രോഹിത് ശർമ: എ റിവഞ്ച് ഓണ്‍ ടൈം

സ്റ്റോയിനിസിന്റെ ഓവറില്‍ വന്ന പുള്ളും എക്സ്‌ട്രാ കവറിന് മുകളിലൂടെയുള്ള മനോഹരമായ ലോഫ്റ്റഡ് ഷോട്ടും സ്റ്റാൻഡ് ആൻഡ് ഡെലിവർ എന്ന പ്രയോഗത്തിന്റെ ക്ലാസിക്ക് ഉദാഹരണങ്ങളായിരുന്നു

അയാള്‍ക്കൊരു കടം വീട്ടാനുണ്ടായിരുന്നു. 2023 നവംബർ 19ന് അഹമ്മദാബാദിലെ ജനലക്ഷത്തിന് മുന്നില്‍ വീണ കണ്ണീരിന് സെന്റ് ലൂഷ്യയില്‍ ഒരു പരിഹാരം. ഇന്ത്യയെ തോല്‍പ്പിക്കാൻ തങ്ങളേക്കാള്‍ മികച്ച ടീമില്ലെന്ന ഓസീസ് നായകൻ മിച്ചല്‍ മാർഷിന്റെ ആത്മവിശ്വാസത്തിനൊരു മറുപടി. കാറ്റിനേയും മഴയേയും ജയിച്ച ഒരു ഇന്നിങ്സ്. രോഹിത് ശർമ, എ റിവഞ്ച് ഓണ്‍ ടൈം.

നാണയഭാഗ്യം തുണയ്ക്കാത്തിടത്ത്, പരിചിതമല്ലാത്ത വിക്കറ്റില്‍ രോഹിത് പോസീറ്റിവായിരുന്നു. ഒന്നരപതിറ്റാണ്ടോളമായി ഒപ്പം നിന്ന് പൊരുതിയവൻ രണ്ടാം ഓവറില്‍ കൂടാരം കയറിയപ്പോഴും പതുങ്ങാൻ ഒരുക്കമായിരുന്നില്ല. ലോകകപ്പ് ചരിത്രം കണ്ട ഏറ്റവും മികച്ച ഇടം കയ്യൻ പേസർ മിച്ചല്‍ സ്റ്റാർക്കിന്റെ രണ്ടാം ഓവറില്‍ നാല് സിക്സറടക്കം 29 റണ്‍സ്. ഹേസല്‍വുഡിന് അർഹിച്ച ബഹുമാനം. പാറ്റ് കമ്മിൻസിനെ വരവേറ്റത് 100 മീറ്റർ താണ്ടിയ സിക്സുമായി, ട്വന്റി 20 ക്രിക്കറ്റില്‍ സിക്സറുകളില്‍ ഡബിള്‍ സെഞ്ചുറി.

രോഹിത് ശർമ: എ റിവഞ്ച് ഓണ്‍ ടൈം
പ്രകടനത്തിലും കണക്കുകളിലും ഒന്നാമന്‍; ആ നായകപദവി സഞ്ജു അര്‍ഹിക്കുന്നില്ലേ?

ഒഴുക്കുതടയാൻ എത്തിയ മഴയ്ക്കും സെന്‌റ് ലൂഷ്യയില്‍ ആഞ്ഞുവീശിയ കാറ്റിനും തടുക്കാനായില്ല. ഇന്ത്യൻ സ്കോർ 52 ലെത്തിയപ്പോള്‍ രോഹിത് അർധ സെഞ്ചുറി തൊട്ടിരുന്നു. സ്റ്റോയിനിസിന്റെ ഓവറില്‍ വന്ന പുള്ളും എക്സ്‌ട്രാ കവറിന് മുകളിലൂടെയുള്ള മനോഹരമായ ലോഫ്റ്റഡ് ഷോട്ടും സ്റ്റാൻഡ് ആൻഡ് ഡെലിവർ എന്ന പ്രയോഗത്തിന്റെ ക്ലാസിക്ക് ഉദാഹരണങ്ങളായിരുന്നു.

പേരുകേട്ട ഓസീസ് പേസ്‌പടയെ തെറ്റുകള്‍ നിരന്തരം ആവർത്തിക്കാൻ പ്രേരിപ്പിച്ചു രോഹിതിന്റെ ഇന്നിങ്സ്. ഒടുവില്‍ രോഹിതിന്റെ കണക്കുകൂട്ടലുകള്‍ സ്റ്റാർക്ക് തന്നെ തെറ്റിച്ചു. 41 പന്തില്‍ 92 റണ്‍സ്. ഏഴ് ഫോറും എട്ട് സിക്സും. അസാധാരണമായ ടൈംമിങ്ങും റീഡിങ്ങും കണ്ട ബാറ്റിങ് വിരുന്ന്. ഒരു കൂറ്റൻ സ്കോറിന് നിലമൊരുക്കിയായിരുന്നു രോഹിത് മടങ്ങിയത്.

രോഹിത് വീണിടത്ത് നിന്നായിരുന്നു ഓസ്ട്രേലിയയുടെ തിരിച്ചുവരവ്. പക്ഷേ, അഹമ്മദാബാദിലെ പോലെ സമ്പൂർണമായൊരു കീഴടങ്ങല്‍ ആവർത്തിച്ചില്ല. ദുബെയും ഹാർദിക്കും സൂര്യയും ചേർന്ന് 200 കടത്തി.

സെമി ഉറപ്പിക്കാൻ വന്ന ഓസ്ട്രേലിയക്ക് അർഷദീപിന്റെ വക ആദ്യ ഷോക്ക്, വാർണറിന്റെ മടക്കം. ട്രാവിസ് ഹെഡിന്റെ ബാറ്റ് ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ വിജയസ്വപ്നങ്ങള്‍ക്ക് മുകളില്‍ നിന്നു. ഒപ്പം മാർഷും ചേർന്നതോടെ ഓസീസ് പിടിമുറുക്കി. പക്ഷേ, രോഹിത് എന്ന നായകന്‍ തന്റെ അസ്ത്രങ്ങള്‍ കാത്തുവെച്ചിരുന്നു. കുല്‍ദീപിന്റെ പന്തില്‍ മാർഷിനെ കൈപ്പിടിയിലൊതുക്കി അക്സർ അത്ഭുതപ്പെടുത്തി.

രോഹിത് ശർമ: എ റിവഞ്ച് ഓണ്‍ ടൈം
കളിയാക്കലില്‍ നിന്ന് കൈയടിയിലേക്ക്; ഹാർദിക്കിന്റെ 'പ്രതികാരം'

റണ്ണൊഴിക്കിനെ തടയാൻ അത് മതിയായില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ മാക്‌സ്‌വെൽ തന്റെ വരവ് എന്തിനാണെന്ന് അറിയിച്ചു. സെന്റ് ലൂസ്യയിലെ കാറ്റിന്റെ ഗതിയ്ക്കൊപ്പം ബാറ്റ് വീശിയ ഹെഡിനേയും മാക്സ്‌വെല്ലിനേയും പരീക്ഷിക്കാൻ അക്സർ-കുല്‍ദീപ് ദ്വയത്തെ രോഹിത് ഉപയോഗിച്ചു. ഫലം മാക്‌സ്‌വെല്ലിന്റേയും സ്റ്റോയിനിസിന്റേയും വിക്കറ്റ്. ഇരുവരും എറിഞ്ഞ ഏഴ് ഓവറില്‍ ഓസ്ട്രേലിയക്ക് നേടാനായത് 45 റണ്‍സ്, നഷ്ടമായത് മൂന്ന് വിക്കറ്റ്.

ഗെയിം ചെയിഞ്ചിങ് മൊമന്റ് ഇനിയായിരുന്നു. നാൻ തലയല്ലട തല എടുക്കുറവൻ എന്ന് പറയുന്നതുപോലൊരു നിമിഷം. ഹെഡിന് ജസ്പ്രിത് ബുംറയുടെ കാച്ചിക്കുറുക്കിയുള്ള സ്ലോ ബോള്‍. ബാറ്റ് വെച്ച നിമിഷം ഹെഡിന് മനസിലായിരുന്നു. കാവ്യനീതിപോലെ ആ പന്ത് രോഹിതിന്റെ കൈകളില്‍. ഹെഡിന്റെ മടക്കം രോഹിത് ഉറപ്പാക്കി.

പിന്നീട് തകർന്നടിയുകയായിരുന്നു ഓസ്ട്രേലിയ. ഇന്ത്യ സെമിയിലേക്കുള്ള യാത്രയിലും. 21 റണ്‍സ് ജയം. ഇനി സെമിയില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍. കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇന്ത്യയെ നിഷ്പ്രഭമാക്കിയായിരുന്നു ഇംഗ്ലണ്ടിന്റെ കുതിപ്പ്. കാത്തിരിക്കാം, ഇനിയും കണക്കുകള്‍ ബാക്കിയുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in