ഋഷഭ് പന്ത് ഇന്ത്യയ്ക്കായി കളിക്കാൻ രണ്ട് വർഷമെങ്കിലും വേണ്ടിവരുമെന്ന് സൗരവ് ഗാംഗുലി
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ഇന്ത്യയ്ക്കുവേണ്ടി ഇനി കളത്തിലിറങ്ങാന്‍ രണ്ട് വര്‍ഷമെങ്കിലും സമയമെടുക്കുമെന്ന് ബിസിസിഐ മുന്‍ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഋഷഭ് ഇപ്പോള്‍ ചികിത്സയിലാണ്.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‌റെ ഭാഗമായ ഋഷഭ് പന്തിന് പകരക്കാരനെ ടീം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഋഷഭിന്‌റെ പകരക്കാരനെ കണ്ടെത്തുക ശ്രമകരമായ ജോലിയെന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന്‌റെ മാനേജ്‌മെന്‌റിന്‌റെ ഭാഗമായ ഗാംഗുലി പറഞ്ഞു. ''അപകടത്തിന് ശേഷം താന്‍ പന്തുമായി രണ്ട് തവണ സംസാരിച്ചിരുന്നു. ജീവിതത്തിലെ കഠിന കാലഘട്ടമാണിത്. ഇന്ത്യൻ ടീമിൽ പന്തിന്റെ വിടവ് നികത്തുക ഏറെ പ്രയാസകരമാണ്. ഒരു വര്‍ഷമോ ചിലപ്പോള്‍ രണ്ട് വര്‍ഷത്തോളമോ സമയം വേണ്ടി വരും തിരിച്ചു വരവിന്.'' ഗാംഗുലി പറഞ്ഞു.
അഭിഷേക് പോറലിനും ഷെല്‍ഡണ്‍ ജാക്സണിനോ ആയിരിക്കും ഋഷഭിന് പകരമായി ഡല്‍ഹി ടീമില്‍ അവസരം ലഭിക്കുക എന്നാണ് സൂചന. ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം നല്‍കാന്‍ ഗാംഗുലി തയ്യാറായില്ല. തീരുമാനമെടുക്കാന്‍ കുറച്ചു കൂടി സമയം ആവശ്യമാണെന്നാണ് ഗംഗുലിയുടെ വിശദീകരണം. ഒരു ക്യാപ്റ്റനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഡേവിഡ് വാര്‍ണറുടെ പേരാണ് പ്രധാനമായും ഉയര്‍ന്നുവരുന്നത്. വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള അദ്ദേഹം ഈ സ്ഥാനത്തിരിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷം അവസാനമാണ് ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരുക്കേറ്റത്.ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയിലെ ഹമ്മദ്പൂര്‍ ഝാലിന് സമീപമാണ് ഋഷഭ് പന്ത് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. ഉത്തരാഖണ്ഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്.