Thank You 'Sir Jadeja'; കോഹ്ലിക്കും രോഹിതിനും പിന്നാലെ രാജ്യാന്തര ടി20യില്‍ നിന്ന് വിരമിച്ച് രവീന്ദ്ര ജഡേജയും

Thank You 'Sir Jadeja'; കോഹ്ലിക്കും രോഹിതിനും പിന്നാലെ രാജ്യാന്തര ടി20യില്‍ നിന്ന് വിരമിച്ച് രവീന്ദ്ര ജഡേജയും

2009-ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ഇന്ത്യന്‍ കുപ്പായത്തില്‍ ജഡേജയുടെ ടി20 അരങ്ങേറ്റം. ഇതുവരെ 74 മത്സരങ്ങളില്‍ കളിച്ച താരം 515 റണ്‍സും 54 വിക്കറ്റുകളും നേടിയിട്ടുണ്ട്.
Updated on
1 min read

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ പിന്നാലെ രാജ്യാന്തര ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും. നേരത്തെ മുന്‍ നായകന്‍ വിരാട് കോഹ്ലി, നായകന്‍ രോഹിത് ശര്‍മ എന്നിവരും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ബാര്‍ബഡോസില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചാണ് ഇന്ത്യ ലോകകിരീടം ചൂടിയത്.

ഫൈനല്‍ മത്സരം പൂര്‍ത്തിയായതിനു പിന്നാലെ തന്നെ കോഹ്ലി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചായിരുന്ന കോഹ്ലി അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കവെയാണ് രാജ്യാന്തര ട്വന്റി 20 അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചത്. പിന്നീട് സമ്മാനദാന ചടങ്ങുകള്‍ക്കു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ രോഹിതും വിരമിക്കല്‍ പ്രഖ്യാപിച്ചു.

ഇന്ന് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയായിരുന്നു ജഡേജയുടെ വിരമിക്കല്‍ പ്രഖ്യാപനം. ''ഹൃദയം നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിനോട് ഞാന്‍ വിടപറയുകയാണ്. അഭിമാനത്തോടെ കുതിച്ചുപായുന്ന കുതിരയെപ്പോലെ. എന്റെ കഴിവിന്റെ ഏറ്റവും മികച്ചത് എല്ലായ്‌പ്പോഴും രാജ്യത്തിനും ടീമിനും നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റു ഫോര്‍മാറ്റുകളില്‍ അത് ഇനിയും തുടരും. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നേടുകയെന്നത് എന്‍െ കരിയറിലെ ഒരു സ്വപ്‌നസാക്ഷാത്കാരമായിരുന്നു. മികച്ച ഓര്‍മകള്‍ക്ക്, ആരവങ്ങള്‍ക്ക്, കലവറയില്ലാത്ത പിന്തുണയ്ക്ക് നന്ദി. ജയ്ഹിന്ദ്'' - ജഡേജ ഇന്‍സ്റ്റയില്‍ കുറിച്ചു.

2009-ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ഇന്ത്യന്‍ കുപ്പായത്തില്‍ ജഡേജയുടെ ടി20 അരങ്ങേറ്റം. ഇതുവരെ 74 മത്സരങ്ങളില്‍ കളിച്ച താരം 515 റണ്‍സും 54 വിക്കറ്റുകളും നേടിയിട്ടുണ്ട്. പുറത്താകാതെ 46 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.

logo
The Fourth
www.thefourthnews.in