കപിലിന്റെ മാത്രമല്ല, ലതാജിയുടേയും ലോകകപ്പ്

കപിലിന്റെ മാത്രമല്ല, ലതാജിയുടേയും ലോകകപ്പ്

1983 ൽ ഇന്ത്യ ചരിത്രത്തിലാദ്യമായി ലോക ചാമ്പ്യന്മാരായപ്പോൾ യഥാർത്ഥ "ലോകകപ്പ്" ടീമിന് സമ്മാനിച്ചത് ലതാജിയാണെന്ന് പറഞ്ഞിട്ടുണ്ട് വിക്കറ്റ് കീപ്പർ സയ്യദ് കിർമാനി.
Updated on
2 min read

ഇഷ്ടഗായകൻ കുന്ദൻ ലാൽ സൈഗളിന്റെ വിയോഗം സഹിക്കാനാകാതെ, ആ വാർത്ത പ്രക്ഷേപണം ചെയ്ത ട്രാൻസിസ്റ്റർ റേഡിയോ വിറ്റുകളഞ്ഞയാളാണ് ലതാ മങ്കേഷ്ക്കർ. പിന്നീടൊരിക്കലും ഒരു ട്രാൻസിസ്റ്റർ സ്വന്തമാക്കിയില്ല അവർ; സ്വന്തം പാട്ടുകൾ ശബ്ദതരംഗങ്ങളായി ലോകമെങ്ങും അലയടിക്കുമ്പോൾ പോലും.

അതേ ദുഃഖം പിന്നീടനുഭവിച്ചത് സച്ചിൻ ടെൻഡുൽക്കർ കളിക്കളത്തിൽ നിന്ന് വിടവാങ്ങിയപ്പോഴാണെന്ന് പറഞ്ഞിട്ടുണ്ട് ലതാജി. സച്ചിനില്ലാത്ത ക്രിക്കറ്റ് ശൂന്യമെന്ന് വിശ്വസിച്ചു അവർ. എക്കാലത്തെയും പ്രിയതാരമായിരുന്നു ലതയ്ക്ക് സച്ചിൻ. ഇഷ്ട കായികവിനോദം ക്രിക്കറ്റും. ഇന്ത്യൻ ടീമിന്റെ പ്രകടനങ്ങളെല്ലാം സൂക്ഷ്മമായി പിന്തുടർന്നുകൊണ്ടിരുന്നു അവർ; സ്വദേശത്തും വിദേശത്തും.

1983 ൽ ഇന്ത്യ ചരിത്രത്തിലാദ്യമായി ലോക ചാമ്പ്യന്മാരായപ്പോൾ യഥാർത്ഥ "ലോകകപ്പ്" ടീമിന് സമ്മാനിച്ചത് ലതാജിയാണെന്ന് പറഞ്ഞിട്ടുണ്ട് വിക്കറ്റ് കീപ്പർ സയ്യദ് കിർമാനി. "ദൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ലതാജി ഞങ്ങൾക്ക് വേണ്ടി പാടുമ്പോൾ ഏതോ സ്വപ്നലോകത്തായിരുന്നു ഞാൻ. ലതാജിയുടെ ആഗ്രഹപ്രകാരം ഞങ്ങളും ആ പാട്ടിൽ അലിഞ്ഞൊഴുകി. ലത മങ്കേഷ്‌കർക്കൊപ്പം ഒന്ന് പാടാൻ കൊതിക്കാത്ത ആരുണ്ടാകും?''

വിശ്വജേതാക്കളായി എത്തിയ കപിൽ ദേവിനും കൂട്ടർക്കും യഥോചിതമായ സ്വീകരണം നൽകണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ആഗ്രഹിച്ചത് സ്വാഭാവികം. നിർഭാഗ്യവശാൽ അത്രയും പണം ചെലവഴിക്കാനുള്ള ചുറ്റുപാടില്ല അന്നത്തെ ബി സി സി ഐക്ക്. ഇന്ത്യൻ ക്രിക്കറ്റ് പണം കായ്ക്കുന്ന മരമായി വളർന്നിരുന്നില്ല അന്ന്. കഷ്ടിച്ചാണ് കാര്യങ്ങൾ നടന്നുപോന്നിരുന്നത്. സർക്കാരിന്റെ സാമ്പത്തിക പിന്തുണയും അചിന്ത്യം.

ടീം ഇന്ത്യക്ക് ബിസിസിഐ ഒരുക്കിയ അനുമോദന ചടങ്ങില്‍ കപിലിനും ടീമിനുമൊപ്പം ലതാ മങ്കേഷ്‌കര്‍.
ടീം ഇന്ത്യക്ക് ബിസിസിഐ ഒരുക്കിയ അനുമോദന ചടങ്ങില്‍ കപിലിനും ടീമിനുമൊപ്പം ലതാ മങ്കേഷ്‌കര്‍.

പോംവഴി കണ്ടെത്തിയത് രാജ് സിംഗ് ദുംഗാർപ്പൂർ. ലതാജിയുടെ ഗാനമേള വഴി ഇന്ത്യൻ ടീമിന്റെ സ്വീകരണത്തിനും പാരിതോഷികത്തിനുള്ള തുക സ്വരൂപിക്കാനാകുമെന്ന് കേന്ദ്ര മന്ത്രി കൂടിയായ ബി സി സി ഐ പ്രസിഡണ്ട് എൻ കെ പി സാൽവെയെ ഉപദേശിക്കുന്നു ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്ററും ലതാജിയുടെ അടുത്ത സുഹൃത്തുമായിരുന്ന രാജ് സിംഗ്. അപൂർവമായേ ഗാനമേളകൾ നടത്താറുള്ളൂ ലതാജി. അതും വൻതുക പ്രതിഫലമായി സ്വീകരിച്ചുകൊണ്ട് മാത്രം. പക്ഷേ ഇന്ത്യൻ ടീമിന്റെ ധനശേഖരണാർത്ഥം ഒരു ഗാനമേള എന്ന ആശയം രാജ് സിംഗ് മുന്നോട്ടു വെക്കേണ്ട താമസം, ലതാജി അത് ഹൃദയപൂർവം ഏറ്റെടുക്കുന്നു. നയാപൈസ പോലും പ്രതിഫലമായി വേണ്ട എന്ന ഉറപ്പിൽ.

ഓഗസ്റ്റ്‌ 17 ന് ന്യൂഡല്‍ഹിയില്‍ നടന്ന ആ സംഗീതനിശ ഇന്ന് ചരിത്രത്തിന്റെ ഭാഗം; കപിലിനോടും കൂട്ടരോടുമുള്ള ആദരസൂചകമായി ലതാജി അവിടെ പാടിയ "ഭാരത് വിശ്വ വിജേത അപ്നാ ഭാരത് വിശ്വ വിജേത" എന്ന ഗാനവും. സന്ദർഭത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ഇന്ദീവർ എഴുതിയ വരികൾ ചിട്ടപ്പെടുത്തിയത് ലതാജിയുടെ സഹോദരൻ ഹൃദയനാഥ്‌ മങ്കേഷ്‌കർ. ലതാജിയുടെ കൂടെ കോറസിൽ പാടിയത് സുരേഷ് വാഡ്കർ, നിതിൻ മുകേഷ് എന്നിവർ. ഇന്ത്യൻ ടീം അംഗങ്ങളും ചേർന്നു അവർക്കൊപ്പം. കപിലിനെയും കൂട്ടരെയും പാടാൻ വേദിയിലേക്ക് ക്ഷണിച്ചത് ലതാജി തന്നെ.

സകല ചെലവും കഴിച്ച്‌ ആ ഗാനമേളയിൽ നിന്ന് പിരിഞ്ഞുകിട്ടിയ 20 ലക്ഷം രൂപയായിരുന്നു ലോകജേതാക്കൾക്കുള്ള ബി സി സി ഐയുടെ ഉപഹാരം. ടീം അംഗങ്ങൾക്കും ഒഫീഷ്യലുകൾക്കും ഒരു ലക്ഷം രൂപ വീതം ലഭിച്ചു. അന്നത്തെ സാഹചര്യത്തിൽ അതൊരു ചെറിയ തുകയല്ല. ഇന്ന് ചിന്തിക്കുമ്പോൾ അവിശ്വസനീയമായി തോന്നുമെങ്കിലും.

ഇന്ത്യയുടെ ആദ്യ ലോകകപ്പ് കിരീടത്തിന് നാൽപ്പത് വർഷം തികയുമ്പോൾ ലതാജിയുടെ ക്രിക്കറ്റ് മനസ്സ് ഒരിക്കൽ കൂടി ഓർമ്മയിൽ നിറയുന്നു. ഒപ്പം, മറക്കാനാവാത്ത ആ വിജയഗീതവും.

logo
The Fourth
www.thefourthnews.in