ചാഹലിന്റെ പടിയിറക്കം പൂര്‍ത്തിയാകുന്നു; ഇനി 'ബിഷ്‌ണോയ്ക്കാലം'
ഒരു മാസം മുമ്പ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആതിഥേയര്‍ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ മുഖ്യ സ്പിന്നര്‍മാരില്‍ ഒരാളായി യുവതാരം രവി ബിഷ്‌ണോയിയെ പ്രഖ്യാപിച്ചതിലൂടെ ബിസിസിഐ ഒരു സന്ദേശമാണ് നല്‍കിയത്. നിയന്ത്രിത ഓവര്‍ ക്രിക്കറ്റില്‍ പന്ത് താഴെവയ്ക്കാന്‍ വെറ്ററന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലിനോടു പറയാതെ പറയുകയായിരുന്നു ക്രിക്കറ്റ് ബോര്‍ഡ് അതിലൂടെ. വരുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് മുന്‍നിര്‍ത്തി ഭാവി ടീമിനെ വാര്‍ത്തെടുക്കുന്ന ബിസിസിഐയുടെ പദ്ധതിയില്‍ നിന്ന് എന്നേ പുറത്തായിക്കഴിഞ്ഞ ചാഹല്‍ ഇനിയെത്രനാള്‍ കൂടി രാജ്യാന്തര ക്രിക്കറ്റില്‍ തുടരുമെന്നാണ് ഇനി അറിയാനുള്ളത്.
ലോകകപ്പിനു മുമ്പായി ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന ആറു ടി20 മത്സരങ്ങളില്‍ അവസാനത്തേതാണ് നാളെ അഫ്ഗാനിസ്ഥാനെതിരേ ബംഗളുരുവില്‍ അരങ്ങേറുക. ചാഹലിനു പകരം ബിഷ്‌ണോയ് ആകും യുഎസിലും കാനഡയിലുമായി ഈ വര്‍ഷം ജൂണില്‍ അരങ്ങേറുന്ന ലോകകപ്പില്‍ ഇന്ത്യയ്ക്കായി പന്ത് കുത്തിത്തിരിക്കുകയെന്നും ഉറപ്പായിക്കഴിഞ്ഞു. ഇതോടെ ലോകകപ്പിനു മുന്നോടിയായുള്ള ആദ്യ തലമുറമാറ്റം ബൗളിങ് നിരയില്‍ നടപ്പാക്കപ്പെട്ടുവെന്നുറപ്പിക്കാം.
മുപ്പത്തിമൂന്നുകാരനായ ചാഹലും ഇരുപത്തിമൂന്നുകാരനായ ബിഷ്‌ണോയിയും തമ്മിലുള്ള പത്തുവര്‍ഷത്തെ പ്രായവ്യത്യാസം മാത്രമല്ല ബോര്‍ഡിനെ ഇത്തരത്തില്‍ ചിന്തിപ്പിച്ചത്. സ്ഥിതിവിവരക്കണക്കുകളിലും ബിഷ്‌ണോയ് തന്നെയാണ് കേമന്‍ എന്നത് ശ്രദ്ധിച്ചാല്‍ മനസിലാക്കാം. കഴിഞ്ഞ വര്‍ഷം ചാഹല്‍ ആകെ കളിച്ചത് വെറും ഒമ്പത് ട്വന്റി 20 മത്സരങ്ങളാണ്. നേടിയത് ഒമ്പത് വിക്കറ്റുകളും. അതേസമയം 2023-ല്‍ 11 മത്സരങ്ങളില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ ബിഷ്‌ണോയി 18 വിക്കറ്റുകളുമായി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
ഈ വര്‍ഷം ആദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നു മത്സര പരമ്പരയില്‍ ബിഷ്‌ണോയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് അഫ്ഗാനെതിരേ നടന്ന രണ്ടു മത്സരങ്ങളില്‍ കളിച്ച ബിഷ്‌ണോയ് രണ്ടു വിക്കറ്റ് നേടിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ ചാഹലിനെ ടീമിലേക്ക് പരിഗണിച്ചതുമില്ല. ഇനി ലോകകപ്പിന് മുമ്പായി അതിനുള്ള സാധ്യത ലവലേശവുമില്ല. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന പരമ്പരയിലൂടെയാണ് ബിഷ്‌ണോയ് ഇന്ത്യയുടെ പ്രധാന സ്പിന്നര്‍മാരിലൊരാളായി ഉയര്‍ന്നുവന്നത്.
ഓസീസിനെതിരേ അഞ്ചു മത്സരങ്ങളില്‍ നിന്ന് ഒമ്പതു വിക്കറ്റ് നേടിയ പരമ്പരയുടെ താരമായ ബിഷ്‌ണോയ് അന്നുതന്നെ ലോകകപ്പ് സ്‌ക്വാഡില്‍ ഒരിടം ഉറപ്പാക്കിയിരുന്നു. ഓരോ മത്സരത്തിലും വിക്കറ്റ് നേടാനുള്ള കഴിവിനു പുറമേ ഏതു സാഹചര്യത്തിലും പന്ത് വേഗത്തില്‍ സ്‌കിഡ് ചെയ്യിക്കാനുള്ള മിടുക്കാണ് യുഎസിലെയും കാനഡയിലെയും പിച്ചുകളില്‍ ബിഷ്‌ണോയിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചത്.
ഓസ്‌ട്രേലിയയ്‌ക്കെതിരേ മോശം തുടക്കമായിരുന്നു ബിഷ്‌ണോയിയുടേത്. ആദ്യ മത്സരത്തില്‍ നാലോവറില്‍ 54 റണ്‍സ് വഴങ്ങുകയും രണ്ടു ക്യാച്ച് ഡ്രോപ് ചെയ്യുകയും ചെയ്ത താരത്തിന് ഒരു വിക്കറ്റാണ് നേടാനായത്. ഇതോടെ രണ്ടാം മത്സരത്തില്‍ അവസരം ലഭിക്കുമെന്നു പോലും കരുതിയില്ല. എന്നാല്‍ അടുത്ത മത്സരത്തില്‍ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ്. തൊട്ടടുത്ത മത്സരത്തില്‍ രണ്ടു വിക്കറ്റ്. അവസാന രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്നു വിക്കറ്റ് കൂടി നേടിയതോടെ ആകെ സമ്പാദ്യം ഒമ്പത് വിക്കറ്റ്. പരമ്പരയില്‍ എറിഞ്ഞ 20 ഓവറുകളില്‍ ഏഴെണ്ണം പവര്‍പ്ലേയിലായിരുന്നു. ഈ ഓവറുകളില്‍ 6.45 എന്ന മികച്ച ഇക്കണോമിയില്‍ നേടിയത് അഞ്ചു വിക്കറ്റുകള്‍. അതില്‍ 20 ഡോട്ട് ബോളുകള്‍.
ഓസ്‌ട്രേലിയന്‍ നായകന്‍ മാത്യൂ വേഡിന്റെ ഉള്‍പ്പടെ പ്രശംസ പിടിച്ചുപറ്റിയ പ്രകടനമായിരുന്നു അത്. മികച്ച ഗൂഗ്ലികളും വേഗത്തില്‍ പന്ത് സ്‌കിഡ് ചെയ്യിക്കാനുള്ള കഴിവുമാണ് താരത്തിന്റെ വജ്രായുധങ്ങള്‍. ചാഹലിനെപ്പോലെ മികച്ച ടേണ്‍ ലഭിക്കുന്ന സ്പിന്നറല്ല ബിഷ്‌ണോയി. എന്നാല്‍ വേഗത്തില്‍ പന്ത് സ്‌കിഡ് ചെയ്യിച്ച് ബാറ്റര്‍മാരെ കുഴപ്പിക്കാന്‍ ബിഷ്‌ണോയ്ക്കാകുന്നുണ്ട്. ഇതിഹാസ താരം മുത്തയ്യാ മുരളീധരന്‍ തന്നെ ഇക്കാര്യം അംഗീകരിച്ചിട്ടുള്ളതാണ്.
''മറ്റേത് ലെഗ് സ്പിന്നറെക്കാളും വ്യത്യസ്തനാണ് ബിഷ്‌ണോയ്. അവന്‍ വേഗത്തിലാണ് പന്തെറിയുന്നത്. എന്നിട്ടും പന്ത് സ്‌കിഡ് ചെയ്യിക്കാന്‍ പ്രത്യേക മിടുക്കാണ്. ഇതാണ് അവനെ നേരിടാന്‍ ബാറ്റര്‍മാര്‍ക്ക് പ്രയാസം നേരിടുന്നത്.''- മുരളീധരന്‍ പറഞ്ഞു. ഇന്ത്യക്കു വേണ്ടി ഇതുവരെ വെറും 23 ടി20 മത്സരങ്ങളാണ് ബിഷ്‌ണോയ് കളിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് 36 വിക്കറ്റുകള്‍ താരം സ്വന്തം പേരിലാക്കിയിട്ടുണ്ട്. വെസ്റ്റിന്‍ഡീസിനെതിരേ 16 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെ ആണെങ്കിലും സ്വന്തം ടീമില്‍ നിന്നു തന്നെ കടുത്ത വെല്ലുവിളിയാകും ബിഷ്‌ണോയ് നേരിടുക. ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഉറപ്പായും ഇടംപിടിക്കുന്ന മറ്റു രണ്ടു സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയുടെയും കുല്‍ദീപ് യാദവിന്റെയും സാന്നിദ്ധ്യം ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാനുള്ള ബിഷ്‌ണോയിയുടെ ശ്രമങ്ങള്‍ക്കു കാഠിന്യമേറ്റും. പക്ഷേ പ്രതലമേതായാലും നൂറുശതമാനം മികവ് പുറത്തെടുക്കാന്‍ അധ്വാനിക്കുന്ന യുവതാരത്തെ ടീം ഇന്ത്യ അങ്ങനെ തഴയില്ലെന്നു പ്രതീക്ഷിക്കാം.