നിര്‍ണായക മത്സരത്തില്‍ ഉണര്‍ന്ന് കളിച്ച് കിവീസ്; ലങ്കയെ 171-ന് എറിഞ്ഞിട്ടു
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സെമിഫൈനല്‍ ലക്ഷ്യമിട്ട് നിര്‍ണായക മത്സരത്തിനിറങ്ങിയ ന്യൂസിലന്‍ഡിന് ശ്രീലങ്കയ്‌ക്കെതിരേ 172 റണ്‍സ് വിജയലക്ഷ്യം. സെമിസാധ്യത സജീവമാക്കി നിലനിര്‍ത്താന്‍ ഇന്ന് ജയം അനിവാര്യമെന്ന നിലയില്‍ കളത്തിലിറങ്ങിയ കിവീസ് 46.4 ഓവറില്‍ ലങ്കയെ 171 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു.
പത്തോവറില്‍ മൂന്ന് മെയ്ഡനടക്കം വെറും 37 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് ലങ്കയെ തകര്‍ത്തത്. രണ്ട് വീക്കറ്റുകള്‍ വീതം വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നര്‍, ലോക്കീ ഫെര്‍ഗൂസന്‍, രചിന്‍ രവീന്ദ്ര എന്നിവരും ഒരു വിക്കറ്റുമായി ടിം സൗത്തിയും ബോള്‍ട്ടിന് മികച്ച പിന്തുണ നല്‍കി.
ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ തന്നെ പുറത്തായ ശ്രീലങ്കയ്ക്ക് വേണ്ടി അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ കുശാല്‍ പെരേര, 38 റണ്‍സ് നേടി പുറത്താകാതെ നിന്ന മഹീഷ് തീക്ഷ്ണ എന്നിവര്‍ക്കു മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ 28 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 51 റണ്‍സാണ് പെരേരയാണ് ടോപ് സ്‌കോറര്‍. ഒമ്പതിന് 128 എന്ന നിലയില്‍ തകര്‍ന്ന ലങ്കയെ അവസാന വിക്കറ്റില്‍ ദില്‍ഷന്‍ മധുശങ്കയെ കൂട്ടുപിടിച്ച് തീക്ഷ്ണയാണ് 170 കടത്തിയത്. ഇരുവരും ചേര്‍ന്ന് 43 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ഇതിനു പുറമേ, 19 റണ്‍സ് നേടിയ ധനഞ്ജയ ഡിസില്‍വ, 16 റണ്‍സ് നേടിയ എയ്ഞ്ചലോ മാത്യൂസ് എന്നിവര്‍ക്കു മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. ഓപ്പണര്‍ പാഥും നിസാങ്ക(2), നായകന്‍ കുശാല്‍ മെന്‍ഡിസ്(6), മധ്യനിര താരങ്ങളായ സദീര സമരവിക്രമ(1), ചരിത് അസലങ്ക(8) എന്നിവര്‍ നിരാശപ്പെടുത്തി. ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയത്തോടെ നാല് പോയിന്റ് മാത്രമുള്ള ലങ്കയ്ക്ക് ഇന്നത്തെ മത്സരഫലം എന്ത് തന്നെയായാലും ബാധിക്കില്ല. എന്നാല്‍ കിവീസിനെ സംബന്ധിച്ച് ഇന്ന് നേടുന്ന മികച്ച ജയം അവര്‍ക്ക് ഏറെക്കുറേ സെമി ബെര്‍ത്ത് ഉറപ്പാക്കും. പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവരാണ് സെമിബെര്‍ത്തിനായുളള മത്സരത്തില്‍ കിവീസിനൊപ്പമുള്ളത്.