ടോസ് ജയിച്ചു, ബാറ്റ് ചെയ്യണോ, ബൗള്‍ ചെയ്യണോ? രോഹിത് മറന്നു പോയി!!!

ടോസ് ജയിച്ചു, ബാറ്റ് ചെയ്യണോ, ബൗള്‍ ചെയ്യണോ? രോഹിത് മറന്നു പോയി!!!

ടോസ് നേടിയ ശേഷം ബാറ്റ് ചെയ്യണോ ബൗള്‍ ചെയ്യണോ എന്ന ടീം മീറ്റിങ് തീരുമാനമാണ് രോഹിത് മറന്നത്.
Updated on
1 min read

ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ തുടക്കത്തില്‍ ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ മറവി. മത്സരത്തില്‍ ടോസ് നേടിയ ശേഷം ബാറ്റ് ചെയ്യണോ ബൗള്‍ ചെയ്യണോ എന്ന ടീം മീറ്റിങ് തീരുമാനമാണ് രോഹിത് മറന്നത്.

ന്യൂസിലന്‍ഡ് നായകന്‍ ടോം ലാഥത്തിനും മാച്ച് റഫറി ജവഗല്‍ ശ്രീനാഥിനുമൊപ്പം ടോസിനിറങ്ങിയ രോഹിതാണ് നാണയം സ്പിന്‍ ചെയ്തത്. ഹെഡ്‌സ് എന്നായിരുന്നു ലാഥം വിളിച്ചത്. എന്നാല്‍ ടെയ്ല്‍സ് വീണതോടെ ടോസ് ഇന്ത്യക്ക്. തുടര്‍ന്ന് ബാറ്റിങ്ങ് ആണോ ബൗളിങ് ആണോ തെരഞ്ഞെടുക്കുന്നത് എന്നു പറയാന്‍ വന്ന രോഹിത് ശര്‍മ തീരുമാനം ഏതെന്നു മറന്ന് അല്‍പനേരം പ്രതികരണമില്ലാതെ ആലോചനയിലാഴ്കുയായിരുന്നു. ഇതു കണ്ട് ലാഥം ചിരിക്കുന്നതും കാണാമായിരുന്നു.

ഒടുവില്‍ ഓര്‍ത്തെടുത്ത രോഹിത് ബൗളിങ് തെരഞ്ഞെടുത്തു. പിന്നീട് കമന്റേറര്‍ രവി ശാസ്ത്രിയുമായി സംസാരിക്കവെ തന്റെ മറവിയുടെ കാരണവും രോഹിത് വ്യക്തമാക്കി. ടീം മീറ്റിങ്ങിനിടയില്‍ നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരുന്നുവെന്നും അതെല്ലാം ഓര്‍മയില്‍ കിടന്നതിനാല്‍ പെട്ടെന്നു തീരുമാനം പറയാന്‍ കഴിഞ്ഞില്ലെന്നുമാണ് രോഹിത് പറഞ്ഞത്.

എന്തായാലും ടോസ് നേടി ഇന്ത്യന്‍ നായകന്‍ കൈക്കൊണ്ട തീരുമാനം ശരിയായെന്നു പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ തെളിയിച്ചു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ അവര്‍ 34.3 ഓവറില്‍ വെറും 108 റണ്‍സിന് എറിഞ്ഞിട്ടു. മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ചേര്‍ന്നാണ് കിവീസിനെ തകര്‍ത്തത്. മുഹമ്മദ് സിറാജ്, ഷാര്‍ദ്ദൂല്‍ താക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മൂന്നു പേര്‍ക്കു മാത്രമാണ് കിവി ബാറ്റിങ് നിരയില്‍ രണ്ടക്കം കടക്കാനായത്. 52 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 36 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് അവരുടെ ടോപ്‌സ്‌കോറര്‍. ഫിലിപ്‌സിനു പുറമേ 39 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 27 റണ്‍സ് നേടിയ മിച്ചല്‍ സാന്റ്‌നര്‍, 30 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 22 റണ്‍സ് നേടിയ മൈക്കല്‍ ബ്രേസ്‌വെല്‍ എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

logo
The Fourth
www.thefourthnews.in