CWC2023 |ടിക്കറ്റില്ല, പക്ഷെ ഗ്യാലറിയില്‍ സീറ്റുണ്ട്; ലോകകപ്പില്‍ ബിസിസിഐക്ക് ആരാധകരുടെ 'റെഡ് കാര്‍ഡ്'
ഏകദിന ക്രിക്കറ്റ് ലോകകപ്പ് ആരംഭിച്ച് ഇന്ന് അഞ്ചാം നാള്‍. ആദ്യ വാരം തന്നെ ബിസിസിക്കും ഐസിസിക്കുമെതിരെ 'റെഡ് കാര്‍ഡ്' ഉയര്‍ത്തിയിരിക്കുകയാണ് ആരാധകര്‍. കാരണം മോശം സംഘാടനവും ടിക്കറ്റ് വില്‍പ്പനയിലെ വീഴ്ചകളുമാണ്. ഇംഗ്ലണ്ട് - ന്യൂസിലന്‍ഡ് ഉദ്ഘാടന മത്സരത്തില്‍ അഹമ്മദാബാദ് സ്റ്റേഡിയത്തിലെ ഒഴിഞ്ഞ ഗ്യാലറികള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ പ്രത്യക്ഷപ്പെട്ടിരുന്നു. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായിട്ടില്ലെന്നാണ് കാണാനാകുന്നത്.
ക്രാഷാകുന്ന ഒരു പോര്‍ട്ടലിനെയാണ് ടിക്കറ്റിന് വേണ്ടി ആശ്രയിക്കേണ്ടി വരുന്നത്
"ലോകമെമ്പാടുമുള്ള ലോകകപ്പ് മത്സരങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ടിക്കറ്റ് സംവിധാനത്തില്‍ വീഴ്ചകളുണ്ട്. ഒന്നാമത്തെ ദിവസം തന്നെ ക്രാഷാകുന്ന ഒരു പോര്‍ട്ടലിനെയാണ് ടിക്കറ്റിന് വേണ്ടി ആശ്രയിക്കേണ്ടി വരുന്നത്. സീറ്റുകളുടെ കാര്യത്തിലോ എത്ര നേരം കാത്തിരിക്കണമോ എന്നതില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ല. പോര്‍ട്ടലില്‍ 24 മണിക്കൂറും ആരാധകര്‍ ചിലവഴിക്കണമെന്ന തരത്തിലാണ് സമയക്രമീകരണം," ക്രിക്കറ്റ് ആരാധകനും അഭിഭാഷകനുമായ സാഫിര്‍ അഹമ്മദ് എക്കണോമിക് ടൈംസിനോട് പറഞ്ഞു.
ക്രിക്കറ്റ് ആരാധകര്‍ കൂടുതലുള്ള രാജ്യമായിട്ടും കാണികളുടെ അഭാവമുണ്ടാകുന്നത് എന്തുകൊണ്ടാണെന്നാണ് ആരാധകരുടെ ചോദ്യം. ബിസിസിഐയുടെ സംഘാടക മികവിന്റെ പോരായ്മയാണ് ഇതിന് പിന്നിലെ കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നതും. ലോകകത്തിലെ ഏറ്റവും സമ്പന്നവും സ്വാധീനവുമുള്ള ക്രിക്കറ്റ് ബോര്‍ഡായിട്ടും ബിസിസിഐക്ക് ലോകകപ്പിന് നിലവാരം ഉയര്‍ത്താനായിട്ടില്ലെന്നും ആക്ഷേപമുണ്ട്. 2018 മുതല്‍ 2022 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ 27,411 കോടിയാണ് ബിസിസിഐയുടെ വരുമാനമെന്നും എക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ലോകകപ്പിലെ ഏറ്റവും ആകാംഷയേറിയ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് 14,000 ടിക്കറ്റുകള്‍ കൂടി ബിസിസിഐ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് അവസാനവാരം വരെ ടിക്കറ്റ് കിട്ടാനില്ലെന്ന പരാതി ആരാധകര്‍ ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു നീക്കം. ലോകകപ്പിന്റെ മത്സരക്രമവും സ്റ്റേഡിയങ്ങളും വൈകി പ്രഖ്യാപിച്ചതും നിരവധി മത്സരങ്ങള്‍ പുനഃക്രമിക്കേണ്ടി വന്നതും വീഴ്ചയാണെന്ന് ബിസിസിഐയുടെ മുന്‍ അംഗങ്ങള്‍ എക്കണോമിക് ടൈംസിനോട് പ്രതികരിക്കവെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ടിക്കറ്റ് വിതരണത്തില്‍ സുതാര്യതയില്ലെന്നാണ് പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യപ്പെടാത്ത മുന്‍ ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. "ബിസിസിഐക്ക് മികച്ച രീതിയില്‍ ലോകകപ്പ് സംഘടിപ്പിക്കാന്‍ കഴിയുമായിരുന്നു. മറ്റ് അന്താരാഷ്ട്ര കായിക ടൂര്‍ണമെന്റുകള്‍ പരിശോധിച്ച് നോക്കു. ടിക്കറ്റുകള്‍ വളരെ നേരത്തെ തന്നെ വിറ്റഴിയുന്നത് കാണാം. ഇത് ആരാധകര്‍ക്ക് അവരുടെ യാത്രയും താമസവുമൊക്കെ ക്രമീകരിക്കാന്‍ സഹായിക്കുകയും ചെയ്യും," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.