'എനിക്ക് വധഭീഷണി ഉണ്ടായിരുന്നു'; പുറത്താക്കലിനു പിന്നാലെ വിവാദ വെളിപ്പെടുത്തലുമായി റമീസ് രാജ

'എനിക്ക് വധഭീഷണി ഉണ്ടായിരുന്നു'; പുറത്താക്കലിനു പിന്നാലെ വിവാദ വെളിപ്പെടുത്തലുമായി റമീസ് രാജ

പാകിസ്താനിലെ പ്രമുഖ മാധ്യമമായ സമാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ റമീസ് രാജ പറഞ്ഞ കാര്യങ്ങള്‍ പാക് ക്രിക്കറ്റിനെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുകുലുക്കി.
Updated on
1 min read

സ്വന്തം മണ്ണില്‍ ഇംഗ്ലണ്ടിനെതിരേ നേരിട്ട നാണംകെട്ട തോല്‍വിക്കു പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റില്‍ 'തലകള്‍ ഉരുളുകയാണ്'. സ്ഥാനഭ്രഷ്ടനാക്കപ്പെട്ടവരില്‍ ഏറ്റവും പ്രമുഖരായത് പാക് ക്രിക്കറ്റ് ബോര്‍ഡ്(പി.സി.ബി) ചെയര്‍മാന്‍ റമീസ് രാജയും അദ്ദേഹത്തിന്റെ കീഴിലുള്ള മുഴുവന്‍ ബോര്‍ഡ് അംഗങ്ങളും ഉള്‍പ്പെടും.

റമീസ് രാജയ്ക്കു പകരം നജാറം സേതിയെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി നിയമിച്ചത്. കസേര തെറിച്ചതോടെ പാക് ക്രിക്കറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ അണിയറക്കഥകളും പരസ്യമായി വെളിപ്പെടുത്തുകയാണ് റമീസ് രാജ. കഴിഞ്ഞ ദിവസം പാകിസ്താനിലെ പ്രമുഖ മാധ്യമമായ സമാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ റമീസ് രാജ പറഞ്ഞ കാര്യങ്ങള്‍ പാക് ക്രിക്കറ്റിനെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുകുലുക്കി.

പി.സി.ബി. ചെയര്‍മാനായി പ്രവര്‍ത്തിക്കവെ തനിക്കു നേരെ വധഭീഷണി ഉണ്ടായിരുന്നുവെന്നും അതിനാല്‍ തന്റെ യാത്രകള്‍ക്കായി ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കേണ്ടി വന്നിരുന്നുവെന്നുമാണ് റമീസ് രാജ വെളിപ്പെടുത്തിയത്.

''ചെയര്‍മാനായി പ്രവര്‍ത്തിക്കുമ്പോള്‍ ഞാന്‍ ഉപയോഗിച്ച കാര്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ പേരിലാണുള്ളത്. ഞാന്‍ ആയിരുന്നില്ല വാങ്ങിയത്. എനിക്കു പകരം ചെയര്‍മാന്‍ സ്ഥാനത്തെത്തുന്ന ആള്‍ക്ക് അതുകൊണ്ടു തന്നെ ആ കാര്‍ ഉപയോഗിക്കാം. ഒരു വധഭീഷണി ലഭിക്കാതെ അയാള്‍ക്ക് ഒരിക്കലും ഒരു ബുള്ളറ്റ് പ്രൂഫ് കാറില്‍ സഞ്ചരിക്കാനാകില്ല. എനിക്ക് ങ്ങനെ ഭീഷണികള്‍ ഉണ്ടായതു കൊണ്ടാണ് ക്രിക്കറ്റ് ബോര്‍ഡ് അത്തരത്തില്‍ ഒരു കാര്‍ വാങ്ങിയത്'' - എന്നായിരുന്നു റമീസ് രാജയുടെ വെളിപ്പെടുത്തല്‍.

തനിക്കു നേരെ എന്നാണ് ഭീഷണികള്‍ ഉണ്ടായതെന്നും പാക് മുന്‍ താരം കൂടിയായ രാജ വെളിപ്പെടുത്തി. ''കഴിഞ്ഞ വര്‍ഷം ആദ്യം ഓസ്‌ട്രേലിയയുടെ പാകിസ്താന്‍ പര്യടനത്തിനിടെയായിരുന്നു. സംഭവം. എനിക്ക് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല. എന്നാല്‍ ഓസ്‌ട്രേലിയ പാകിസ്താനിലേക്ക് എത്തിയ മാര്‍ച്ച് മാസത്തില്‍ ഡി.ഐ.ജി. നേരിട്ട് എന്റെ വസതിയിലെത്തി ഭീഷണികള്‍ സംബന്ധിച്ച് പോലീസ് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. അതിനു ശേഷമാണ് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയത്''- റമീസ് രാജ പറഞ്ഞു.

നേരത്തെ പാകിസ്താന്റെ പുതിയ ക്രിക്കറ്റ് ബോര്‍ഡിനെതിരേയും രൂക്ഷ വിമര്‍ശനവുമായി റമീസ് രാജ രംഗത്തെത്തിയിരുന്നു. ''ഒരാളെ(നജാം സേതി) ക്രിക്കറ്റ് ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണഘടന തന്നെ മാറ്റിയെഴുതുകയാണ് ചെയ്തിരിക്കുന്നത്. ലോകത്ത് ഒരിടത്തും ഇങ്ങനൊരു പ്രവൃത്തി നടക്കില്ല, ഞാന്‍ കണ്ടിട്ടുമില്ല. ഇത് ഒരു ക്രിക്കറ്റ് സീസണിനിടയിലാണ് സംഭവിച്ചതെന്നതും അമ്പരപ്പിക്കുന്നു. അതും നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റ് കളിക്കാനായി മറ്റു രാജ്യങ്ങള്‍ പാകിസ്താനിലേക്ക് എത്തുന്ന സമയത്ത്. അവര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെ ആദ്യ മാറ്റി. പിന്നീട് ഒരു ദിവസം രാത്രി രണ്ടു മണിക്ക് അയാള്‍(നജാം സേതി) ട്വീറ്റ് ചെയ്യുന്നു റമീസ് രാജ പുറത്തുപോയെന്നു. ഇത് ഞാന്‍ കളിച്ചുവളര്‍ന്നയിടമാണ്. ഇത് എന്നെ വേദനിപ്പിക്കുന്നു'' -എന്നായിരുന്നു റമീസ് രാജയുടെ വിമര്‍ശനം.

logo
The Fourth
www.thefourthnews.in