ഏഴു വര്‍ഷം, നാലു പതിറ്റാണ്ടത്തെ കഥ; മോക്കാ മോക്കാ ഇല്ലാതെ ഒരു ഇന്ത്യ-പാക് പോരാട്ടം

ഏഴു വര്‍ഷം, നാലു പതിറ്റാണ്ടത്തെ കഥ; മോക്കാ മോക്കാ ഇല്ലാതെ ഒരു ഇന്ത്യ-പാക് പോരാട്ടം

2015 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സമയത്താണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇത്തരത്തില്‍ ആദ്യ പരസ്യം ഇറക്കുന്നത്.
Updated on
2 min read

ക്രിക്കറ്റ് ലോകകപ്പും അതിലൊരു ഇന്ത്യ-പാകിസ്താന്‍ മത്സരവും ഉണ്ടായാല്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ മറ്റൊന്നും വേണ്ട. ലോക കായിക രംഗത്തെ ഏറ്റവും ആവേശവും വാശിയുമുണര്‍ത്തുന്ന പോരാട്ടങ്ങള്‍ ഒരു പട്ടികയായി നിരത്തിയാല്‍ ആദ്യ അഞ്ചില്‍ തന്നെ ഇന്ത്യ-പാക് മത്സരം ഉണ്ടാകും.

ലോകകപ്പ് ടൂര്‍ണമെന്റും ടീമുകള്‍ തമ്മിലുള്ള വാശിയും വൈരവുമെല്ലാം കച്ചവടവുമായതോടെ ഇത്തരം മത്സരങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് ബ്രോഡ്കാസ്റ്റര്‍മാര്‍ സംപ്രേക്ഷണം ചെയ്യുന്നത്. മത്സരം കൂടുതല്‍ ആവേശകരമാക്കാന്‍ അവര്‍ പരസ്യങ്ങളിലൂടെ വൈരം ആളിക്കത്തിക്കുകയും ചെയ്യും.

അത്തരത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ചെയ്തു വന്ന പരസ്യമാണ് ''മോക്കാ മോക്കാ'' എന്ന പേരില്‍ ഇന്ത്യയില്‍ ഒന്നടങ്കം ഹിറ്റായത്. നാലു പതിറ്റാണ്ടായി ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യയെ തോല്‍പിക്കാന്‍ കഴിയാത്ത പാകിസ്താന്റെ ദൈന്യതയെ പരിഹസിക്കുന്ന പരസ്യത്തിന് വന്‍ പ്രചാരമായിരുന്നു ഇന്ത്യയില്‍ ലഭിച്ചത്.

2015 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സമയത്താണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇത്തരത്തില്‍ ആദ്യ പരസ്യം ഇറക്കുന്നത്. കറാച്ചിയില്‍ താമസിക്കുന്ന ഒരു പാകിസ്താന്‍ ക്രിക്കറ്റ് ആരാധകന്റെ കാത്തിരുപ്പ് എന്ന ആശയത്തിലൂന്നിയായിരുന്നു പരസ്യചിത്രീകരണം. ആരാധകന്റെ കൗമാരകാലം തുടങ്ങി 23 വര്‍ഷത്തെ കാത്തിരുപ്പാണ് 2015-ല്‍ ചിത്രീകരിച്ചത്.

1992 ക്രിക്കറ്റ് ലോകകപ്പ് മുതല്‍ 2011 ക്രിക്കറ്റ് ലോകകപ്പ് വരെ ഓരോ തവണയും ഇന്ത്യ-പാക് മത്സരം വരുമ്പോള്‍ പാക് ജയം ആഘോഷിക്കാന്‍ പടക്കങ്ങള്‍ കാത്തിരിക്കുന്ന പാക് ആരാധകനെയാണ് സ്റ്റാര്‍ 2015-ല്‍ കാണികള്‍ക്കു മുന്നില്‍ എത്തിച്ചത്. 92-ല്‍ കൗമാരക്കാരനായിരുന്ന ആരാധകന്‍ അതിനോടകം വളര്‍ന്നു വിവാഹിതനാകുകയും ഒരു ആണ്‍കുട്ടിയുടെ പിതാവാകുകയും ചെയ്ത. പിന്നീട് അച്ഛനും മകനും ചേര്‍ന്ന് പാക് ജയം ആഘോഷിക്കാനുള്ള കാത്തിരുപ്പ് എന്ന തരത്തിലായിരുന്നു ചിത്രീകരണം. 2015-ലെങ്കിലും അതിനു അവസരം ലഭിക്കുമോ എന്ന അര്‍ത്ഥത്തിലാണ് 'മോക്കാ മോക്കാ' എന്ന് സ്റ്റാര്‍ ചോദിച്ചത്.

ആ തവണയും ഇന്ത്യയ്ക്കു മുന്നില്‍ പാകിസ്താന്‍ തോറ്റു. പിന്നീട് 2016 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനും 2019 ക്രിക്കറ്റ് ലോകകപ്പിനും ഇതേ പരസ്യം സ്റ്റാര്‍ ഇറക്കി. ആ രണ്ടു തവണയും പാകിസ്താനു മേല്‍ ഇന്ത്യ ആധിപത്യം തുടര്‍ന്നതോടെ വീണ്ടും കാത്തിരുപ്പ് നീണ്ടു.

പിന്നീട് കഴിഞ്ഞ വര്‍ഷം നടന്ന ടി20 ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായാണ് ഏറ്റവും ഒടുവില്‍ സ്റ്റാര്‍ പരസ്യമിറക്കിയത്. 2019 ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരേയേറ്റ തോല്‍വിക്കു ശേഷം പാക് ആരാധകര്‍ സ്വന്തം നാട്ടില്‍ നടത്തിയ രോഷപ്രകടനത്തിനെക്കൂടി ട്രോളിയായിരുന്നു അത്.

1991 മുതല്‍ ഇന്ത്യക്കെതിരായ ജയം പ്രതീക്ഷിച്ചു പടക്കം വാങ്ങി സൂക്ഷിച്ചിരിക്കുന്ന ആരാധകന്‍ ലോകകപ്പ് മുന്നില്‍ കണ്ട് പുതിയ ടി.വി. വാങ്ങാന്‍ എത്തുന്നതാണ് പരസ്യത്തിന്റെ ആശയം. പടക്കങ്ങളുമായി ഒരു സര്‍ദാര്‍ജിയുടെ ഇലക്ട്രോണിക്സ് ഷോപ്പില്‍ ടി.വി. വാങ്ങാന്‍ എത്തുന്ന അദ്ദേഹത്തിന് ഒരു ടി.വിയുടെ വിലയ്ക്ക് രണ്ടു ടി.വി. നല്‍കാമെന്നു സര്‍ദാര്‍ജി പറയുന്നു.

കാരണം അന്വേഷിക്കുന്ന ആരാധകനോട് സര്‍ദാര്‍ജി ''ഇക്കുറിയും പാകിസ്താന്‍ ഇന്ത്യയോടു തോല്‍ക്കുമ്പോള്‍ എറിഞ്ഞുടയ്ക്കാനാണ് മറ്റൊരു ടി.വി.'' എന്നാണ് പറയുന്നത്. ഈ തമാശയില്‍ ഇരുവരും പൊട്ടിച്ചിരിക്കുന്നതില്‍ പരസ്യം അവസാനിക്കും.

പക്ഷേ കാര്യങ്ങള്‍ സര്‍ദാര്‍ജിയും സ്റ്റാര്‍ സ്‌പോര്‍ട്‌സും കരുതിയതു പോലെയായില്ല. അത്തവണ ഭാഗ്യദേവത കളംമാറി. യുഎഇയില്‍ നടന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ നടാടെ ഐസിസി ലോകകപ്പില്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ ജയം നേടി. അതുവരെ കളിച്ച 12 മത്സരങ്ങളില്‍ ഒന്നു പോലും തോല്‍ക്കാതിരുന്ന ഇന്ത്യ ആദ്യമായി തോറ്റു.

അതോടെ ആ പരസ്യത്തിന്റെ പ്രസക്തി ഇല്ലാതാകുകയും ചെയ്തു. പിന്നീട് ഇത്തവണത്തെ ലോകകപ്പിലും ഇന്ത്യ-പാക് പോരാട്ടം അരങ്ങേറുമെന്നു വ്യക്തമായതോടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇക്കുറി എന്തു പരസ്യമാകും ചെയ്യുക എന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ഇക്കുറി ഒരു തരത്തിലുള്ള പരസ്യങ്ങളും സ്റ്റാര്‍ ഈ ഹൈവോള്‍ട്ടേജ് മത്സരത്തിനു നല്‍കിയില്ല എന്നതാണ് ശ്രദ്ധേയം. യുഎഇയില്‍ പാകിസ്താനോടേറ്റ തോല്‍വി ഇന്ത്യന്‍ ആരാധകരെ മാത്രമല്ല സ്റ്റാര്‍ സ്‌പോര്‍ട്‌സിനെയും ഞെട്ടിച്ചുവെന്നു വേണം കരുതാന്‍.

logo
The Fourth
www.thefourthnews.in