'എനിക്ക് എപ്പോഴും കയറിച്ചെല്ലാനാകുന്ന മനുഷ്യൻ'; ധോണിക്ക് പിറന്നാള്‍ ആശംസയുമായി ജഡേജ

'എനിക്ക് എപ്പോഴും കയറിച്ചെല്ലാനാകുന്ന മനുഷ്യൻ'; ധോണിക്ക് പിറന്നാള്‍ ആശംസയുമായി ജഡേജ

2024 ഐപിഎല്ലില്‍ ധോണി കളിക്കുമെന്ന സൂചനയും രവീന്ദ്ര ജഡേജ നല്‍കുന്നു
Updated on
2 min read

ഇന്ത്യന്‍ ക്രിക്കറ്റിന്റെ 'ക്യാപ്റ്റന്‍ കൂളിന്' ഇന്ന് 42ാം പിറന്നാള്‍. സാമൂഹ്യമാധ്യമങ്ങളില്‍ മുഴുവന്‍ ഇന്ന് ധോണിമയമാണ്. എം എസ് ധോണിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. എങ്കിലും ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ വികാരനിര്‍ഭരമായ പോസ്റ്റ് ആണ്. ''എനിക്ക് എപ്പോഴും കടന്നു ചെല്ലാന്‍ കഴിയുന്ന മനുഷ്യന് പിറന്നാള്‍ ആശംസകള്‍'' എന്നാണ് ജഡേജ കുറിച്ചത്.

''2019 മുതല്‍ ഇന്നുവരെ അല്ലെങ്കില്‍ എപ്പോഴും, എനിക്ക് ഏത് സാഹചര്യത്തിലും കടന്ന് ചെല്ലാന്‍ കഴിയുന്ന മനുഷ്യന്‍. മഹി ഭായ്ക്ക് ജന്മദിനാശംസകള്‍. മഞ്ഞക്കുപ്പായത്തില്‍ ഉടന്‍ കാണാം.'' -ജഡേജ പറഞ്ഞു. ഐപിഎല്ലിനിടെ ധോണിയെ കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രത്തോടെയാണ് ജഡേജ പോസ്റ്റ് പങ്കുവച്ചത്. താരത്തിൻ്റെ പോസ്റ്റ് വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുത്തത്. ധോണിക്കും ജഡേജയ്ക്കുമിടയില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് താരത്തിന്റെ ആശംസാ പോസ്റ്റ്.

ധോണിക്ക് ആശംസകളുമായി നിരവധി താരങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്

കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടമുയര്‍ത്തിയപ്പോള്‍ ഫൈനലില്‍ ജഡേജയുടെ പങ്ക് നിര്‍ണായകമായിരുന്നു. അന്ന് ധോണി ജഡേജയെ എടുത്തുയര്‍ത്തുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചു. കിരീടം ഏറ്റുവാങ്ങാന്‍ പോകുമ്പോഴും ധോണി ജഡേജയെ ഒപ്പം കൂട്ടിയിരുന്നു. അതിനുശേഷവും ഇരുവര്‍ക്കും ഇടയിലെ അഭിപ്രായ ഭിന്നതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. കൂടാതെ ധോണി ഐപിഎല്‍ 2024ല്‍ കളിക്കുമോ എന്ന ആശങ്കയും ആരാധകര്‍ക്കിടയിലുണ്ട്. ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കും ജഡേജ താല്ക്കാലിക ആശ്വാസം പകരുന്നു. അടുത്ത സീസണില്‍ ധോണി ഉണ്ടാകുമെന്ന സൂചനകൂടി പോസ്റ്റ് നല്‍കുന്നുണ്ട്.

ധോണിക്ക് ആശംസകളുമായി നിരവധി താരങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഋഷഭ് പന്ത് ധോണിക്ക് വേണ്ടി കേക്ക് മുറിച്ചാണ് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ''പിറന്നാള്‍ ആശംസകള്‍ മഹി ഭായ്. നിങ്ങള്‍ ഇവിടെ ഇല്ലെങ്കിലും ഞാൻ നിങ്ങള്‍ക്ക് വേണ്ടി കേക്ക് മുറിക്കുകയാണ്,'' അദ്ദേഹം കേക്ക് മുറിക്കുന്ന ചിത്രത്തോടൊപ്പം കുറിച്ചു. 'എനിക്ക് പ്രീയപ്പെട്ട ആള്‍ക്ക് പിറന്നാള്‍ ആശംസകള്‍' എന്ന അടിക്കുറിപ്പോടെ ഹാര്‍ദ്ദിക് പാണ്ഡ്യ തലയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു. വലിയ കുറിപ്പോടെയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന ധോണിക്ക് ആശംസ അറിയിച്ചത്. ''എന്റെ മൂത്ത സഹോദരന് പിറന്നാള്‍ ആശംസകള്‍. ഞങ്ങള്‍ തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്, പിച്ച് പങ്കിടുന്നത് മുതല്‍ സ്വപ്നങ്ങള്‍ പങ്കുവയ്ക്കുന്നത് വരെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഒരു നേതാവായും സുഹൃത്തായും നിങ്ങളെനിക്ക് വഴികാട്ടിയായി. വരാനിരിക്കുന്ന വര്‍ഷം നിങ്ങള്‍ക്ക് സന്തോഷവും വിജയവും ആരോഗ്യവും നല്‍കട്ടെ. തിളങ്ങിക്കൊണ്ടിരിക്കുക, നയിക്കുക , നിങ്ങളുടെ മാന്ത്രികത എല്ലായിടത്തും എത്തിക്കുക,'' മനോഹരമായ വീഡിയോയ്‌ക്കൊപ്പം റെയ്‌ന കുറിച്ചു.

ക്യാപ്റ്റന്‍, ലീഡര്‍, ഇതിഹാസം എന്നീ തലക്കെട്ടോടെയാണ് ബിസിസിഐ മുന്‍ നായകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ആരാധകര്‍ക്കുള്ള പിറന്നാള്‍ ട്രീറ്റ് ആയി ധോണിയുടെ മികച്ച പ്രകടനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 70 സെക്കന്റുള്ള വീഡിയോയും ബിസിസിഐ അതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഫീഷ്യല്‍ പേജ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, മായങ്ക് അഗര്‍വാള്‍, റോബിന്‍ ഉത്തപ്പ തുടങ്ങി നിരവധി സഹതാരങ്ങള്‍ ധോണിയെ ആശംസ അറിയിച്ചു.

logo
The Fourth
www.thefourthnews.in