രാജ്കോട്ടില്‍ ബാസ്ബോള്‍; ബെന്‍ ഡക്കറ്റിന് സെഞ്ചുറി, ഇന്ത്യക്കെതിരേ തിരിച്ചടിച്ച് ഇംഗ്ലണ്ട്
രാജ്കോട്ട് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ തിരിച്ചടിച്ച് ഇംഗ്ലണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 445 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 207-2 എന്ന നിലയിലാണ്. സെഞ്ചുറി നേടിയ ബെന്‍ ഡക്കറ്റിന്റെ ഇന്നിങ്സാണ് (133) സന്ദർശകർക്ക് തുണയായത്. ഡക്കറ്റിനൊപ്പം ജോ റൂട്ടാണ് (19) ക്രീസില്‍. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും രവിചന്ദ്രന്‍ അശ്വിനുമാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.
രാജ്കോട്ടില്‍ ബാസ്ബോളിന്റെ തീവ്രത എത്രത്തോളമാണെന്ന് ഇന്ത്യന്‍ ബോളിങ് നിര അറിഞ്ഞു. മറ്റ് ബാറ്റർമാരെ കാഴ്ചക്കാരാക്കി ഡക്കറ്റ് അനായാസം ബൗണ്ടറികള്‍ കണ്ടെത്തി. ട്വന്റി20 ശൈലിയിലായിരുന്നു ഡക്കറ്റ് ബാറ്റ് വീശിയത്. ഒന്നാം വിക്കറ്റ് വീഴ്ത്താന്‍ 13 ഓവർ മാത്രമായിരുന്നു കാത്തിരിക്കേണ്ടി വന്നതെങ്കിലും ഇംഗ്ലണ്ട് സ്കോർ 89ലെത്തിയിരുന്നു.
സാക്ക് ക്രൗളിയെ രജത് പാട്ടിദാറിന്റെ കൈകളിലെത്തിച്ച് ടെസ്റ്റ് ക്രിക്കറ്റിലെ 500-ാം വിക്കറ്റ് നേട്ടം രവിചന്ദ്രന്‍ അശ്വിന്‍ ആഘോഷിച്ചു. പിന്നാലെയെത്തിയ ഒലി പോപ്പിനെ കൂട്ടുപിടിച്ചായിരുന്നു ഡക്കറ്റ് 'മർദനം' തുടർന്നത്. കേവലം 88 പന്തുകളില്‍ നിന്നായിരുന്നു താരം മൂന്നക്കം കടന്നത്. ഡക്കറ്റ് സെഞ്ചുറി നേടുമ്പോള്‍ ഇംഗ്ലണ്ട് സ്കോർ ബോർഡിലുണ്ടായിരുന്നത് 148 റണ്‍സായിരുന്നു.
ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരായ വേഗമേറിയ സെഞ്ചുറികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കാനും ഡക്കറ്റിനായി. അനായാസം ഇംഗ്ലണ്ട് സ്കോർ ചെയ്യുന്നതിനിടെയായിരുന്നു സിറാജിന്റെ പന്തില്‍ പോപ് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയത്. അഞ്ച് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 39 റണ്‍സായിരുന്നു പോപിന്റെ സമ്പാദ്യം. റിവ്യുവിലൂടെയായിരുന്നു പോപിന്റെ വിക്കറ്റ് ഇന്ത്യ നേടിയെത്തിയത്.
രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ഒപ്പമെത്താന്‍ എട്ട് വിക്കറ്റ് അവശേഷിക്കെ ഇംഗ്ലണ്ടിന് 238 റണ്‍സ് മാത്രമാണ് വേണ്ടത്. മൂന്നാം ദിനത്തിലെ ആദ്യ സെഷന്‍ ഇന്ത്യയ്ക്ക് ഏറെ നിർണായകമായിരിക്കും. വിക്കറ്റുകള്‍ വീഴ്ത്താനായില്ലെങ്കില്‍ കളി കൈവിട്ടുപോയേക്കും.
326-5 എന്ന നിലിയില്‍ രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് 119 റണ്‍സാണ് ചേർക്കാനായത്. കുല്‍ദീപ് യാദവിന്റേയും (4) രവീന്ദ്ര ജഡേജയുടേയും (112) വിക്കറ്റുകള്‍ തുടക്കത്തിലെ നഷ്ടമായെങ്കിലും പിന്നീട് അശ്വിനും (37) ദ്രുവ് ജൂറലും (46) നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ 400 കടത്തിയത്. ജസ്പ്രിത് ബുറയുടെ (26) ഇന്നിങ്സും തുണയായി. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് നാലും റേഹാന്‍ അഹമ്മദ് രണ്ടും വിക്കറ്റ് നേടി.