ജോഷ്വ ലിറ്റിലിന്റെ ഹാട്രിക്ക് വിഫലം, സെമിയുറപ്പിച്ച്‌ കിവീസ്

ജോഷ്വ ലിറ്റിലിന്റെ ഹാട്രിക്ക് വിഫലം, സെമിയുറപ്പിച്ച്‌ കിവീസ്

ഗ്രൂപ്പിൽ മൂന്ന് ജയങ്ങളും ഒരു തോൽവിയുമായി ഏഴ് പോയിന്റോടെ ഒന്നാമതായാണ് കിവീസ് സെമി ഉറപ്പിച്ചത്
Updated on
1 min read

ഐസിസി ടി 20 ലോകകപ്പിൽ അയർലൻഡിനെ തോൽപ്പിച്ച്‌ ന്യൂസിലന്‍ഡ് സെമിയില്‍ കടക്കുന്ന ആദ്യ ടീമായി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ 35 റൺസിനായിരുന്നു കിവികളുടെ ജയം. സ്കോർ : ന്യൂസിലന്‍ഡ് 20 ഓവറിൽ 6 ന് 185. അയർലൻഡ് 20 ഓവറിൽ 9ന് 150. കെയ്ന്‍ വില്യംസനാണ് കളിയിലെ താരം.

ടോസ് നഷ്ട്ടപെട്ട്‌ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് അർദ്ധ സെഞ്ചുറി നേടിയ നായകൻ കെയ്ന്‍ വില്യംസണിന്റെ (35 പന്തിൽ 61) മികവിലാണ് മികച്ച സ്കോർ നേടിയത്. അഞ്ച് ഫോറം മൂന്ന് സിക്‌സും നേടിയാണ് അദ്ദേഹം 61 റൺസെടുത്തത്. ഫിൻ അലന്‍(32), ഡാരിൽ മിച്ചൽ(31), ഡെവോൺ കോൺവേ(28) എന്നിവർ മികച്ച സംഭാവനകൾ നൽകി. അയർലൻഡിനായി ജോഷ്വ ലിറ്റിൽ ഹാട്രിക്ക് നേടി. നാലോവറിൽ 22 റൺസ് വിട്ട് കൊടുത്താണ് മൂന്ന് വിക്കറ്റ് നേടിയത്. ഗാരെത് ഡെലാനി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

രണ്ടാമത് ബാറ്റ് ചെയ്ത അയർലൻഡ് നന്നായി മത്സരം തുടങ്ങിയെങ്കിലും ആദ്യ വിക്കറ്റിന് ശേഷം മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനാവാഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി. ഒന്നാം വിക്കറ്റിൽ പോൾ സ്റ്റിർലിങ്ങും (37) ആൻഡ്രൂ ബാൽബിർണിയും (30) ചേർന്ന് 68 റൺസ് ചേർത്തു.കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ചുറി നേടിയ ലോർക്കൻ ടക്കർ(13) കാര്യമായി തിളങ്ങാനാവാഞ്ഞത് അവർക്ക് തിരിച്ചടിയായി. കിവികൾക്കായി ലോക്കി ഫെർഗുസൺ മൂന്ന് വിക്കറ്റ് നേടിയപ്പോൾ, ടിം സൗത്തീ,മിച്ചൽ സാന്റ്നർ, ഇഷ് സോധി എന്നിവർ രണ്ട് വീതം വിക്കനുകൾ സ്വന്തമാക്കി.

ഗ്രൂപ്പിൽ മൂന്ന് ജയങ്ങളും ഒരു തോൽവിയുമായി ഏഴ് പോയിന്റോടെ ഒന്നാമതായാണ് കിവീസ് സെമി ഉറപ്പിച്ചത്. ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും ഓരോ മത്സരം അവശേഷിക്കുന്നെണ്ടെങ്കിലും വൻ മാർജിനിൽ വിജയിച്ചാൽ മാത്രമേ ന്യൂസിലന്‍ഡിനെ പിന്തള്ളി അവർക്ക് ഒന്നാമതെത്താനാവു.

logo
The Fourth
www.thefourthnews.in