'പട്ടിണിപ്പാവങ്ങള്‍' വരുന്നില്ല; ലോകകപ്പ് മത്സരവും വന്നേക്കില്ല
ക്രിക്കറ്റ് ജ്വരത്തില്‍ നിന്ന് അകന്നുമാറി നടന്നു ശീലമില്ലാത്ത മലയാളി ആരാധകര്‍ കേരളത്തില്‍ നടക്കാന്‍ പോകുന്ന രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിനു നേരെ മുഖം തിരിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് നാളെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ടോസ് വീഴുമ്പോള്‍ ഗ്യാലറിയില്‍ ആര്‍ത്തുവിളിക്കാന്‍ അധികം പേരുണ്ടാകില്ല.
38,000 പേര്‍ക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയത്തില്‍ മത്സരത്തിന് ഇനി കേവലം മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോള്‍ പകുതിമുക്കാല്‍ സീറ്റുകളും ഒഴിഞ്ഞുകിടക്കുമെന്നാണ് ടിക്കറ്റ് വില്‍പ്പനാ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ ഇവിടെ നടന്ന മത്സരങ്ങളുടെ ടിക്കറ്റുകള്‍ വില്‍പ്പന ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നപ്പോള്‍ ഇക്കുറി മത്സരത്തലേന്നായ ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 8000-ല്‍ ചില്വാനം ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയിരിക്കുന്നത്.
കായിക മന്ത്രി വി. അബ്ദുറഹ്‌മാന്റെ 'പട്ടിണിപ്പാവം' പരാമര്‍ശവും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടൃത്തിയ വിനോദനികുതി ഉള്‍പ്പടെയുള്ളവയുടെ വര്‍ധനയും ടിക്കറ്റ് വില്‍പ്പനയെ സാരമായി ബാധിച്ചിരിക്കുകയാണ്. അപ്പര്‍ ടയറിന് 1000 രൂപയും നികുതിയും ലോവര്‍ ടയറിന് 2000 രൂപയും നികുതിയുമാണ് ടിക്കറ്റ് നിരക്ക്.
ഈ നിരക്കില്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ ആരാധകര്‍ തയാറാകാഞ്ഞതോടെയാണ് ഒഴിഞ്ഞ ഗ്യാലറിക്കു മുന്നില്‍ മത്സരം നടത്തേണ്ട അവസ്ഥയിലേക്ക് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ നീങ്ങിയത്. മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ വിജയിച്ചതോടെ ആവേശം കുറഞ്ഞതും കാര്യവട്ടം ഏകദിനത്തിന് എത്താനുള്ള ക്രിക്കറ്റ് പ്രേമികളുടെ താത്പര്യം കുറച്ചുവെന്നു വേണം കരുതാന്‍.
അതിനിടെയിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.മത്സരം നടത്തുന്നതിനുള്ള വിനോദനികുതി വര്‍ധിപ്പിച്ചതില്‍ പരാതി ഉയര്‍ന്നപ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. നികുതി കുറയ്ക്കുന്ന പ്രശ്‌നമില്ലെന്നും പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടെന്നുമാണ് മന്ത്രി അബ്ദുറഹ്‌മാന്‍ തുറന്നടിച്ചത്.
ഇതിനു മുമ്പ് നടന്ന ഇന്ത്യദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരത്തിന്റെ വിനോദ നികുതിയായി കോര്‍പറേഷന് നല്കിയത് 22.32 ലക്ഷം രൂപയാണ്. അഞ്ചു ശതമാനമായിരുന്നു അന്ന് വിനോദനികുതി. അത് ഇക്കുറി 12 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഇതോടെയാണ് ടിക്കറ്റ് നിരക്ക് ഗണ്യമായി ഉയര്‍ന്നത്.
നാളത്തെ മത്സരത്തിന് കാണികള്‍ എത്താതെ വന്നാല്‍ അത് കേരളത്തിലേക്ക് കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ എത്തുന്നതിന് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഏതെങ്കിലും മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടത്താനുള്ള ശ്രമത്തിലായിരുന്നു കെ.സി.എ. ആ നീക്കത്തിനും ഇതു കനത്ത തിരിച്ചടിയാകും. ടിക്കറ്റ് വരുമാനം ഗണ്യമായി ലഭിക്കുന്ന ഉത്തരേന്ത്യന്‍ വേദികള്‍ ഒഴിവാക്കി കേരളത്തില്‍ മത്സരം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബി.സി.സി.ഐ. എത്തിയാല്‍ അത് കേരളാ ക്രിക്കറ്റിനും ആരാധകര്‍ക്കും വലിയ നഷടമാകുമെന്നു തീര്‍ച്ചയാണ്.