വിജയവഴിയില്‍ ആര്‍സിബി; യു പി വാരിയേഴ്‌സിനെ തോല്‍പ്പിച്ച് പ്ലേഓഫ് സാധ്യത നിലനിര്‍ത്തി

വിജയവഴിയില്‍ ആര്‍സിബി; യു പി വാരിയേഴ്‌സിനെ തോല്‍പ്പിച്ച് പ്ലേഓഫ് സാധ്യത നിലനിര്‍ത്തി

പരുക്ക് മാറി ടീമിലേക്ക് തിരിച്ച് വന്ന കനിക അഹൂജയുടെ ബാറ്റിങ്ങിലെ മിന്നുന്ന പ്രകടനത്തിലൂടെ 18 ഓവറില്‍ ആര്‍സിബി വിജയലക്ഷ്യം മറികടന്നു
Updated on
2 min read

ജീവന്മരണ പോരാട്ടത്തില്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. വനിതാ പ്രീമിയർ ലീഗില്‍ യു പി വാരിയേഴ്‌സിനെതിരെ അഞ്ച് വിക്കറ്റിനാണ് ആര്‍സിബിയുടെ വിജയം. ആദ്യ അഞ്ച് മത്സരങ്ങളും തോറ്റ ബാംഗ്ലൂര്‍ ഈ ജയത്തിലൂടെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. 135 റണ്‍സിന് യുപിയെ പുറത്താക്കി ബൗളർമാരാണ് ആര്‍സിബി വിജയത്തിന് ചുക്കാൻ പിടിച്ചത്. എല്‍സി പെറി മൂന്ന് വിക്കറ്റും സോഫി ഡിവൈനും ശോഭന ആശയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. പരുക്ക് മാറി ടീമിലേക്ക് തിരിച്ച് വന്ന കനിക അഹൂജയുടെ ബാറ്റിങ്ങിലെ മിന്നുന്ന പ്രകടനത്തിലൂടെ 18 ഓവറില്‍ ആര്‍സിബി വിജയലക്ഷ്യം മറികടന്നു. കനികയാണ് പ്ലെയർ ഓഫ് ദ മാച്ച്.

ടോസ് നേടിയ ആര്‍സിബി നായിക സ്മൃതി മന്ദാന യുപി വാരിയേഴ്‌സിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ആദ്യ ഓവറില്‍ യുപിയുടെ രണ്ട് വിക്കറ്റ് തെറിപ്പിച്ച്, സോഫി ഡിവൈന്‍ എതിരാളികള്‍ക്ക് വലിയ തിരിച്ചടി നല്‍കി. റണ്ണെടുക്കും മുൻപ് ഓപ്പണറായ ദേവികാ വൈദ്യയെ വിക്കറ്റിന് മുന്നിൽ കുരുക്കിയ ഡിവൈന്‍ പിന്നാലെ എലീസ ഹീലിയുടെ(1) വിക്കറ്റും വീഴ്ത്തി. താലിയ മഗ്രാത്തും (2) സിമ്രാന്‍ ഷെയ്ഖും (2) വലിയ സംഭാവനകളൊന്നും നല്‍കാതെ കൂടാരം കയറി. കിരണ്‍ നവ്ഗിരെ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും 24 പന്തില്‍ 22 റണ്‍സുമായി പുറത്തായി. ശോഭനയുടെ പന്തില്‍ റിച്ചാ ഘോഷിന്റെ കൈകളിലായിരുന്നു നവ്ഗിരെയുടെ മടക്കം.

റിച്ചാഘോഷിന്റെ പിഴവില്‍ നിന്ന് ആയുസ് നീട്ടിക്കിട്ടിയ ഗ്രേസ് ഹാരിസാണ് യുപിയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. മധ്യ നിരയില്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ ഗ്രേസിന് മികച്ച പിന്തുണ നൽകി. 19 പന്തില്‍ നാല് ബൗണ്ടറികളുമായി 22 റണ്‍സെടുത്ത ദീപ്തിയെ പുറത്താക്കി എല്‍സി പെറി ആ കൂട്ടുകെട്ട് പിരിച്ചു. തൊട്ടുപിന്നാലെ യുപിയുടെ ടോപ് സ്‌കോറര്‍ ഗ്രേസിനെയും എല്‍സി പുറത്താക്കി. അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സുമടക്കം 32 പന്തില്‍ നിന്ന് 46 റണ്‍സാണ് ഗ്രേസ് നേടിയത്. ശ്വേതാ സെഹ്‌രാവത്തും(6) അഞ്ജലി സര്‍വാണിയും(2) സോഫി എക്ലെസ്റ്റോണും(12) പുറത്തായതോടെ 135 റണ്‍സില്‍ യുപി ഇന്നിങ്‌സിന് വിരാമമിട്ടു. നാല് ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്ത് എല്‍സി പെറി മൂന്ന് വിക്കറ്റ് വീഴ്ത്തി. സോഫിയും ശോഭനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സോഫി ഡിവൈന്‍ നല്ല തുടക്കം നല്‍കാന്‍ ശ്രമിച്ചെങ്കിലും ഗ്രേസിന്റെ പന്തില്‍ മഗ്രാത്ത് ക്യാച്ച് എടുത്ത് പുറത്താക്കി. നായിക മന്ദാന ഇത്തവണയും മോശം ഫോമിലായിരുന്നു. ദീപ്തി ശര്‍മ മന്ദാനയെ റണ്ണൊന്നുമെടുക്കുന്നതിന് മുൻപ് പുറത്താക്കി. എല്‍സി പെറിയെ (10) പുറത്താക്കി ദീപ്തി തന്റെ രണ്ടാം വിക്കറ്റും വീഴ്ത്തി. ബാംഗ്ലൂരിന്റെ സ്‌കോറിങ്ങിന് നങ്കൂരമിടാന്‍ ശ്രമിച്ച ഹേതര്‍ നൈറ്റിന്റെ ഇന്നിങ്‌സിന്റെ അന്ത്യവും ദീപ്തി ശര്‍മയുടെ പന്തില്‍ തന്നെയായിരുന്നു. അഞ്ച് ബൗണ്ടറികള്‍ പായിച്ച് 21 പന്തില്‍ 24 റണ്‍സ് അടിച്ച ഹേതറിനെ നവ്ഗിരെ ക്യാച്ച് എടുത്ത് പുറത്താക്കുകയായിരുന്നു.

ടോപ് ഓര്‍ഡറിന്റെ തകര്‍ച്ചയ്ക്ക് ശേഷം മധ്യ നിരയില്‍ കനിക അഹൂജ ആഞ്ഞടിച്ചതോടെ ബാംഗ്ലൂര്‍ വിജയ വഴിയിലേക്കെത്തി. റിച്ച ഘോഷുമായി കൈകോര്‍ത്ത് ബാംഗ്ലൂരിനെ 120 എന്ന സ്‌കോറിലെത്തിച്ചാണ് കനിക പുറത്താകുന്നത്. 30 പന്തില്‍ ഒരു സിക്‌സും എട്ട് ബൗണ്ടറികളും പായിച്ച് 46 റണ്‍സെടുത്ത കനികയെ എക്ലെസ്റ്റണ്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. പുറത്താകാതെ നിന്ന റിച്ച ഘോഷും (32 പന്തില്‍ 31) ശ്രേയങ്ക പാട്ടീലും (5) ബൗണ്ടറികളും സിക്‌സും പറത്തി ബാംഗ്ലൂരിനെ രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ ജയത്തിലേക്കെത്തിച്ചു.

logo
The Fourth
www.thefourthnews.in