ചരിത്രമെഴുതി ന്യൂസിലൻഡ്; 2012ന് ശേഷം ആദ്യമായി സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര നഷ്ടമായി ഇന്ത്യ

ചരിത്രമെഴുതി ന്യൂസിലൻഡ്; 2012ന് ശേഷം ആദ്യമായി സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര നഷ്ടമായി ഇന്ത്യ

ഇന്ത്യയില്‍ ന്യൂസിലൻഡ് നേടുന്ന ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണിത്
Updated on
2 min read

പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ കൂറ്റൻ വിജയവുമായി ചരിത്രം കുറിച്ച് ന്യൂസിലൻഡ്. 113 റണ്‍സിനാണ് കിവീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 359 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 245 റണ്‍സിന് പുറത്തായി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയും ന്യൂസിലൻഡ് സ്വന്തമാക്കി.

2012ന് ശേഷം ആദ്യമായാണ് സ്വന്തം നാട്ടില്‍ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നഷ്ടമാകുന്നത്. ഇംഗ്ലണ്ടായിരുന്നു അന്ന് ഇന്ത്യയെ പരാജയപ്പെടുത്തിയത് (2-1). 2013ന് ശേഷം തുടർച്ചയായി 18 ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ നേടിയിട്ടുള്ളത്. ഇന്ത്യയില്‍ ന്യൂസിലൻഡ് നേടുന്ന ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണിത്.

മിച്ചല്‍ സാന്റ്നറിന്റെ പന്തുകള്‍ക്ക് മുന്നിലായിരുന്നു ഇന്ത്യൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ വീണിത്. രോഹിത് ശർമ (8) പരാജയപ്പെട്ടെങ്കിലും യശസ്വി ജയ്സ്വാള്‍ - ശുഭ്മാൻ ഗില്‍ സഖ്യം ഇന്ത്യയ്ക്ക് ആദ്യ സെഷനില്‍ മുൻതൂക്കം നല്‍കി. എന്നാല്‍, രണ്ടാം സെഷനില്‍ മറിച്ചായിരുന്നു കാര്യങ്ങള്‍. ഇന്ത്യയ്ക്ക് ആറ് വിക്കറ്റുകളാണ് നഷ്ടമായത്. അതില്‍ നാലും നേടി തന്റെ കരിയറിലെ രണ്ടാം അഞ്ച് വിക്കറ്റ് സാന്റ്നർ സ്വന്തമാക്കി.

ജയ്‌സ്വാളിന്റെ (77) വിക്കറ്റ് വീണതോടെയായിരുന്നു തകർച്ചയുടെ തുടക്കം. പിന്നാലെ ഋഷഭ് പന്ത് റണ്ണൗട്ടുമായതോടെ ഇന്ത്യയ്ക്ക് ഇരട്ടപ്രഹരമായി. വിരാട് കോഹ്ലി (17), വാഷിങ്ടണ്‍ സുന്ദർ (21), സർഫറാസ് ഖാൻ (9) എന്നിവർക്കും അതിജീവിക്കാനായില്ല ന്യൂസിലൻഡിന്റെ സ്പിൻ വലയത്തെ. 39 റണ്‍സ് ചേർത്ത അശ്വിൻ-ജഡേജ സഖ്യമാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. 42 റണ്‍സ് നേടി രവീന്ദ്ര ജഡേജ പൊരുതാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ചരിത്രമെഴുതി ന്യൂസിലൻഡ്; 2012ന് ശേഷം ആദ്യമായി സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര നഷ്ടമായി ഇന്ത്യ
പൂനെ ടെസ്റ്റ്: കിവീസ് 255-ന് പുറത്ത്, ഇന്ത്യയ്ക്ക് വിജയലക്ഷ്യം 359

103 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ ന്യൂസിലൻഡ് രണ്ടാം ഇന്നിങ്സില്‍ 255 റണ്‍സിന് പുറത്താകുകയായിരുന്നു. 198-5 എന്ന നിലയില്‍ മൂന്നാം ദിനം പുനരാരംഭിച്ച സന്ദർശകർക്ക് 57 റണ്‍സ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദർ നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റുകള്‍ നേടി.

മൂന്നാം ദിനം ന്യൂസിലൻഡിനെ എത്രയും വേഗം പുറത്താക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. 48 റണ്‍സിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ച് ജഡേജ കളിയിലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. 83 പന്തില്‍ 41 റണ്‍സ് നേടിയ ടോം ബ്ലണ്ടല്‍ ബൗള്‍ഡാവുകയായിരുന്നു.

ശേഷം ക്രീസിലെത്തിയ മിച്ചല്‍ സാന്റ്നർ (4), അജാസ് പട്ടേല്‍ (1) എന്നിവരും ജഡേജയ്ക്ക് മുന്നില്‍ കീഴടങ്ങിയപ്പോള്‍ ടിം സൗത്തിയെ മടക്കിയത് രവിചന്ദ്രൻ അശ്വിനായിരുന്നു. ഗ്ലെൻ ഫിലിപ്‌സിന്റെ ചെറുത്തുനില്‍പ്പായിരുന്നു ന്യൂസിലൻഡിന്റെ ലീഡ് 350 കടത്തിയത്.

നേരത്തെ ഒന്നാം ഇന്നിങ്സില്‍ 259 റണ്‍സായിരുന്നു ന്യൂസിലൻഡ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകർന്നടിയുകയായിരുന്നു. മോശം ഷോട്ട് തിരഞ്ഞെടുപ്പ് ബാറ്റർമാർക്ക് വിനയായപ്പോള്‍ ഇന്ത്യയുടെ ഇന്നിങ്സ് കേവലം 156 റണ്‍സില്‍ അവസാനിച്ചു. ഏഴ് വിക്കറ്റെടുത്ത മിച്ചല്‍ സാന്റ്നറാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. 38 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശുഭ്‌മാൻ ഗില്‍ (30), യശസ്വി ജയ്‌സ്വാള്‍ (30) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ.

logo
The Fourth
www.thefourthnews.in