വിന്‍ഡീസിനെ എറിഞ്ഞുപിടിച്ചു; ഇന്ത്യക്ക് ലക്ഷ്യം 150 റണ്‍സ്

വിന്‍ഡീസിനെ എറിഞ്ഞുപിടിച്ചു; ഇന്ത്യക്ക് ലക്ഷ്യം 150 റണ്‍സ്

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു
Updated on
1 min read

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 150 റണ്‍സ് വിജയലക്ഷ്യം. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.

തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം മധ്യനിരയുടെ കരുത്തിലാണ് വിന്‍ഡീസ് മാന്യമായ സ്‌കോറിലേക്ക് എത്തിയത്. നായകന്‍ റോവ്മാന്‍ പവലിന്റെയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളാസ് പുരാന്റെയും മികച്ച ബാറ്റിങ്ങാണ് അവര്‍ക്കു തുണയായത്. 32 പന്തുകളില്‍ നിന്ന് മൂന്നു വീതം സിക്‌സറും ബൗണ്ടറികളും സഹിതം 48 റണ്‍സ് നേടിയ പവലാണ് ടോപ്‌സ്‌കോറര്‍.

34 പന്തുകളില്‍ നിന്ന് രണ്ടു വീതം ബൗണ്ടറികളും സിക്‌സറുകളും സഹിതം 41 റണ്‍സ് നേടിയ പൂരാന്‍ നായകനു മികച്ച പിന്തുണ നല്‍കി. 19 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 28 റണ്‍സ് നേടിയ ഓപ്പണര്‍ ബ്രാന്‍ഡണ്‍ കിങ്, 12 പന്തില്‍ 10 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മയര്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് വിന്‍ഡീസ് ബാറ്റര്‍മാര്‍.

ഓപ്പണര്‍ കൈല്‍ മേയേഴ്‌സ്(1), മധ്യനിര താരം ജോണ്‍സണ്‍ ചാള്‍സ്(3) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ നാലു റണ്‍സുമായി റൊമാരിയോ ഷെപ്പേര്‍ഡും ആറു റണ്‍സുമായി ജേസണ്‍ ഹോള്‍ഡറും പുറത്താകാതെ നിന്നു. ഇന്ത്യക്കു വേണ്ടി പേസര്‍ അര്‍ഷ്ദീപ് സിങ് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

logo
The Fourth
www.thefourthnews.in