'ദയനീയ നിലവാരം'; അമ്പയര്‍മാര്‍ക്കെതിരേ പൊട്ടിത്തെറിച്ച് ഹര്‍മന്‍പ്രീത്
ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തിന് ശേഷം അംപയറിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക ഹര്‍മന്‍പ്രീത് കൗര്‍. അംപയറിങ് പരമ്പരയിലെ അമ്പയറിങ് വളരെ പരിതാപകരമായിരുന്നുവെന്നും ചില തീരുമാനങ്ങള്‍ കടുത്ത നിരാശയുണ്ടാക്കുന്നു എന്നുമാണ് താരത്തിന്റെ പ്രതികരണം. ഇന്നു നടന്ന മൂന്നാം ഏകദിനത്തില്‍ ഹര്‍മന്‍പ്രീതിനെ എല്‍ബിഡബ്ലുവില്‍ പുറത്താക്കിയ മോശം അമ്പയറിങ്ങിനിതിരെ താരം മൈതാനത്തുവച്ച് തന്നെ പ്രതിഷേധിച്ചിരുന്നു. അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ പ്രകോപിതയായ ഹര്‍മന്‍ സ്റ്റംപ് ബാറ്റുകൊണ്ട് അടിച്ചുതെറുപ്പിച്ചാണ് കളം വിട്ടത്. മത്സരം 'ടൈ'യിലാണ് കലാശിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 സമനിലയില്‍ അവസാനിച്ചു.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 സമനിലയില്‍ അവസാനിച്ചു.
മത്സരത്തിന്റെ 34ാം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്. നാഹിദ അക്തര്‍ എറിഞ്ഞ പന്ത് സ്വീപ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഹര്‍മന്‍പ്രീത് പുറത്താകുന്നത്. ബംഗ്ലാദേശ് താരങ്ങള്‍ അപ്പീല്‍ ചെയ്യുകയും അംപയര്‍ എല്‍ബിഡബ്ല്യു വിധിക്കുകയും ചെയ്തു. ഈ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഹര്‍മന്‍പ്രീത് അംപയറോട് തട്ടിക്കയറുകയും ദേഷ്യത്തില്‍ ബാറ്റുകൊണ്ട് സ്റ്റംപ് അടിച്ചുതെറുപ്പിക്കുകയും ചെയ്തു. പന്ത് ബാറ്റില്‍ തട്ടിയിട്ടുണ്ടെന്ന് താരം വിളിച്ചു പറയുകയും ചെയ്തു. 21 പന്തില്‍ 14 റണ്‍സ് എടുത്താണ് ഹര്‍മന്‍പ്രീത് പുറത്തായത്.
പരമ്പരയിലുടനീളം മോശം അംപയറിങ് ആയിരുന്നു എന്നും അതാണ് തന്നെ പ്രകോപിതയാക്കിയതെന്നും താരം വ്യക്തമാക്കി. ''ഈ കളിയില്‍ നിന്ന് ധാരാളം പഠിക്കാനുണ്ട്. ഈ അംപയറിങ് ഞങ്ങളെ വല്ലാതെ ആശ്ചര്യപ്പെടുത്തി, അടുത്ത തവണ ബംഗ്ലാദേശില്‍ കളിക്കുമ്പോള്‍ ഇത്തരത്തിലുള്ള അംപയറിങ്ങിനെ എങ്ങനെ നേരിടണമെന്ന് ഞങ്ങള്‍ വ്യക്തമായി പഠിച്ചിട്ട് വരും,'' മത്സരത്തിന് ശേഷം താരം പറഞ്ഞു. ''ബംഗ്ലാദേശ് നന്നായി ബാറ്റ് ചെയ്തു, അവര്‍ സാഹചര്യങ്ങള്‍ക്കൊത്ത് കളിച്ചു. ഞങ്ങള്‍ കുറച്ച് റണ്‍സ് വിട്ടുകൊടുത്തെങ്കിലും ബാറ്റിങ്ങില്‍ കൃത്യമായി നിയന്ത്രിച്ചാണ് മുന്നോട്ട് പോയത് എന്നാല്‍ അംപയറിങ് ദയനീയമായിരുന്നു. അംപയര്‍മാരുടെ ചില തീരുമാനങ്ങള്‍ ഞങ്ങളെ വല്ലാതെ നിരാശരാക്കി''. ഇന്ത്യന്‍ ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി.
മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു. ഫര്‍ഗാന ഹഖിന്റെ സെഞ്ചുറിയുടെയും ഷാമിന സുല്‍ത്താനയുടെ അര്‍ധസെഞ്ചുറിയുടെയും ബലത്തില്‍ ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി സ്മൃതി മന്ദാനയും ഹര്‍ലീന്‍ ഡിയോളും അര്‍ധ സെഞ്ചുറി തികച്ചു. മന്ദാന 85 പന്തില്‍ 59 റണ്‍സും ഡിയോള്‍ 108 പന്തില്‍ നിന്ന് 77 റണ്‍സുമാണ് അടിച്ചെടുത്തത്. എന്നാല്‍ അനായാസ വിജയം മുന്നില്‍ കണ്ട ഇന്ത്യയ്ക്ക് വിക്കറ്റ് വീഴ്ച തിരിച്ചടിയായി. ഗംഭീര തിരിച്ചുവരവ് നടത്തിയ ബംഗ്ലാദേശ് മത്സരം 'ടൈ'യിലെത്തിച്ച് പരമ്പര സമനിലയിലാക്കി.