'Pant'astic! നായകന്റെ ചിറകില്‍ ക്യാപിറ്റല്‍സ്; ടൈറ്റന്‍സിനെതിരേ നാലിന് 224

'Pant'astic! നായകന്റെ ചിറകില്‍ ക്യാപിറ്റല്‍സ്; ടൈറ്റന്‍സിനെതിരേ നാലിന് 224

നായകനു പുറമേ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയ അക്‌സര്‍ പട്ടേലും വാലറ്റത്ത് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച ട്രിസ്റ്റന്‍ സ്റ്റബ്‌സും മികച്ച പ്രകടനം കാഴ്ചവച്ചു
Updated on
1 min read

നായകന്‍ ഋഷഭ് പന്ത് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച സ്‌കോര്‍. സ്വന്തം തട്ടകമായ ന്യൂഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അവര്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് അടിച്ചുകൂട്ടിയത്.

43 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും എട്ട് സിക്‌സറുകളും സഹിതം 88 റണ്‍സുമായി പുറത്താകാതെ നിന്ന പന്താണ് ടീമിന്റെ നട്ടെല്ലായത്. നായകനു പുറമേ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയ അക്‌സര്‍ പട്ടേലും വാലറ്റത്ത് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച ട്രിസ്റ്റന്‍ സ്റ്റബ്‌സും മികച്ച പ്രകടനം കാഴ്ചവച്ചു. ഓപ്പണര്‍ ജേക്ക് ഫ്രേസറാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

അക്‌സര്‍ 43 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 66 റണ്‍സ് നേടിയപ്പോള്‍ ഏഴു പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 26 റണ്‍സാണ് സ്റ്റബ്‌സ് നേടിയത്. 14 പന്തുകളില്‍ നിന്ന് രണ്ടു വീതം ഫോറും സിക്‌സും സഹിതം 23 റണ്‍സാണ് ഫ്രേസറുടെ സമ്പാദ്യം. ഓപ്പണര്‍ പൃഥ്വി ഷാ(11), മധ്യനിര താരം ഷായ് ഹോപ്(5) എന്നിവര്‍ നിരാശപ്പെടുത്തി.

ഒരു ഘട്ടത്തില്‍ മൂന്നിന് 44 എന്ന നിലയില്‍ പതറിയ ക്യാപിറ്റല്‍സിനെ നാലാം വിക്കറ്റില്‍ പന്ത്-അക്‌സര്‍ കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 113 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഗുജറാത്തിനു വേണ്ടി മൂന്നോവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മലയാളി താരം സന്ദീപ് വാര്യരാണ് ബൗളിങ്ങില്‍ തിളങ്ങിയത്. സ്പിന്നര്‍ നൂര്‍ അഹമ്മദിനാണ് ശേഷിച്ച ഒരു വിക്കറ്റ്.

logo
The Fourth
www.thefourthnews.in