വീണ്ടും ബാറ്റിങ് തകര്‍ച്ച; രണ്ടാം ടി20യിലും ഇന്ത്യക്ക് തോല്‍വി

വീണ്ടും ബാറ്റിങ് തകര്‍ച്ച; രണ്ടാം ടി20യിലും ഇന്ത്യക്ക് തോല്‍വി

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ മധ്യനിര താരം നിക്കോളാസ് പൂരാന്റെ മിന്നുന്ന ബാറ്റിങ്ങാണ് വിന്‍ഡീസിന്‌ തുണായത്
Updated on
1 min read

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോല്‍വി. ജോര്‍ജ്ടൗണിലെ പ്രോവിഡന്‍സ് സ്‌റ്റേഡിയത്തില്‍ ഇന്നു നടന്ന മത്സരത്തില്‍ രണ്ടു വിക്കറ്റിനാണ് വിന്‍ഡീസ് ഇന്ത്യയെ തോല്‍പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ഏഴു പന്ത് ബാക്കിനില്‍ക്കെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ മധ്യനിര താരം നിക്കോളാസ് പൂരാന്റെ മിന്നുന്ന ബാറ്റിങ്ങാണ് അവര്‍ക്ക് തുണായത്. 40 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 67 റണ്‍സാണ് പൂരാന്‍ അടിച്ചെടുത്തത്. 19 പന്തുകളില്‍ നിന്ന് 21 റണ്‍സുമായി നായകന്‍ റോവ്മാന്‍ പവലും 22 പന്തില്‍ നിന്ന് 22 റണ്‍സുമായി ഷിംറോണ്‍ ഹെറ്റ്മയറും പൂരാന് മികച്ച പിന്തുണ നല്‍കി.

ഇന്ത്യക്കു വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തിയ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ബൗളിങ്ങില്‍ മികച്ചു നിന്നത്. രണ്ടു വിക്കറ്റുകളുമായി സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹാലും മികച്ച പ്രകടനം കാഴ്ചവച്ചു. ഓരോ വിക്കറ്റുകള്‍ വീതം നേടിയ അര്‍ഷ്ദീപ് സിങ്ങും മുകേഷ് കുമാറും ഇരുവര്‍ക്കും പിന്തുണ നല്‍കി.

നേരത്തെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ച മധ്യനിര ബാറ്റര്‍ തിലക് വര്‍മയുടെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. തിലകിനു പുറമേ 27 റണ്‍സ് നേടിയ ഓപ്പണര്‍ ഇഷാന്‍ കിഷനും 24 റണ്‍സ് നേടിയ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 14 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലാണ് രണ്ടക്കം കടന്ന മറ്റൊരു ഇന്ത്യന്‍ താരം.

ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍(7), മധ്യനിര താരം സൂര്യകുമാര്‍ യാദവ്(1), മലയാളി താരം സഞ്ജു സാംസണ്‍(7) എന്നിവര്‍ നിരാശപ്പെടുത്തി. 41 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 51 റണ്‍സ് നേടിയാണ് തിലക് ഇന്ത്യയുടെ ടോപ് സ്‌കോററായത്. എട്ടു റണ്‍സുമായി രവി ബിഷ്‌ണോയിയും ആറു റണ്‍സുമായി അര്‍ഷ്ദീപ് സിങ്ങും പുറത്താകാതെ നിന്നു. വെസ്റ്റിന്‍ഡീസിനു വേണ്ടി രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ അകീല്‍ ഹൊസെയ്ന്‍, ജേസണ്‍ ഹോള്‍ഡര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരാണ് തിളങ്ങിയത്.

logo
The Fourth
www.thefourthnews.in