ഐസിസി ടെസ്റ്റ് റാങ്കിങ്: ഋഷഭ് പന്ത് ടോപ് ടെന്നില്‍, രോഹിതിനും കോഹ്ലിക്കും തിരിച്ചടി

ഐസിസി ടെസ്റ്റ് റാങ്കിങ്: ഋഷഭ് പന്ത് ടോപ് ടെന്നില്‍, രോഹിതിനും കോഹ്ലിക്കും തിരിച്ചടി

ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്റ്റര്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിനും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും തങ്ങളുടെ സ്ഥാനങ്ങള്‍ നിലനിര്‍ത്തി
Updated on
1 min read

ഇന്നു പുറത്തുവിട്ട പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കും മുന്‍ നായകന്‍ വിരാട് കോഹ്ലിക്കും തിരിച്ചടി. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മോശം പ്രകടനത്തിനു പിന്നാലെ അഞ്ച് സ്ഥാനം താഴേക്കിറങ്ങി രോഹിത് റാങ്കിങ്ങില്‍ പത്താം സ്ഥാനത്തേക്കു വീണപ്പോള്‍ കോഹ്ലി ആദ്യ പത്തില്‍ നിന്നു തന്നെ പുറത്തായി. പുതിയ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് കോഹ്ലി.

അതേസമയം ചെന്നൈയില്‍ ബംഗ്ലാദേശിനെതിരേ തകര്‍പ്പന്‍ പ്രകടനവുമായി തിളങ്ങിയ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് മികച്ച നേട്ടമാണ് റാങ്കിങ്ങില്‍ കൈവരിച്ചത്. ഒന്നര വര്‍ഷത്തിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഋഷഭ് തകര്‍പ്പന്‍ സെഞ്ചുറിയുമായാണ് തിളങ്ങിയത്. ആ പ്രകടനം റാങ്കിങ്ങില്‍ ആറാം സ്ഥാനത്തെത്താനും ഋഷഭിനെ തുണച്ചു.

ബാറ്റര്‍മാരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ആദ്യ പത്തില്‍ ഉള്ളത്. രോഹിതിനും ഋഷഭിനും പുറമേ അഞ്ചാം റാങ്കിലുള്ള യുവതാരം യശ്വസി ജയ്‌സ്വാളാണ് ടോപ് ടെന്നില്‍ മികച്ച റാങ്കിങ്ങിലുള്ള ഇന്ത്യന്‍ താരം. പട്ടികയില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് ഒന്നാമന്‍. ന്യൂസിലന്‍ഡ് താരങ്ങളായ കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഓസീസ് മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്താണ് നാലാമന്‍.

ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്റ്റര്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിനും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും തങ്ങളുടെ സ്ഥാനങ്ങള്‍ നിലനിര്‍ത്തി. 871 റേറ്റിങ് പോയിന്റുമായി അശ്വിന്‍ ഒന്നാം സ്ഥാനത്തും 854 റേറ്റിങ് പോയിന്റുമായി ബുംറ രണ്ടാം സ്ഥാനത്തുമുണ്ട്. ഓസീസ് താരങ്ങളായ ജോഷ് ഹേസില്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്തുണ്ട്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ബൗളര്‍മാരില്‍ ആദ്യ പത്തില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ താരം.

ടീം റാങ്കിങ്ങില്‍ ഓസ്‌ട്രേലിയ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 30 മത്സരങ്ങളില്‍ നിന്ന് 3715 പോയിന്റുകളുമായി 124 റേറ്റിങ്ങിലാണ് കംഗാരുപ്പട തലപ്പത്ത് തുടരുന്നത്. 120 റേറ്റിങ് പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്തും 108 റേറ്റിങ് പോയിന്റുള്ള ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുമുണ്ട്. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നീ ടീമുകളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.

logo
The Fourth
www.thefourthnews.in