ഇനി സെമിയിലെ എതിരാളികളെ അറിയണം; ഇന്ത്യ-ന്യൂസിലന്‍ഡ് പോരിന് സാധ്യത
ലോകകപ്പിലെ ഏറ്റവും ഏകപക്ഷീയമായ മത്സരം ഇതായിരുന്നെന്ന് പറയാം. ശ്രീലങ്കയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. 'Game is half in the mind' എന്നൊരു പ്രയോഗമുണ്ട്, പകുതി കാര്യങ്ങളും നമ്മുടെ മനസിലാണെന്നാണ് അതിനര്‍ത്ഥം. മനസില്‍ കളി തോറ്റ് കഴിഞ്ഞ് കളത്തിലേക്ക് ഇറങ്ങിയിട്ട് കാര്യമില്ല. ഇന്ത്യയോട് കളിക്കുമ്പോള്‍ ഒരുവിധം എല്ലാ ടീമുകളും അനുഭവിക്കുന്ന കാര്യമിതാണിപ്പോള്‍.
നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്ന ടീമാണ് ശ്രീലങ്ക. നമ്മള്‍ അത് ഏഷ്യ കപ്പില്‍ കണ്ടതാണ്. പക്ഷേ ഏഷ്യ കപ്പ് ഫൈനലില്‍ സിറാജിന്റെ ഒരു സ്പെല്ലിന് മുന്നില്‍ അവര്‍ പെട്ടെന്ന് പരാജയം സമ്മതിച്ചിരുന്നു. അതിന്റെ ഒരു ഹാങ്ഓവര്‍ ഇന്നും അവരിലുണ്ടായിരുന്നു. ശ്രീലങ്ക 55 റണ്‍സിനൊക്കെ ഓള്‍ ഔട്ടാകുക എന്ന് പറഞ്ഞാല്‍, കളി ഏതായാലും പരാജയപ്പെടും എന്നാല്‍ പെട്ടെന്ന് തീര്‍ത്തേക്കാം എന്ന മനോഭാവത്തില്‍ കളിച്ച പോലെയായിരുന്നു.
ഇത്രയും ഏകപക്ഷീയമായി മത്സരങ്ങള്‍ മാറുമ്പോള്‍ ലോകകപ്പിന്റേതായ നിലവാരത്തിലേക്ക് എത്താതെ പോകും
അവരുടെ ബാറ്റര്‍മാരുടെ ശരീരഭാഷയില്‍ അത് പ്രകടവുമായിരുന്നു. ഒരു 100-150 റണ്‍സിന് നമ്മള്‍ ജയിക്കുമായിരുന്നു, പക്ഷേ 300 റണ്‍സ് വ്യത്യാസം എന്നത് ശ്രീലങ്ക പരിപൂര്‍ണമായി കീഴടങ്ങി എന്ന് വേണം മനസിലാക്കാന്‍. ഇത്രയും ഏകപക്ഷീയമായി മത്സരങ്ങള്‍ മാറുമ്പോള്‍ ലോകകപ്പിന്റേതായ നിലവാരത്തിലേക്ക് എത്താതെ പോകും. ശ്രീലങ്ക ഉയര്‍ന്ന് വരേണ്ടതുണ്ട്.
ഇനിയിപ്പോള്‍ സെമി ഫൈനല്‍ ഉറപ്പാക്കിയെങ്കിലും എതിരാളികള്‍ ആരാണെന്ന് അറിയണം. കാരണം, ദക്ഷിണാഫ്രിക്ക നന്നായി കളിക്കുന്നുണ്ട്, ഓസ്ട്രേലിയയും സമാനമായി തന്നെ മികവ് പുലര്‍ത്തുന്നു, ന്യൂസിലന്‍ഡ് കുറച്ചൊന്ന് പിന്നോട്ട് പോയിട്ടുണ്ടെങ്കിലും സെമിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ-ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ സെമി ഫൈനല്‍ സംഭവിക്കുമെന്നാണ് കരുതുന്നത്.
ഫൈനല്‍ വരെ കാര്യങ്ങള്‍ നമുക്ക് എളുപ്പമായേക്കും, പക്ഷേ ഫൈനല്‍ തീര്‍ച്ചയായും കഠിനമായിരിക്കും. അത് ഒരു മത്സരം മാത്രമാണ്, എല്ലാ ടീമുകളും മികച്ച് നില്‍ക്കുന്നു. നമ്മള്‍ അനായാസം നേടിയ ജയങ്ങളില്‍ നിന്ന് അമിത ആത്മവിശ്വാസത്തിലേക്ക് എത്തരുത്. നിലവില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും എല്ലാ ബോക്സുകളും ടിക്ക് ചെയ്യാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
അടുത്ത മത്സരം ദക്ഷിണാഫ്രിക്കയുമായാണ്. അവര്‍ മികച്ച ഫോമിലാണെങ്കിലും ഇന്ത്യയ്ക്ക് തന്നെയാണ് മുന്‍തൂക്കം. ലീഗ് ഘട്ടത്തിലെ ഏറ്റവും ആവേശകരമായ മത്സരമായി മാറാനുള്ള സാധ്യതകളുണ്ട്. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് അവരുടെ ബാറ്റിങ് നിര ശക്തമാണ്, പക്ഷെ ബൗളിങ് നമ്മുടേത് പോലെ അത്ര മികവുറ്റതല്ല. പോയിന്റ് പട്ടികയിലെ ഇരുടീമുകളുടേയും സ്ഥാനം നിര്‍ണയിക്കുന്ന മത്സരം കൂടിയാകും ഇത്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം ലീഗ് ഘട്ടത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടമായി മാറാനുള്ള സാധ്യതകളുണ്ട്
നിലവിലെ ബൗളിങ് പ്രകടനം പരിശോധിക്കുകയാണെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവ് സംഭവിച്ചാല്‍ സൂര്യകുമാര്‍ യാദവ് പുറത്തിരിക്കേണ്ടതായി വന്നേക്കും. മുഹമ്മദ് ഷമിയെ എന്തായാലും ഇനി ഡ്രോപ് ചെയ്യാനാകില്ല. മുഹമ്മദ് സിറാജും തിരിച്ചുവരവ് നടത്തിയിരിക്കുന്നു, പിന്നെയുള്ള ജസ്പ്രിത് ബുംറയാണ്, അദ്ദേഹമാണ് ബൗളിങ് നിരയെ മുന്നോട്ട് കൊണ്ടുപോകുന്നത് തന്നെ. ടീമിന്റെ ബാലന്‍സ് പ്രധാനപ്പെട്ടതാണ്, സൂര്യകുമാറിനേക്കാള്‍ ടീമിന് കൂടുതല്‍ ഗുണം ചെയ്യുന്നത് ഹാര്‍ദിക്ക് തന്നെയാണ്.