രോഹിതിനും ജഡേജയ്ക്കും സെഞ്ചുറി, തിളങ്ങി സർഫറാസും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 326-5 എന്ന നിലയിലാണ്. സെഞ്ചുറി നേടിയ നായകന്‍ രോഹിത് ശർമ (131), രവീന്ദ്ര ജഡേജ (110*), സർഫറാസ് ഖാന്‍(62) എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യക്ക് ആദ്യ ദിനം ആധിപത്യം സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഓപ്പണർ യശസ്വി ജയ്സ്വാള്‍ (10), ശുഭ്മാന്‍ ഗില്‍ (0), രജത് പാട്ടിദാർ (5) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി 33-3 എന്ന നിലയിലേക്ക് ഇന്ത്യ ആദ്യ മണിക്കൂറില്‍ തന്നെ വീണിരുന്നു. കന്നിക്കാരായ സർഫറാസ് ഖാനും ധ്രൂവ് ജൂറലിനും പകരം രവീന്ദ്ര ജഡേജയാണ് അഞ്ചാമനായെത്തിയത്. രോഹിതും ജഡേജയും ചേർന്ന കരുതലോടെ ഇന്നിങ്സിനെ മുന്നോട്ട് നയിക്കുന്നതാണ് രാജ്കോട്ടില്‍ പിന്നീട് കണ്ടത്.
തുടക്കത്തിലെ ക്യാച്ച് വിട്ടുകളഞ്ഞ് രോഹിതിന് റൂട്ട് ലൈഫ് നല്‍കിയിരുന്നു. 71 പന്തുകളില്‍ നിന്നാണ് രോഹിത് അർധ സെഞ്ചുറി കുറിച്ചത്. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 93-3 എന്ന ഭേദപ്പെട്ട നിലയിലേക്ക് എത്തിയിരുന്നു. രണ്ടാം സെഷനിലും രോഹിത് - ജഡേജ ആധിപത്യം തുടർന്നു. രണ്ടാം സെഷന്റെ നിർണായകമായ ആദ്യ മണിക്കൂറില്‍ മാർക്ക് വുഡിന്റേയും ജെയിംസ് ആന്‍ഡേഴ്സണിന്റേയും ടോം ഹാർട്ട്ലിയുടേയും ഓവറുകള്‍ ഇരുവരും അതിജീവിച്ചു.
വൈകാതെ തന്നെ സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള ശ്രമങ്ങള്‍ ഇരുവരും ആരംഭിച്ചു. 97 പന്തിലായിരുന്നു ജഡേജ അർധ ശതകത്തിലേക്ക് എത്തിയത്. രണ്ടാം സെഷന്‍ പൂർത്തിയാകുമ്പോള്‍ ഇന്ത്യ 185-3 എന്ന ഭദ്രമായ നിലയിലേക്ക് എത്തി. വിക്കറ്റ് നഷ്ടപ്പെടാതെ 92 റണ്‍സായിരുന്നു സെഷനില്‍ പിറന്നത്. പരമ്പരയിലാദ്യമായാണ് വിക്കറ്റ് വീഴാത്ത ഒരു സെഷനുണ്ടായത്.
മൂന്നാം സെഷന്റെ ആദ്യ ഓവറില്‍ തന്നെ രോഹിത് തന്റെ സെഞ്ചുറി പൂർത്തിയാകുകയും ചെയ്തു. 157 പന്തില്‍ നിന്നായിരുന്നു രോഹിത് മൂന്നക്കം തൊട്ടത്. ടെസ്റ്റ് കരിയറിലെ പതിനൊന്നാമത്തേതും അന്താരാഷ്ട്ര ക്രിക്കറ്റിലെ 47-ാം സെഞ്ചുറിയും രാജ്കോട്ടില്‍ പിറന്നു. ശതകം പൂർത്തിയാക്കിയതിന് ശേഷം ആക്രമണശൈലി സ്വീകരിച്ച രോഹിതിനെ ഷോർട്ട് ബോള്‍ തന്ത്രത്തിലായിരുന്നു ഇംഗ്ലണ്ട് വീഴ്ത്തിയത്. 196 പന്തില്‍ 14 ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ 131 റണ്‍സാണ് താരം നേടിയത്.
അരങ്ങേറ്റ മത്സരത്തിനിറങ്ങിയ സർഫറാസ് ഖാന്റെ തനതുശൈലിയിലുള്ള ബാറ്റിങ്ങിനായിരുന്നു പിന്നീട് രാജ്കോട്ട് സാക്ഷ്യം വഹിച്ചത്. ഇംഗ്ലണ്ട് സ്പിന്നർമാരെയും പേസർമാരെയും കണക്കിന് പ്രഹരിച്ച സർഫറാസ് 48 പന്തില്‍ അർധസെഞ്ചുറി നേടി. കൂട്ടുകെട്ടില്‍ ജഡേജയ്ക്ക് കാഴ്ചക്കാരന്റെ റോള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അരങ്ങേറ്റ മത്സരത്തില്‍ വേഗമേറിയ അർധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനും സർഫറാസിന് കഴിഞ്ഞു.
സെഞ്ചുറിക്കായുള്ള ജഡേജയുടെ ശ്രമത്തിനിടെയാണ് സർഫറാസ് റണ്ണൗട്ടായത്. 66 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്സും ഉള്‍പ്പടെ 62 റണ്‍സാണ് സർഫറാസിന്റെ നേട്ടം. താരം പുറത്തായതിന് പിന്നാലെ തന്നെ ജഡേജ സെഞ്ചുറി തികയ്ക്കുകയും ചെയ്തു. താരത്തിന്റെ ടെസ്റ്റ് കരിയറിലെ നാലാം സെഞ്ചുറിയാണിത്. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ 110 റണ്‍സോടെ ജഡേജയും കുല്‍ദീപ് യാദവുമാണ് (1) ക്രീസില്‍.