'ഏതു വേദിയില്‍ കളിക്കാനും തയാര്‍'; ലക്ഷ്യം ലോകകപ്പ് മാത്രമെന്ന് ബാബര്‍ അസം
2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയിലെ ഏത് വേദിയില്‍ കളിക്കാനും തയ്യാറാണെന്ന് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ''ആരോടാണ് കളിക്കുന്നതെന്നോ എവിടെവച്ചാണെന്നതോ എനിക്ക് പ്രശ്‌നമല്ല. ഞങ്ങള്‍ ലോകകപ്പ് കളിക്കാനാണ് പോകുന്നത്, അത് ഇന്ത്യയ്‌ക്കെതിരെ മാത്രമല്ല. ഞങ്ങള്‍ ഒരു ടീമില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല, മറ്റ് ഒന്‍പത് ടീമുകളും ഉണ്ട്. അതിനാല്‍ അവരെയൊക്കെ തോല്‍പ്പിച്ചാല്‍ മാത്രമേ ഫൈനലില്‍ എത്തുകയുള്ളു,'' പാക് നായകന്‍ പറഞ്ഞു.
ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാന്‍ വരാന്‍ പാക് സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് ടീം. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതിക്കായി അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും ആഭ്യന്തര, വിദേശ മന്ത്രാലയങ്ങള്‍ക്കും കത്തയച്ചു.
അഹമ്മദാബാദിനെ കൂടാതെ ഹൈദരാബാദ്, ചെന്നൈ, ബെഗുളുരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലും പാകിസ്താന്‍ കളിക്കുന്നുണ്ട്.
ഫ്രൊഫഷണലുകളെന്ന നിലയില്‍ എവിടെ കളിക്കാനും തയ്യാറായിരിക്കണമെന്നും ക്രിക്കറ്റ് മത്സരങ്ങള്‍ എവിടെയുണ്ടോ അവിടെയൊക്കെ പോയി ക്രിക്കറ്റ് കളിക്കുമെന്നും ബാബര്‍ പറഞ്ഞു. എല്ലാ രാജ്യങ്ങളിലും കളിക്കാന്‍ ടീം ആഗ്രഹിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു. അഹമ്മദാബാദിനെ കൂടാതെ ഹൈദരാബാദ്, ചെന്നൈ, ബെഗുളുരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലും പാകിസ്താന്‍ കളിക്കുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ കളിക്കാനിറങ്ങുന്നത് എന്നതിനാല്‍ ടീം ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
2012 ന് ശേഷം ഇതാദ്യമായാണ് ടീം ഇന്ത്യ സ്വന്തം മണ്ണില്‍ പാകിസ്താനുമായി കൊമ്പുകോര്‍ക്കുന്നത്. ഒക്ടോബര്‍ 15ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന പോരാട്ടം. ഇന്ത്യയില്‍ കളിക്കുന്നതിന് പാകിസ്താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതിനിടെ പാകിസ്താന്റെ എതിര്‍പ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളുകയായിരുന്നു.