'സ്വന്തം മണ്ണില്‍ കളിക്കുന്ന അനുഭവം'; ഇന്ത്യയെക്കുറിച്ച് ബാബര്‍ അസം

'സ്വന്തം മണ്ണില്‍ കളിക്കുന്ന അനുഭവം'; ഇന്ത്യയെക്കുറിച്ച് ബാബര്‍ അസം

ലോകകപ്പിന് മുന്നോടിയായി നടന്ന 'ക്യാപ്റ്റൻസ് ഡേ' പരിപാടിയിൽ സംസാരിക്കവെയാണ് പാകിസ്ഥാൻ താരം ബാബർ അസമിന്റെ പ്രതികരണം
Updated on
1 min read

ഇന്ത്യയിൽ ലഭിച്ച വൻ സ്വീകരണത്തെക്കുറിച്ച് വാചാലനായി പാകിസ്താന്‍ ക്യാപ്റ്റൻ ബാബർ അസം. ഇന്ത്യന്‍ മണ്ണില്‍ ഇത്രയും സ്വീകാര്യത ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് താരം പറഞ്ഞു. തങ്ങള്‍ ഇന്ത്യയിലാണെന്നു തോന്നുന്നില്ലന്നും, സ്വന്തം രാജ്യത്തുള്ളത് പോലെയായിരുന്നു ഇന്ത്യയിൽ നിന്നും കിട്ടിയ സ്വീകരണമെന്നും ബാബർ കൂട്ടിച്ചേർത്തു. ലോകകപ്പിന് മുന്നോടിയായി അഹ്മദാബാദിൽ 10 ടീമുകളുടെ നായകന്മാർ പങ്കെടുത്ത 'ക്യാപ്റ്റൻസ് ഡേ' പരിപാടിയിലാണ് അസം മനസ്സുതുറന്നത്.

"ഒരാഴ്ചയായി ഞങ്ങൾ ഹൈദരാബാദിലുണ്ട്. ഇന്ത്യയിലാണുള്ളതെന്ന് അനുഭവപ്പെടുന്നേയില്ല. സ്വന്തം നാട്ടിലുള്ള പോലെയാണ്. ഹൈദരാബാദിൽ ലഭിച്ച സ്വീകരണം ഇഷ്ടപ്പെട്ടു. അതിനെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു വരവേൽപ്പ് പ്രതീക്ഷിച്ചിരുന്നില്ല, ഒരുപാട് സന്തോഷം, മനസ്സുനിറഞ്ഞു.'' അസം പറഞ്ഞു.

'സ്വന്തം മണ്ണില്‍ കളിക്കുന്ന അനുഭവം'; ഇന്ത്യയെക്കുറിച്ച് ബാബര്‍ അസം
ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് കൊടിയേറ്റം; ഉദ്ഘാടനപ്പോരില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍

അതേസമയം പാകിസ്താന്‍ ആരധകർക്ക് ഇന്ത്യയിലെത്താൻ സാധിക്കാത്തതിലുള്ള ഖേദവും താരം പ്രകടിപ്പിച്ചിരുന്നു."ഗാലറിയിൽ കാണികളായി പാകിസ്താന്‍ ആരാധകർ കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. എല്ലാ സ്റ്റേഡിയത്തിലും എല്ലാ മത്സരങ്ങളിലും കാണികളുടെ പിന്തുണ ലഭിക്കാൻ ഞങ്ങൾ ശ്രമിക്കും," അദ്ദേഹം പറഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, പാകിസ്താന്‍ ആരാധകർക്കും മാധ്യമങ്ങൾക്കുമുള്ള വിസ നടപടിക്രമങ്ങളിൽ ഉടനടി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് കത്തെഴുതിയതായി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.

നീണ്ട ഏഴു വർഷത്തിന് ശേഷമാണ് ഒരു അന്താരാഷ്ട്ര മത്സരത്തിനായി പാകിസ്താന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലെതുന്നത്. വിമാനത്താവളത്തിനുമുന്നിൽ ഗംഭീര വരവേൽപ്പാണ് നിരവധി ആരാധകരും ഉദ്യോഗസ്ഥരും ചേർന്ന് ടീമിന് നൽകിയത്. പാകിസ്താന്‍ ടീമിനെ ഇരു കൈകളും നീട്ടിയാണ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർ സ്വീകരിച്ചത്. ആകര്‍ഷണീയമായ സ്വീകരണത്തിന്റെ സന്തോഷം ബാബർ അസം ഉൾപ്പെടെയുള്ള പാകിസ്താന്‍ താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

നസീം ഷായുടെ അസാന്നിധ്യം ടീമിലുണ്ടെങ്കിലും ബൗളിംഗ് തന്നെയാണ് ടീമിന്റെ ഏറ്റവും വലിയ ശക്തിയെന്നും വരാനിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനായി കാത്തിരിക്കുകയാണെന്നും അസം പരിപാടിയിൽ പറഞ്ഞു. ക്രിക്കറ്റ് ആരാധകർ ഉറ്റു നോക്കുന്ന ഇന്ത്യ - പാക് പോരാട്ടം ഒക്ടോബർ 14ന് അഹമ്മദാബാദിൽ നടക്കും.

'സ്വന്തം മണ്ണില്‍ കളിക്കുന്ന അനുഭവം'; ഇന്ത്യയെക്കുറിച്ച് ബാബര്‍ അസം
ഇന്ത്യ ശത്രു രാജ്യമെന്ന് പിസിബി ചെയർമാൻ; സ്നേഹമുള്ളവരെന്ന് മുഹമ്മദ് റിസ്‌വാൻ

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ തോൽവിയേറ്റുവാങ്ങിയെങ്കിലും പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസമിന്റെ ഇന്നിംഗ്സ് ശ്രദ്ധേയമായിരുന്നു. 90 റണ്സെടുത്ത അസം ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. ഒക്ടോബർ ആറിന് നെതർലൻഡ്സിനെതിരെയാണ് ലോകകപ്പിൽ പാകിസ്താന്റെ ആദ്യ മത്സരം.

logo
The Fourth
www.thefourthnews.in