'ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല'; രോഹിത്തിനും കോഹ്‌ലിക്കും വിശ്രമമനുവദിച്ചതില്‍ ആരാധകരോഷം
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയും പുറത്തിരുത്തിയതില്‍ വിമര്‍ശനവുമായി ആരാധകര്‍. ഇരുവരെയും പുറത്തിരുത്തിയതുകൊണ്ട് ഒരു കാര്യമില്ലെന്നാണ് ആരാധകരുടെ വാദം. നിര്‍ണായക മത്സരത്തില്‍ രോഹിത്തിനും കോഹ്‌ലിക്കും വിശ്രമം അനുവദിച്ചത് ടീമിന് തിരിച്ചടിയായെന്ന് ആരാധകര്‍ പറയുന്നു. രോഹിത്തും കോഹ്‌ലിയില്ലാത്ത ഈ മത്സരത്തില്‍ ബിസിസിഐ പരാജയം അര്‍ഹിക്കുന്നുവെന്നും രാഹുല്‍ ദ്രാവിഡിനെ എത്രയും വേഗം പുറത്താക്കണമെന്നുമാണ് ചിലരുടെ ആവശ്യം.
രോഹിത്തിന്റെ അഭാവത്തില്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിച്ചത്. ''രോഹിത്തും കോഹ്ലിയും തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്നതിനാല്‍ അവര്‍ക്ക് വിശ്രമമനുവദിച്ചിരിക്കുകയാണ്. അടുത്ത മത്സരത്തില്‍ അവര്‍ കൂടുതല്‍ തിളക്കത്തോടെ തിരിച്ചുവരും. അവര്‍ക്ക് പകരം സഞ്ജുവും അക്സറും ഇറങ്ങും'' ടോസിനിടെ ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു. അക്‌സര്‍ പട്ടേലും മലയാളി താരം സഞ്ജു സാംസണും ഇരുവര്‍ക്കും പകരക്കാരായി ഇറങ്ങിയെങ്കിലും ഫലമില്ലാതെ വന്നതോടെയാണ് ബിസിസിഐയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശകര്‍ ഇറങ്ങിയത്. യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കാന്‍ വിന്‍ഡീസിനെതിരായ ഏകദിന ടീമില്‍ വലിയ അഴിച്ചുപണി നടത്തുമെന്ന് രോഹിത് ശര്‍മ മുന്‍പേ അറിയിച്ചിരുന്നു. അതിന്റെ ഭാഗമായാണ് മുന്‍നിര താരങ്ങള്‍ക്ക് വിശ്രമമനുവദിച്ചുകൊണ്ട് സഞ്ജു സാംസണും അക്‌സര്‍ പട്ടേലിനും അവസരം നല്‍കിയത്. എന്നാല്‍ ഇരുവര്‍ക്കും ബാറ്റിങ്ങില്‍ കിട്ടിയ അവസരം വിനിയോഗിക്കാന്‍ കഴിഞ്ഞില്ല. 19 പന്തില്‍ വെറും ഒന്‍പത് റണ്‍സെടുത്താണ് സഞ്ജു കളം വിട്ടത്. അക്‌സറിനാകട്ടെ എട്ട് പന്തില്‍ ഒറ്റ റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. അതിനാല്‍ രോഹിത്തിനെയും കോഹ്‌ലിയെയും മാറ്റി നിര്‍ത്തിയതുകൊണ്ട് ഒരു കാര്യവും ഉണ്ടായില്ലെന്ന് ആരാധകര്‍ പറയുന്നു.
'കോഹ്‌ലിയില്ലാതെ മാച്ച് കണ്ടതുകൊണ്ട് ഒരു കാര്യവുമില്ല, ഏകദിനത്തിലും ടെസ്റ്റിലും ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പറഞ്ഞ് അവര്‍ അദ്ദേഹത്തെ ടി20യില്‍ നിന്ന് മാറ്റി നിര്‍ത്തി. ഇപ്പോള്‍ ഏകദിനത്തിലും വിശ്രമമനുവദിക്കുന്നു. കോമാളി മാനേജ്‌മെന്റ്'- ആരാധകര്‍ ട്വീറ്റ് ചെയ്യുന്നു. രോഹിത്തും കോഹ്‌ലിയുമില്ലാത്ത മത്സരങ്ങള്‍ വിരസമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ ഇന്ന് കോഹ്‌ലി കളിക്കാത്തതിനാല്‍ എല്ലാവരും പെട്ടെന്ന് ഉറങ്ങിക്കോളൂ എന്ന് മറ്റൊരാള്‍ പറയുന്നു.