'കോഹ്ലിയെ ഓരോ മത്സരശേഷവും വിലയിരുത്തേണ്ടതില്ല, റണ്‍സ് നേടാനുള്ള ആവേശം അന്നും ഇന്നും അദ്ദേഹത്തിനുണ്ട്'; പൂർണ പിന്തുണയുമായി ഗംഭീർ
മോശം ഫോമില്‍ തുടരുന്ന വിരാട് കോഹ്ലിക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. അരങ്ങേറ്റം കുറിച്ച നാള്‍ മുതല്‍ റണ്‍സ് നേടാനുള്ള ആവേശം കോഹ്ലിക്ക് ഇപ്പോഴും ഉണ്ടെന്നും ഓരോ മത്സരത്തിന് ശേഷവും വിലയിരുത്തലുകള്‍ ആവശ്യമില്ലെന്നും ഗംഭീർ പറഞ്ഞു.
കഴിഞ്ഞ എട്ട് ഇന്നിങ്സുകളിലായിരുന്നു ഒരു അർധ സെഞ്ചുറി മാത്രമാണ് കോഹ്ലിക്ക് നേടാനായിട്ടുള്ളത്. ന്യൂസിലൻഡിനും ഓസ്ട്രേലിയക്കും എതിരായ നിർണായക പരമ്പരകള്‍ ആരംഭിക്കാനിരിക്കെയാണ് കോഹ്ലിക്ക് ഗംഭീർ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഉടൻ തന്നെ കോഹ്ലി ഫോമിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയും ഗംഭീർ പങ്കുവെച്ചിട്ടുണ്ട്.
"വിരാട് കോഹ്ലിയെക്കുറിച്ചുള്ള എന്റെ ചിന്തകള്‍ വ്യക്തമാണ്. കോഹ്ലി ഒരു ലോകോത്തര ക്രിക്കറ്റ് താരമാണ്. ദീർഘനാളായി സ്ഥിരതയോടെ കോഹ്ലി മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുന്നുണ്ട്. അരങ്ങേറ്റം കുറിച്ച നാള്‍ മുതല്‍ റണ്‍സ് നേടാനുള്ള ആവേശം കോഹ്ലിക്ക് ഇപ്പോഴും ഉണ്ട്. റണ്‍സ് നേടാനുള്ള ഈ ആവേശമാണ് കോഹ്ലിയെ ലോകോത്തര ക്രിക്കറ്ററാക്കുന്നത്. ന്യൂസിലെൻഡിനെതിരെയും ഓസ്ട്രേലിയക്കെതിരെയും ഇതേ മനോഭാവത്തില്‍ തന്നെയായിരിക്കും കോഹ്ലി കളത്തിലിറങ്ങുക," ഗംഭീർ വ്യക്തമാക്കി.
ന്യൂസിലൻഡിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്കും ശേഷം വരാനിരിക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫിക്കുമായി കോഹ്ലി കാത്തിരിക്കുകയായിരുന്നെന്നും ഗംഭീർ കൂട്ടിച്ചേർത്തു. ഒരു മത്സരത്തിന്റെയോ അല്ലെങ്കില്‍ സീരീസിന്റെയോ അടിസ്ഥാനത്തില്‍ ഒരു താരത്തെ വിലയിരുത്താൻ പാടില്ലെന്നും ഗംഭീർ ഓർമപ്പെടുത്തി. കായികമാകുമ്പോള്‍ തോല്‍വികളുണ്ടാകും, തുടർച്ചയായ വിലയിരുത്തലുകള്‍ നല്ല കാര്യമല്ലെന്നും ഗംഭീർ അഭിപ്രായപ്പെട്ടു.
ഏറ്റവും പ്രധാനമായി നമുക്ക് അനുകൂലമായ ഫലങ്ങളുണ്ടാക്കാൻ കഴിയുന്നുണ്ടെങ്കില്‍, വിജയത്തിലേക്ക് ടീം പദ്ധതിക്ക് അനുസരിച്ച് താരങ്ങള്‍ക്ക് സംഭാവന ചെയ്യാൻ സാധിക്കുന്നുണ്ടെങ്കില്‍, അത് മതിയാകുമെന്നും ഗംഭീർ പറഞ്ഞു.
"എല്ലാവർക്കും എല്ലാ ദിവസവും മികച്ചതായിരിക്കില്ല. ഏത് സാഹചര്യത്തിലും താരങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ഞങ്ങളുടെ ശൈലി. ഏറ്റവും മികച്ച ഇലവനുമായി കളിക്കുക എന്നതാണ് എന്റെ ലക്ഷ്യം, അല്ലാതെ താരങ്ങളെ തഴയുകയല്ല," ഗംഭീർ തന്റെ നിലപാട് വ്യക്തമാക്കി.