'ചെന്നൈ ഒന്ന് സഹായിക്കണം, പ്ലീസ്'; ഐപിഎല്‍ ഉദ്ഘാടന മത്സരത്തിന് ടിക്കറ്റ് തേടി അശ്വിന്
ഇന്ത്യന്‍ സൂപ്പർ ലീഗിലെ (ഐപിഎല്‍) ചെന്നൈ സൂപ്പർ കിങ്സ് - റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഉദ്ഘാടന മത്സരത്തിന് ടിക്കറ്റ് തേടി രവിചന്ദ്രന്‍ അശ്വിന്‍. ''ചെപ്പൊക്കില്‍ നടക്കുന്ന ചെന്നൈ-ബാംഗ്ലൂർ മത്സരത്തിന് അവിശ്വസനീയമായ ഡിമാന്‍ഡാണ്. എന്റെ കുട്ടികള്‍ക്ക് ഉദ്ഘാടന മത്സരം കാണണമെന്നുണ്ട്. ചെന്നൈ സൂപ്പർ കിങ്സ് ദയവായി സഹായിക്കണം''- സമൂഹ മാധ്യമമായ എക്സില്‍ അശ്വിന്‍ കുറിച്ചു. ചെന്നൈയുടെ മുന്‍ താരം കൂടിയായ അശ്വിന്‍ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാണ്.
തന്റെ കരിയറില്‍ നിർണായക പങ്കുവഹിച്ചതിന് ചെന്നൈയുടെ നായകന്‍ എം എസ് ധോണിയോട് അശ്വിന്‍ കഴിഞ്ഞ വാരം നന്ദി പറഞ്ഞിരുന്നു. തന്റെ വളർച്ചയ്ക്ക് ഏറെ സഹായകരമായ അവസരങ്ങള്‍ നല്‍കിയത് ധോണിയാണെന്നും അശ്വിന്‍ കൂട്ടിച്ചേർത്തു. ഐപിഎല്ലില്‍ ധോണിയുടെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു അശ്വിന്‍. മത്സരത്തിന്റെ ഏത് സാഹചര്യത്തിലും കളി തിരിക്കാന്‍ അശ്വിന്റെ കൈകളെയായിരുന്നു ധോണി ആശ്രയിച്ചിരുന്നത്. പവർപ്ലേയില്‍ ഉള്‍പ്പെടെ അശ്വിന് മികവ് പുലർത്താനും കഴിഞ്ഞിരുന്നു.
ട്വന്റി20യിലെ എക്കാലത്തെയും അപകടകാരിയായ ബാറ്റർ ക്രിസ് ഗെയ് ലിനെതിരെ പവർപ്ലേയില്‍ തന്നെ പരീക്ഷിക്കാനുള്ള ധോണിയുടെ ധൈര്യത്തേയും അശ്വിന്‍ പ്രശംസിച്ചു. തുടക്കം മുതല്‍ ചെന്നൈയുടെ ഭാഗമായിരുന്ന അശ്വിന്‍ അന്ന് ടീമിലുണ്ടായിരുന്ന ഇതിഹാസ താരങ്ങളായ മുത്തയ്യ മുരളീധരന്‍, മാത്യു ഹെയ്‌ഡന്‍ തുടങ്ങിയവർക്കൊപ്പമുള്ള അനുഭവവും പങ്കുവെച്ചിരുന്നു.
2011ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ അശ്വിന്‍ അടുത്തിടെ ചില ഐതിഹാസിക നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. 100 ടെസ്റ്റ് മത്സരങ്ങള്‍, ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടം എന്നിവയായിരുന്നു അശ്വിന്‍ അടുത്തിടെ മറികടന്നത്. മുരളീധരന് ശേഷം നൂറില്‍ താഴെ ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 500 വിക്കറ്റ് നേടുന്ന ആദ്യ താരമാകാനും അശ്വിന് സാധിച്ചു.