കൈവശം ഡ്രൈവിങ് ലൈസൻസില്ല, തോന്നിയത് പോലെ വാഹനമോടിച്ചു; പാക് നായകൻ ബാബർ അസമിന് പിഴ
ഗതാഗത നിയമങ്ങൾ പാലിക്കാതെ വാഹനമോടിച്ചതിന് പാകിസ്താൻ നായകൻ ബാബർ അസമിന് പിഴ. ലാഹോറിലെ ഗുൽബർഗിലൂടെ വാഹനമോടിച്ചു പോകുന്നതിനിടെയാണ് വാഹനമോടിക്കുന്നതിനിടെയാണ് ബാബറിനെ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയത്. വരി തെറ്റിച്ചു വാഹനമോടിക്കുകയും ഇതിനു പിന്നാലെ പരിശോധന നടത്തിയപ്പോൾ കൈവശം ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നുമാണ് താരത്തിന് 2000 രൂപ പിഴ ചുമത്തിയത്.
ഏകദിന ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് പാക് നായകന്‍ കുടുങ്ങിയത്. നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്നലെയായിരുന്നു പാകിസ്താന്‍ ടീമിന് ഇന്ത്യയിലേക്ക് വരാനുള്ള ഇന്ത്യന്‍ വിസ ലഭിച്ചത്.
വിസ ലഭിക്കാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് ദുബായിലെ പരിശീലനം പിസിബി ഒഴിവാക്കിയിരുന്നു. ലോകകപ്പ് സന്നാഹമത്സരങ്ങള്‍ക്ക് മുന്‍പ് പാകിസ്താൻ ടീം ദുബായില്‍ രണ്ട് ദിവസത്തെ പരിശീലന ക്യാമ്പ് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാൽ വിസ കിട്ടാൻ വൈകിയതോടെ പാക് ടീമിന്റെ ലോകകപ്പ് ഒരുക്കങ്ങൾ തടസപ്പെടുകയായിരുന്നു. ആദ്യ സന്നാഹ മത്സരത്തിന് മുൻപായി പാകിസ്താൻ ടീം നാളെ ഇന്ത്യയിലെത്തും.