കപിലിന്റെ ടീമിന്റെ 'നൈറ്റ് ക്യാപ്റ്റന്‍'

കപിലിന്റെ ടീമിന്റെ 'നൈറ്റ് ക്യാപ്റ്റന്‍'

നൈറ്റ് പാര്‍ട്ടികള്‍ക്കും, ഫാഷന്‍ ഷോകള്‍ക്കും, സൈറ്റ് സീയിങ്ങിനുമൊക്കെ 83-ലെ ടീമംഗങ്ങള്‍ ഇംഗ്ലണ്ടിലെ തെരുവുകളില്‍ അലഞ്ഞിട്ടുണ്ടെങ്കില്‍ നയിച്ചത് മറ്റാരുമായിരിക്കില്ല, സന്ദീപ് പാട്ടീല്‍ തന്നെ.
Updated on
2 min read

1983 ക്രിക്കറ്റ് ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിന് ആ വിജയഗാഥ മാത്രമല്ല പറയുവാനുള്ളത്. കളത്തിനകത്തും പുറത്തുമുള്ള അന്നത്തെ ഒട്ടനവധി നര്‍മ മുഹൂര്‍ത്തങ്ങളുടെ കഥകളും ആ ടീമിലെ ഓരോ താരങ്ങളും പറയും. അതിലൊട്ടുമിക്കതിലും നായകന്‍ ഒരാളായിരിക്കുമെന്നു മാത്രം. അന്നത്തെ ഏറ്റവും 'നോട്ടി ബോയ്' ആയിരുന്ന സന്ദീപ് പാട്ടീല്‍.

83-ലെ ഇന്ത്യന്‍ ടീമിനെ പകല്‍ കളത്തില്‍ നയിച്ചത് കപില്‍ ദേവ് ആയിരുന്നെങ്കില്‍ രാത്രിയില്‍ ആ ടീമിന്റെ നായകന്‍ സന്ദീപ് പാട്ടീലായിരുന്നു. നൈറ്റ് പാര്‍ട്ടികള്‍ക്കും, ഫാഷന്‍ ഷോകള്‍ക്കും, സൈറ്റ് സീയിങ്ങിനുമൊക്കെ അന്നത്തെ ടീമംഗങ്ങള്‍ ഇംഗ്ലണ്ടിലെ തെരുവുകളില്‍ അലഞ്ഞിട്ടുണ്ടെങ്കില്‍ നയിച്ചത് മറ്റാരുമായിരിക്കില്ല, സന്ദീപ് പാട്ടീല്‍ തന്നെ. അങ്ങനെ അദ്ദേഹത്തിന് ഒരു വിളിപ്പേരും വീണു - ടീം ഇന്ത്യയുടെ 'നൈറ്റ് ക്യാപ്റ്റന്‍'.

ക്രിക്കറ്റ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് സന്ദീപ് പാട്ടീലിന്റെ വരവ്. 1956 ഓഗസ്റ്റ് 18 നു മുംബൈയിലാണ് സന്ദീപ് പാട്ടീലിന്റെ ജനനം. പിതാവ് മധുസൂദൻ പാട്ടീലും ഒരു ക്രിക്കറ്റ് താരമായിരുന്നു. മുംബൈയിലെ വിഖ്യാതമായ ശിവാജി പാര്‍ക്കില്‍ കളിച്ചാണ് അദ്ദേഹവും ക്രിക്കറ്റിലേക്ക് എത്തുന്നത്. മീഡിയം പേസറായി കരിയര്‍ തുടങ്ങിയ അദ്ദേഹം ബോംബെ യൂണിവേഴ്‌സിറ്റിയില്‍ പടിക്കുന്ന സമയത്താണ് ബാറ്റിങ്ങിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

യൂണിവേഴ്‌സിറ്റി തലത്തില്‍ കാഴ്ചവച്ച മികവ് അദ്ദേഹത്തെ അധികം വൈകാതെ 1975-ല്‍ ബോംബെ രഞ്ജി ടീമില്‍ എത്തിച്ചു. തുടക്കകാലത്ത് രഞ്ജി ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ പാടുപെട്ട സന്ദീപ് പാട്ടീല്‍ മൂന്നു വര്‍ഷത്തിനു ശേഷം 1978 ഓടെ മുംബൈയുടെ വിശ്വസ്ത ബാറ്റ്‌സ്മാനായി മാറി. 1979-ലെ രഞ്ജി ട്രോഫി സെമിഫൈനലില്‍ ഡല്‍ഹിക്കെതിരേ നേടിയ 145 റണ്‍സാണ് അദ്ദേഹത്തെ ദേശീയ ടീം സെലക്ടര്‍മാരുടെ കണ്ണുകളില്‍ എത്തിച്ചത്. അതേ വര്‍ഷം തന്നെ ഇംഗ്ലണ്ടില്‍ എഡ്മണ്ടനു വേണ്ടി കൗണ്ടി കളിച്ച സന്ദീപ് പാട്ടീലിന് 1980-ല്‍ ദേശീയ ടീമിലേക്ക് ക്ഷണം ലഭിച്ചു. പാകിസ്താനെതിരേ 1980 ജനുവരി 15-നായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. അതേ വര്‍ഷം ഡിസംബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഏകദിനത്തിലും അരങ്ങേറി. 1981-82 ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ മാഞ്ചസ്റ്റർ ടെസ്റ്റിൽ ബോബ് വില്ലിസിന്റെ ഒരോവറിൽ ആറു പന്തും ബൗണ്ടറിയിലേയ്ക്ക് പായിച്ച സന്ദീപ് പാട്ടീലിനെ ആരാധകർക്ക് ഒരിക്കലും മറക്കാനാകില്ല.

ബൗളർമാരെ ആത്‌മവിശ്വാസം കൊണ്ട് തകർക്കുക എന്നതായിരുന്നു പാട്ടീലിന്റെ രീതി. മറ്റ് ബാറ്റ്‌സ്മാൻമാരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും അത് തന്നെയായിരുന്നു. ഇന്ത്യക്കു വേണ്ടി 29 ടെസ്റ്റുകളും 45 ഏകദിനങ്ങളും കളിച്ച പാട്ടീൽ മധ്യനിരയിലെ പവർ ഹിറ്റിങ് ബാറ്റ്സ്മാനും മീഡിയം പേസ് ബോളറുമായിരുന്നു. 83 ലോകകപ്പില്‍ 8 ഇന്നിംഗ്‌സുകളിൽ നിന്നായി രണ്ട് അർധസെഞ്ചുറികൾ ഉൾപ്പെടെ 30.85 എന്ന മിതമായ ശരാശരിയിൽ 216 റൺസ് മാത്രമാണ് പാട്ടീലിന് നേടാനായത്.

വിരമിച്ച ശേഷം ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു പാട്ടീൽ. എന്നാൽ കെനിയൻ ടീമിനെ പരിശീലിപ്പിച്ച് 2003 ഏകദിന ലോകകപ്പ് സെമിഫൈനലിൽ എത്തിച്ചതോടെയാണ് പരിശീലകന്‍ എന്ന നിലയില്‍ അദ്ദേഹം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ മുംബൈ ചാംപ്‌സിന്റെ പരിശീലകനായിരുന്നു സന്ദീപ് പാട്ടീൽ. എന്നാൽ 2009ൽ അനൗദ്യോഗികമായി ലീഗുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ വീണ്ടും മുഖ്യധാരയിലേക്ക് തിരിച്ചെത്തി.

ഡേവ് വാട്ട്‌മോറിന് പകരമായി ബിസിസിഐ അദ്ദേഹത്തെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) ഡയറക്ടറായി നിയമിച്ചു. 2012 സെപ്റ്റംബർ 27ന് ബിസിസിഐ സെലക്ഷൻ കമ്മിറ്റിയുടെ പുതിയ മേധാവിയായി അദ്ദേഹം നിയമിതനായി. ക്രിക്കറ്റിൽ മാത്രമല്ല അഭിനയ ജീവിതത്തിലും പാട്ടീൽ തന്റേതായ വ്യക്തിമുദ്ര കാഴ്ചവച്ചിട്ടുണ്ട്. 1983 ലോകകപ്പ് വിജയത്തിനു പിന്നാലെ ‘കഭീ അജ്നബി ദെ’ എന്ന ബോളിവുഡ് സിനിമയിലും പാട്ടീൽ അഭിനയിച്ചു.

logo
The Fourth
www.thefourthnews.in