ക്രിക്കറ്റെന്നൊരു കളിയും ഒരൊറ്റ ഓസ്ട്രേലിയയും
1877ലാണ് അവർ ഔദ്യോഗികമായി ഒരു ക്രിക്കറ്റ് മത്സരത്തിന്റെ ഭാഗമാകുന്നത്, അന്ന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു തുടക്കം. അവിടെ നിന്ന് 2024ലേക്ക് എത്തുമ്പോള്‍ ഏകദേശം ഒന്നരനൂറ്റാണ്ടിന്റെ ദൂരമുണ്ട്. കാലത്തിനൊപ്പം സഞ്ചരിച്ച് ക്രിക്കറ്റിന്റെ 'വലുപ്പവും' ചുരുങ്ങിത്തുടങ്ങിയിരിക്കുന്നു. ഇനിയെത്ര ആയുസ് ഓരോ ഫോർമാറ്റിനും അവശേഷിക്കുന്നുണ്ട് എന്നതും പ്രവചനാതീതം. പക്ഷേ, ചരിത്രത്തിന്റെ അങ്ങേത്തലയ്ക്കല്‍ നിന്ന് ഇങ്ങേത്തലയ്ക്കലേക്ക് നോക്കുമ്പോള്‍ ക്രിക്കറ്റ് എന്ന മൂന്നക്ഷരത്തിനൊപ്പം തലയുയർത്തി നില്‍ക്കുന്നത് അവർ മാത്രമാണ്. സർവാധിപത്യത്തോടെ സ്ഥിരതയോടെ മികവോടെ...ഓസീസ്!
ആധിപത്യം എന്ന വാക്കിന് നിഘണ്ടുവില്‍ പല വിശദീകരണവുമുണ്ടാകാം. ക്രിക്കറ്റില്‍ അതിന് ഒരു അർത്ഥം മാത്രമാണുള്ളതെന്ന് ഇത്തവണത്തെ അണ്ടർ 19 ഏകദിന ലോകകപ്പ് കിരീടനേട്ടത്തോടെ ഓസ്ട്രേലിയ ഒരിക്കല്‍ക്കൂടി തെളിയിച്ചു. ടൂർണമെന്റില്‍ തോല്‍വി അറിയാതെ, എതിരാളികളെ ഭയക്കാതെ, സമ്മർദങ്ങളെ അതീജീവിച്ചെത്തിയ ഇന്ത്യയെയാണ് പരാജയപ്പെടുത്തിയത് എന്നത് കിരീടത്തിന്റെ മധുരം അല്‍പ്പം കൂട്ടുന്നുണ്ട്. അണ്ടർ 19 ജേതാക്കളായതോടെ ക്രിക്കറ്റിന്റെ എല്ലാ വിഭാഗങ്ങളിലേയും എല്ലാ ഫോർമാറ്റിലേയും നിലവിലെ ചാമ്പ്യന്മാർ എന്ന തലക്കെട്ടും കംഗാരുപ്പട സ്വന്തമാക്കി.
പുരുഷ വിഭാഗം ഏകദിന ലോകകപ്പും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഇന്ത്യയെ കീഴടക്കിയാണ് പോയവർഷം ഓസ്ട്രേലിയ നേടിയത്. 2022 ട്വന്റി20 ലോകകപ്പില്‍ പരാജയപ്പെടുത്തിയത് ഇംഗ്ലണ്ടിനെയും. വനിത ക്രിക്കറ്റില്‍ ഏകദിനത്തില്‍ (2022) വിശ്വകിരീടം ചൂടിയത് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചായിരുന്നു, ട്വന്റി20യില്‍ (2023) ദക്ഷിണാഫ്രിക്കയേയും. ഈ അപൂർവ നേട്ടത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നതുപോലും ആദ്യം. മറ്റൊരു കായിക ഇനത്തില്‍ ഏതെങ്കിലുമൊരു ടീം ഇത്തരമൊരു റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ടോയെന്ന് പോലും സംശയമാണ്.
എല്ലാ ഫോർമാറ്റിലും ഓസ്ട്രേലിയ ഇത്ര സ്ഥിരതയോടെ ആധിപത്യം സ്ഥാപിക്കുന്നതിന്റെ കാരണമെന്താകും? ക്രിക്കറ്റില്‍ ഒരു ചൊല്ലുണ്ട്, 'Runs on the board in a big final and batters win you matches, bowlers win you tournaments,' എന്ന്. സമ്മർദങ്ങള്‍ക്ക് കീഴ്പ്പെടാതെ ഇത് കൃത്യമായി കളത്തില്‍ നടപ്പിലാക്കുന്ന ഒരേയൊരു ടീം ഓസ്ട്രേലിയ മാത്രമാണ്. അതിന്റെ ഉദാഹരണങ്ങള്‍ നിരത്തേണ്ട ആവശ്യകതയില്ല, മേല്‍പ്പറഞ്ഞ നേട്ടങ്ങളുടെ പട്ടിക തന്നെ അതിനുള്ള തെളിവാണ്. ടീമിന്റെ പ്രകടനം മാത്രമല്ല ഇവിടെ ഘടകമാകുന്നത്, ധൈര്യപൂർവമായ തീരുമാനങ്ങളെടുക്കാന്‍ തയാറാകുന്ന മാനേജ്മെന്റിന് കൂടി അർഹിക്കുന്നതാണ് കൈയടി.
അത് തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് ഓസ്ട്രേലിയയെ വ്യത്യസ്തമാക്കുന്നത്. ഫോമിലല്ലാത്ത താരങ്ങള്‍ക്ക് അവസരം കൊടുത്ത് കൊടുത്ത് കൊടുത്ത് ഫോമിലാക്കിയെടുക്കുന്ന രീതിയവർക്കില്ല. ഏത് മുതിർന്ന താരമാണെങ്കിലും മങ്ങിത്തുടങ്ങിയാല്‍ കളത്തിന് പുറത്തു തന്നെ സ്ഥാനം. അതിന് ഇരയായവരില്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഏകദിന ലോകകപ്പ് ഹീറൊ ട്രാവിസ് ഹെഡുമൊക്ക് ഉള്‍പ്പെടുന്നുണ്ട്. തിരികെ ടീമിലേക്ക് എത്തണമെങ്കില്‍ ഫോം വീണ്ടെടുക്കുക മാത്രമാണ് മുന്നിലുള്ള മാർഗം. മറുവശത്ത് ഇന്ത്യയാകട്ടെ ഒരുതാരത്തില്‍ വിശ്വാസം അർപ്പിച്ചാല്‍ മാറിച്ചിന്തിക്കാന്‍ പോലും തയാറാകില്ല.
അതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ് ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യർ, ശ്രീകർ ഭരത് തുടങ്ങിയവരുടെ ടെസ്റ്റിലെ സ്ഥാനം. ഗില്‍ വിശാഖപട്ടണത്ത് സെഞ്ചുറി നേടി ആശ്വാസം കണ്ടെത്തിയെങ്കിലും മറ്റുള്ളവരുടെ കാര്യം അങ്ങനയല്ലതാനും. ഏകദിനത്തില്‍ സൂര്യകുമാർ യാദവ് തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരുന്നപ്പോഴും അവസരം നിഷേധിക്കാന്‍ മാനേജ്മെന്റ് തയാറായിരുന്നില്ല. ഏകദിന ലോകകപ്പ് ഫൈനലില്‍ സൂര്യകുമാറിന്റെ പ്രകടനം വലിയ വിമർശനങ്ങള്‍ക്ക് വിധേയമായതും അതുകൊണ്ടു തന്നെയായിരുന്നു.
ഓസ്ട്രേലിയ കിരീടം ചൂടിയ ഏകദിന ലോകകപ്പ്, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, അണ്ടർ 19 ലോകകപ്പ് എന്നിവയിലെല്ലാം ഇന്ത്യയായിരുന്നു ഫൈനലിലെ എതിരാളികള്‍, 2003 ഏകദിന ലോകകപ്പ് ഫൈനലും ഇതിനൊപ്പം ചേർത്ത് വായിക്കാം. ഈ നാല് ഫൈനലുകള്‍ വരെ ഇന്ത്യയെത്തിയത് സമ്പൂർണ ആധിപത്യത്തോടെ തന്നെയായിരുന്നു. കലാശപ്പോരിലെത്തിയപ്പോള്‍ ചുവടുപിഴച്ചു എന്ന് മാത്രമല്ല അടിതെറ്റി വീഴുകയും ചെയ്തതു. ഓസ്ട്രേലിയയെ കാണുമ്പോള്‍ ഇന്ത്യയുടെ മുട്ടുവിറയ്ക്കുമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്, ഇത് ശരിവെക്കും വിധമായിരുന്നു എല്ലാ ഫലങ്ങളും.
ഇത്തരം പറച്ചിലുകള്‍ക്കൊരു അവസാനം കാണുമെന്ന ഉറച്ച പ്രതീക്ഷയായിരുന്നു 2023 ഏകദിന ലോകകപ്പ്. ചരിത്രം കണ്ട ഏറ്റവും മികച്ച ലോകകപ്പ് ടീമെന്നാണ് ഇന്നും രോഹിതിന്റെ സംഘത്തെ വിശേഷിപ്പിക്കുന്നത്. പക്ഷേ, കിരീടം മാത്രം കയ്യെത്താ ദൂരത്താണ് 'ഇന്നും'.