ന്യൂബോള്‍ ഫോബിയ! മികച്ചനിലയില്‍ നിന്ന്‌ തകര്‍ന്നടിഞ്ഞ് ടീം ഇന്ത്യ, 462-ന് പുറത്ത്; കിവീസ് വിജയലക്ഷ്യം 106

ന്യൂബോള്‍ ഫോബിയ! മികച്ചനിലയില്‍ നിന്ന്‌ തകര്‍ന്നടിഞ്ഞ് ടീം ഇന്ത്യ, 462-ന് പുറത്ത്; കിവീസ് വിജയലക്ഷ്യം 106

വെറും 29 റണ്‍സ് നേടുന്നതിനിടെയാണ് അവസാന അഞ്ചു വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായത്
Updated on
1 min read

ന്യൂബോള്‍ കളിക്കുന്നതിലെ ദൗര്‍ബല്യം ഒരിക്കല്‍ക്കൂടി വെളിവായപ്പോള്‍ മികച്ച നിലയില്‍ നിന്നു കൂട്ടത്തകര്‍ച്ച നേരിട്ട് ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 462 റണ്‍സിന് പുറത്തായി ടീം ഇന്ത്യ. ഇതോടെ ഒരു സെഷനും ഒരു ദിനവും ശേഷിക്കെ ന്യൂസിലന്‍ഡിന് ജയിക്കാന്‍ വെറും 106 റണ്‍സ് മാത്രം മതിയാകും. ഒന്നാമിന്നിങ്‌സില്‍ അവര്‍ 356 റണ്‍സിന്റെ പടുകൂറ്റന്‍ ലീഡ് നേടിയിരുന്നു.

ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ വെറും 46 റണ്‍സിന് പുറത്തായപ്പോള്‍ ഇംഗ്ലണ്ട് 402 റണ്‍സാണ് നേടിയത്. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ മൂന്നാം ദിനവും നാലാം ദിനമായ ഇന്നു ഭൂരിഭാഗം സമയത്തും മികച്ച ബാറ്റിങ് കാഴ്ചവച്ച് പ്രതീക്ഷ ഉയര്‍ത്തിയ ശേഷം അവസാന സെഷനില്‍ ഇന്ത്യ വിക്കറ്റ് കളഞ്ഞുകുളിച്ചു കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു.

മൂന്നിന് 231 എന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ മധ്യനിര താരങ്ങളായ സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത് എന്നിവര്‍ ചേര്‍ന്ന മികച്ച നിലയിലേക്കു നയിച്ചതാണ്. നാലാം വിക്കറ്റില്‍ 177 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 408-ല്‍ എത്തിച്ച് ടീമിന് ലീഡ് സമ്മാനിക്കുകയും ചെയ്തു.

എന്നാല്‍ ചായയ്ക്കു തൊട്ടുമുമ്പുള്ള അവസാന ഓവറില്‍ ന്യൂസിലന്‍ഡ് തങ്ങളുടെ സെക്കന്‍ഡ് ന്യൂബോള്‍ എടുത്തതോടെ ഇന്ത്യ പതറി. 195 പന്തുകളില്‍ നിന്ന് 18 ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 150 റണ്‍സ് നേടിയ സര്‍ഫറാസ് ഖാനാണ് ആദ്യം വീണത്. മികച്ച് സ്‌ട്രോക്‌പ്ലേയുമായി മുന്നേറിയ സര്‍ഫറാസിനെ ടിം സൗത്തിയുടെ പന്തില്‍ അജാസ് പട്ടേല്‍ പിടികൂടി.

എന്നാല്‍ അപ്പോഴും ഋഷഭ് ഒരറ്റത്തുണ്ടായിരുന്നത് ഇന്ത്യക്ക് പ്രതീക്ഷ സമ്മാനിക്കുന്നുണ്ടായിരുന്നു. പക്ഷേ അത് അധികം നീണ്ടില്ല. സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ അപ്രതീക്ഷിതമായി ഋഷഭിന്റെ വിക്കറ്റ് നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. 105 പന്തില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം 99 റണ്‍സ് നേടി ഋഷഭ് പുറത്താകുമ്പോള്‍ അഞ്ചിന് 433 എന്ന നിലയിലായിരുന്നു ഇന്ത്യ.

സര്‍ഫറാസും ഋഷഭും പുറത്തായ ശേഷം പിന്നീട് എത്തിയ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. കെഎല്‍ രാഹുല്‍(12), രവീന്ദ്ര ജഡേജ(5), രവിചന്ദ്രന്‍ അശ്വിന്‍(15) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായതോടെ ഇന്ത്യ തകര്‍ന്നു. വെറും 29 റണ്‍സ് നേടുന്നതിനിടെയാണ് അവസാന അഞ്ചു വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായത്. ന്യൂസിലന്‍ഡിനു വേണ്ടി മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ മാറ്റ് ഹെന്ററി, വില്യം റൂക്ക് എന്നിവരാണ് തിളങ്ങിയത്.

logo
The Fourth
www.thefourthnews.in