ലോകം കീഴടക്കി; ഇനി പടിയിറക്കം

ശതക കണക്കുകളിലും റണ്‍സിലും റെക്കോഡുകള്‍ കയറുമ്പോഴും ഇതിഹാസങ്ങളെന്ന തലക്കെട്ട് ലോകം സമ്മാനിക്കുമ്പോഴും ഒരുമിച്ചൊരു ലോകകിരീടം എന്ന സ്വപ്നം മാത്രം ബാക്കിയാവുകയായിരുന്നു

2012 ഏഷ്യ കപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരം. പാകിസ്താൻ ഉയർത്തിയ 330 റണ്‍സ് വിജയലക്ഷ്യം മിർപൂരില്‍ അനായാസം നീന്തിക്കയറുന്ന ഇന്ത്യ. ക്രീസില്‍ രണ്ട് യുവതാരങ്ങള്‍. ഇന്ത്യ ഏറക്കുറെ ജയം ഉറപ്പിച്ച നിമിഷം കമന്ററി ബോക്സില്‍ നിന്ന് സുനില്‍ ഗവാസ്കറിന്റെ ശബ്ദമുയരുന്നു.

Shiva, I think we have glimpsed the future, the future of Indian batting. The Future of Indian Cricket.

ഏകദിനത്തില്‍ ഇന്ത്യ ലോകചാമ്പ്യൻ പട്ടം നേടിയിട്ട് അന്ന് ഒരു വർഷത്തോളമായിരുന്നു. പിന്നീടിങ്ങോട്ട് കിരീടം കിട്ടാക്കനിയായ നാളുകള്‍. ഒരു പതിറ്റാണ്ടിനിപ്പുറം ബാർബഡോസില്‍ കുട്ടിക്രിക്കറ്റില്‍ ലോകം കീഴടങ്ങി അവർ പടിയിറങ്ങുകയാണ്. അന്നത്തെ യുവതാരങ്ങള്‍, ഇന്ന് ഇതിഹാസങ്ങളാണ്. വിരാട് കോഹ്ലിയും രോഹിത് ശർമയും.

ലോകക്രിക്കറ്റിന്റെ ശ്രദ്ധ ഇരുവരുടേയും ബാറ്റിലേക്ക് ഒരുപോലെ എത്തിയ നിമിഷത്തിനും പതിറ്റാണ്ടിന്റെ പഴക്കമുണ്ട്, 2013ല്‍. ഓസ്ട്രേലിയയായിരുന്നു അന്ന് എതിരാളികള്‍. ലക്ഷ്യം 360 റണ്‍സ്. 39 പന്തുകള്‍ അവശേഷിക്കെ ഇന്ത്യ അത് സാധ്യമാക്കി, ഓസ്ട്രേലിയക്കെതിരെ അത്തരമൊന്ന് സംഭവിക്കണമെങ്കില്‍ അവിശ്വസനീയമായ ഇന്നിങ്സുകളുടെ അകമ്പടി വേണമായിരുന്നു.

ആ സ്കോർ ബോർഡിലേക്ക് നിങ്ങള്‍ക്ക് നോക്കാം. സെഞ്ചുറി തിളക്കത്തിലുള്ള രോഹിതിനേയും കോഹ്ലിയേയും കാണാം. അന്നത്തെ ധവാന്റെ അർധ സെഞ്ചുറിയെ ഇവിടെ വിസ്മരിക്കുന്നില്ല. അവിടെത്തുടങ്ങിയതാണ് നീലക്കുപ്പായത്തിലെ റണ്ണൊഴുക്കിന്റെ കഥ. പിന്നീടിങ്ങോട്ട് രോഹിതിന്റെ ടൈമിങ്ങിനും ക്ലാസിനുമാണ് ലോകം സാക്ഷിയായത്. കോഹ്ലിയുടെ അസാധ്യമായ സാങ്കേതിക മികവിനും ഗോട്ട് ലെവല്‍ ഇന്നിങ്സുകള്‍ക്കും.

ലോകം കീഴടക്കി; ഇനി പടിയിറക്കം
ബാർബഡോസില്‍ സ്വപ്നസാഫല്യം; ഇൻവിൻസിബിള്‍ ഇന്ത്യ

എണ്ണിയാല്‍ തീരത്താത്ര മൈതാനങ്ങള്‍ കീഴടക്കി, സെന രാജ്യങ്ങള്‍ക്ക് മുന്നില്‍ അടിപതറാതെ ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലായി. ഒരുമിച്ച് പോരാടി, ഒരുവൻ വീണാലും മറ്റൊരുവനുണ്ടല്ലോ എന്ന പ്രതീക്ഷയുടെ പര്യായമായിരുന്നു ഇന്ത്യയ്ക്ക് രോഹിത് കോഹ്ലി ദ്വയം. കാലം കടന്നുപോയി, ക്രിക്കറ്റ് പരിവർത്തനങ്ങള്‍ക്ക് വിധേയമായി. ഒഴുക്കിനൊത്ത് സഞ്ചരിക്കാൻ പലപ്പോഴുമായിരുന്നില്ല ഇരുവർക്കും

ശതക കണക്കുകളിലും റണ്‍സിലും റെക്കോഡുകള്‍ കയറുമ്പോഴും ഇതിഹാസങ്ങളെന്ന തലക്കെട്ട് ലോകം സമ്മാനിക്കുമ്പോഴും ഒരുമിച്ചൊരു ലോകകിരീടം എന്ന സ്വപ്നം മാത്രം ബാക്കിയാവുകയായിരുന്നു. സുപ്രധാന ടൂർണമെന്റുകളിലെ പരാജയങ്ങള്‍ക്ക് വിമർശകർ വിരല്‍ചൂണ്ടിയത് ഇരുവർക്കും നേരെയായിരുന്നു. കളത്തിനകത്തെ കൂട്ടുകെട്ട് കളത്തിന് പുറത്തും പ്രതിഫലിച്ച നാളുകള്‍.

2021 ട്വന്റി 20 ലോകകപ്പ് സമയത്ത് മോശം ഫോമിലായിരുന്ന രോഹിതിന്റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു. വാർത്താസമ്മേളനത്തില്‍ കോഹ്ലിക്ക് നേരെ ആ ചോദ്യവുമെത്തി. ചിരിച്ചു തള്ളുകയായിരുന്നു കോഹ്ലി, ആ ചോദ്യം അംഗീകരിക്കാൻ പോലും അയാള്‍ക്കായില്ല.

കോഹ്ലിയെന്ന സെഞ്ചുറിയന്ത്രം നിലച്ച നാളുകളില്‍ രോഹിതായിരുന്നു ഇന്ത്യയുടെ നായകൻ. അന്ന് രോഹിതിന് നേരെ വന്ന ചോദ്യം കോഹ്ലിയുടെ ആത്മവിശ്വാസത്തെക്കുറിച്ചായിരുന്നു. കോഹ്ലിയുടെ പ്രതികരണത്തിനോട് സമാനമായിരുന്നു രോഹിതിന്റേതും.

ലോകം കീഴടക്കി; ഇനി പടിയിറക്കം
T20 CWC | ഒരിക്കല്‍ക്കൂടി അയാള്‍...! കോഹ്ലി നോട്ട് ഫിനിഷ്‌ഡ്

പിന്നീട് 2023 ഏകദിന ലോകകപ്പ്. രോഹിതിനൊപ്പമൊരു കിരീടമെന്ന സ്വപ്നം കോഹ്ലി വെളിപ്പെടുത്തി. രോഹിതിന്റെ നിസ്വാർഥമായ ഇന്നിങ്സുകളും കോഹ്ലിയുടെ പീക്ക് ലെവല്‍ ഫോമും കണ്ട വിശ്വകിരീടപ്പോരിന്റെ ക്ലൈമാക്സില്‍ അഹമ്മദാബാദിലെ പുല്‍മൈതാനിയില്‍ ഇന്ത്യയ്ക്ക് കണ്ണീരായിരുന്നു കാലം കാത്തുവെച്ചത്.

ആറ് മാസങ്ങള്‍ക്കിപ്പുറം കുട്ടിക്രിക്കറ്റ് ലോകകപ്പ്. കോഹ്ലിയുടെ ടീമിലെ സ്ഥാനത്തില്‍ വിമർശനം. പക്ഷേ, രോഹിതെന്ന നായകൻ കോഹ്ലിയില്‍ ഉറച്ചു നിന്നു. അമേരിക്കയിലും കരീബിയൻ ദ്വീപുകളിലും ഇന്ത്യ വിജയക്കുതിപ്പ് നടത്തുമ്പോഴും കോഹ്ലിയുടെ ബാറ്റ് നിശബ്ദമായിരുന്നു. ആ നിശബ്ദത അറിയിക്കാതെ രോഹിതിന്റെ ഇന്നിങ്സുകള്‍. കോഹ്ലിയെ മാറ്റി നിർത്തിയില്ല, കോഹ്ലി ഫൈനലില്‍ തിളങ്ങുമെന്ന് ലോകത്തിന് രോഹിതിന്റെ ഉറപ്പ്.

നായകന്റെ വാക്കിനോട് കോഹ്ലി നീതി പുലർത്തി. കോഹ്ലിയുടെ ഇന്നിങ്സിന്റെ ബലത്തില്‍ കിരീടത്തിലേക്കുള്ള ആദ്യ ചുവട് ഇന്ത്യ വെച്ചു. ഒടുവില്‍ ബാർബഡോസില്‍ വിശ്വം ജയിക്കുമ്പോള്‍ ഇരുവരും ആശ്ലേഷിച്ചു, കണ്ണീരണിച്ചു, ഒരുമിച്ച് ആ കിരീടം ഉയർത്തി. ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കുമിടയില്‍ പടിയിറക്കത്തിന്റെ പ്രഖ്യാപനവും നടത്തി. കുട്ടിക്രിക്കറ്റലില്ല, ഏകദിനത്തിലും വെള്ളക്കുപ്പായത്തിലും ഇതിഹാസഗാഥ തുടരും. കോഹ്ലി‌ ആൻഡ് രോഹിത് ഫിനിഷസ് ഓഫ് ഇൻ സ്റ്റൈല്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in