'ഞങ്ങൾക്ക് വിശ്വാസമുണ്ട്'; ഇന്ത്യന്‍ ടീമിലേയ്ക്കുള്ള ബുംറയുടെ മടങ്ങിവരവിന്റെ കാരണം വിശദീകരിച്ച് പ്രഗ്യാൻ ഓജ
ലോകകപ്പ് മത്സരത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറയുടെ സാന്നിധ്യം ഏറെ ഗുണം ചെയ്യുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പ്രഗ്യാൻ ഓജ. ജസ്പ്രീത് ബുംറയുടെ പരിചയ സമ്പത്ത് ടീമിന്റെ പ്രകടനത്തിന് ഗുണം ചെയ്യുമെന്ന് വിലയിരുത്തിയാണ് കഴിഞ്ഞ ഒരു വർഷമായി മത്സര രംഗത്തില്ലെങ്കിലും ബുംറയെ ടീമിലേയ്ക്ക് തിരിച്ചെടുത്തത് എന്നും ഓജ ചുണ്ടിക്കാട്ടുന്നു.
"ഒരു വർഷമായി അദ്ദേഹം ഗ്രൗണ്ടിലിറങ്ങിയിട്ടില്ലെങ്കിലും ഇന്ത്യൻ ടീമിൽ ബുംറയുടെ സാന്നിധ്യം സുപ്രധാനമാണെന്നാണ് ഞങ്ങൾ കരുതുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തതും തിരിച്ചെടുത്തതും. അതുമാത്രമല്ല 2022-ൽ ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് മത്സരത്തിലും ബുംറ ടീമിനെ നയിച്ചിട്ടുണ്ട്. ഇതും ഏറെ സഹായകമാകുമെന്നാണ് കരുതുന്നത്" ഓജ പറഞ്ഞു.
എന്നാൽ കഴിഞ്ഞ ഒരു വർഷമായി കളിക്കിറങ്ങാത്തതിനാൽ പഴയ ഫിറ്റ്‌നസിലേയ്ക്ക് മടങ്ങിയെത്തുക എന്നതും ബുംറയെ സംബന്ധിച്ച് വെല്ലുവിളിയാണെന്ന് ഓജ പറഞ്ഞു. "അയർലൻഡ് പര്യടനത്തിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ച വച്ചാൽ അത് ബുംറയുടെ മാത്രമല്ല ബിസിസിഐയുടെയും എൻസിഎയുടെയും കൂടി വിജയമാകും. അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ ലോകകപ്പിലേയ്ക്ക് തിരിച്ചു വരവും എളുപ്പത്തിൽ സാധ്യമാകും"ഓജ കൂട്ടിച്ചേർത്തു.
അയർലൻഡ് പര്യടനത്തിലൂടെയാണ് ദേശീയ ടീമിലേക്കുള്ള പേസർ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 18 നു ആരംഭിക്കുന്ന മൂന്നു മത്സര ടി20 പരമ്പരയായിട്ടുള്ള അയർലൻഡ് പര്യടനത്തിൽ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുന്നത്.
എന്നാൽ പരുക്കിനെത്തുടര്‍ന്ന് 11 മാസമായി ദേശീയ ടീമിനു പുറത്തായിരുന്നെങ്കിലും ബുംറയുടെ അന്താരാഷ്ട്ര ടീമിലേയ്ക്കുള്ള തിരിച്ചു വരവ് ഏറെ നിർണായകമാണ്. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് ബുംറയുടെ മടങ്ങിവരവ് ബിസിസിഐ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ബുംറ അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്. ന്യൂസിലൻഡിൽ വച്ച് നടന്ന നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടും ദേശീയ ടീമിലേയ്ക്കുള്ള മടങ്ങി വരവിന്റെ ഭാഗമായി താരം ബെംഗളൂരുവിലെ അക്കാദമിയിൽ പരിശീലനം നടത്തി വരുകയായിരുന്നു.