എന്തൊരു ബൗളിങ് ! കിവികളെ എറിഞ്ഞിട്ട് ടീം ഇന്ത്യ

എന്തൊരു ബൗളിങ് ! കിവികളെ എറിഞ്ഞിട്ട് ടീം ഇന്ത്യ

മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ചേര്‍ന്നാണ് കിവീസിനെ തകര്‍ത്തത്.
Updated on
1 min read

ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തീപാറുന്ന ബൗളിങ് പ്രകടനവുമായി ടീം ഇന്ത്യ. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ ന്യൂസിലന്‍ഡിനെ 34.3 ഓവറില്‍ വെറും 108 റണ്‍സിന് എറിഞ്ഞിട്ടു.

മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ചേര്‍ന്നാണ് കിവീസിനെ തകര്‍ത്തത്. മുഹമ്മദ് സിറാജ്, ഷാര്‍ദ്ദൂല്‍ താക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മൂന്നു പേര്‍ക്കു മാത്രമാണ് കിവി ബാറ്റിങ് നിരയില്‍ രണ്ടക്കം കടക്കാനായത്. 52 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 36 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് അവരുടെ ടോപ്‌സ്‌കോറര്‍. ഫിലിപ്‌സിനു പുറമേ 39 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 27 റണ്‍സ് നേടിയ മിച്ചല്‍ സാന്റ്‌നര്‍, 30 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 22 റണ്‍സ് നേടിയ മൈക്കല്‍ ബ്രേസ്‌വെല്‍ എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ഓപ്പണര്‍മാരായ ഫിന്‍ അലന്‍(0), ഡെവണ്‍ കോണ്‍വേ(7) മധ്യനിര താരങ്ങളായ ഹെന്റ്‌റി നിക്കോള്‍സ്(2), ഡാരില്‍ മിച്ചല്‍(1), നായകന്‍ ടോം ലാതം(1), തുടങ്ങിയവര്‍ നിരാശപ്പെടുത്തി. റായ്പൂരില്‍ നടക്കുന്ന ആദ്യ രാജ്യാന്തര ഏകദിനമാണിതെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

മൂനനു മത്സര പരമ്പരയില്‍ ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ ത്രസിപ്പിക്കുന്ന ജയം നേടിയ ഇന്ത്യ 1-0ന് മുന്നിലാണ്. ഇന്നു ജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് കഴിയും.

logo
The Fourth
www.thefourthnews.in