'ഹെഡ്' ഉയര്‍ത്തി കംഗാരുപ്പട; കിവീസിനെതിരേ പടുകൂറ്റന്‍ സ്‌കോര്‍

'ഹെഡ്' ഉയര്‍ത്തി കംഗാരുപ്പട; കിവീസിനെതിരേ പടുകൂറ്റന്‍ സ്‌കോര്‍

വെടിക്കെട്ട് സെഞ്ചുറി നേടിയ ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിന്റെയും മിന്നുന്ന അര്‍ധസെഞ്ചുറിയുമായി മികച്ച പിന്തുണ നല്‍കിയ ഡേവിഡ് വാര്‍ണറിന്റെയും ബാറ്റിങ് മികവിലാണ് ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്
Updated on
1 min read

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ചിരവൈരികളായ ന്യൂസിലന്‍ഡിനെ റണ്‍മഴയില്‍ മുക്കി ഓസ്‌ട്രേലിയ. ധരംശാലയിലെ എച്ച്.സി.എ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അവര്‍ 49.2 ഓവറില്‍ 388 റണ്‍സ് നേടി പുറത്തായി. വെടിക്കെട്ട് സെഞ്ചുറി നേടിയ ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിന്റെയും മിന്നുന്ന അര്‍ധസെഞ്ചുറിയുമായി മികച്ച പിന്തുണ നല്‍കിയ ഡേവിഡ് വാര്‍ണറിന്റെയും ബാറ്റിങ് മികവിലാണ് ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്.

ആദ്യ പന്തുമുതല്‍ ആക്രമിച്ചു കളിച്ച ഇരുവരും വെറും 19 ഓവറില്‍ 175 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഹെഡ് 67 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 109 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ 65 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ആറു സിക്‌സറുകളും സഹിതം 81 റണ്‍സായിരുന്നു വാര്‍ണറിന്റെ സമ്പാദ്യം.

ഇവര്‍ക്കു പുറമേ 24 പന്തുകളില്‍ നിന്ന് 41 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, 28 പന്തില്‍ 38 റണ്‍സ് നേടിയ ജോഷ് ഇന്‍ഗ്ലിസ്, 14 പന്തില്‍ രണ്ടു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 37 റണ്‍സ് നേടിയ നായകന്‍ പാറ്റ് കമ്മിന്‍സ്, 51 പന്തുകളില്‍ നിന്ന് 36 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

റണ്‍മഴയ്ക്കിടയിലും പത്തോവറില്‍ വെറും 37 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഗ്ലെന്‍ ഫിലിപ്‌സാണ് കിവീസ് നിരയില്‍ മികച്ച ബൗളിങ് കാഴ്ചവച്ച താരം. സ്‌ട്രൈക്ക് ബൗളര്‍ ട്രെന്റ് ബോള്‍ട്ടും മൂന്നു വിക്കറ്റ് വീഴ്ത്തിയെങ്കിലും പത്തോവറില്‍ 77 റണ്‍സ് വിട്ടുകൊടുത്തത് തിരിച്ചടിയായി. മിച്ചല്‍ സാന്റ്‌നര്‍ രണ്ടു വിക്കറ്റ് നേടിയപ്പോള്‍ മാറ്റ് ഹെന്റ്‌റി, ജയിംസ് നീഷം എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in