിംബാബ്‌വെ
ആശ്വാസ ജയവുമായി നെതര്‍ലന്‍ഡ്‌സ് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ നിന്നു പുറത്തേക്കുപോയി. അഡ്‌ലെയ്ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് സിംബാബ്വെയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങിനിറങ്ങിയ സിംബാബ്വെയ്ക്ക് മുഴുവന്‍ വിക്കറ്റും നഷ്ടപ്പെട്ട് 117 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളു. മികച്ച ഫോമില്‍ കളം പിടിച്ച നെതര്‍ലന്‍ഡ് ബൗളേര്‍സ് നിശ്ചിത ഓവര്‍ കഴിയുന്നതിന് മുന്നേ തന്നെ സിംബാബ്വെയെ എറിഞ്ഞിട്ടു. പോള്‍ വാന്‍ മീകരന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്രാന്‍ഡന്‍ ഗ്ലോവര്‍, ലോഗന്‍ വാന്‍ ബീക്ക്, ബാസ് ഡി ലീഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഫ്രെഡ് ക്ലാസെന്‍ ഒരു വിക്കറ്റും നേടി.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തോല്‍വിയറിഞ്ഞ നെതര്‍ലന്‍ഡ്‌സ് സെമിഫൈനലിലേക്ക് കടക്കില്ലെന്ന് നേരത്തെ ഉറപ്പിച്ചതാണ്. സെമിയിലേക്ക് കടക്കാനുള്ള നേരിയ പ്രതീക്ഷ ബാക്കിയുണ്ടായിരുന്ന സിംബാബ്വെയ്ക്ക് ഈ മത്സരം നിര്‍ണായകമായിരുന്നു. ഓപ്പണറായിറങ്ങിയ മാക്‌സ് ഓ ഡൗഡിന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് നെതര്‍ലന്‍ഡ്‌സ് അനായാസം സിംബാബ്വെയെ മറികടന്നത്. 47 പന്തില്‍ 52 റണ്‍സ് നേടിയ മാക്‌സ് ടോം കൂപ്പറുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. 13-ാം ഓവറില്‍ കൂപ്പര്‍ പുറത്തു പോയെങ്കിലും നെതര്‍ലന്‍ഡ്‌സ് അപ്പൊഴേക്ക് ജയത്തോട് അടുത്തിരുന്നു.
സിംബാബ്വെയുടെ തോല്‍വിക്ക് കാരണം ബാറ്റര്‍മാരുടെ മോശം പ്രകടനമാണ്. ഓപ്പണര്‍മാര്‍ വീണുപോയ സിംബാബ്വെയ്ക്ക് ആശ്വാസമായത് സിക്കിന്ദര്‍ റാസയും സീന്‍ വില്യംസും ആയിരുന്നു. മറ്റുള്ള കളിക്കാര്‍ക്ക് ആര്‍ക്കും തന്നെ രണ്ടക്കം കടക്കാനായില്ല. 24 പന്തില്‍ 40 റണ്‍സെടുത്ത് റാസ പ്രതീക്ഷ നല്‍കിയെങ്കിലും ബാസ് ഡി ലീഡിന്റെ പന്തില്‍ ക്ലാസന്റെ കൈയില്‍ കുടുങ്ങി പുറത്ത് പോവേണ്ടി വന്നു. ഇതോടെ ഇരു ടീമുകള്‍ക്കും സെമി സാധ്യത നഷ്ടമായി.